പത്തനംതിട്ട: പിവി അന്‍വറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്റെ വിവാദ ഫോണ്‍ വിളിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വരില്ല. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്. ഇത് വെറും ആരോപണം മാത്രമാകും.

സുജിത് ദാസിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ലെന്നും സൂചനയുണ്ട്. പോലീസിലെ ഭിന്നത രൂക്ഷമകാതിരിക്കാനാണ് ഈ കരുതല്‍. എസ് പി സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താല്‍ എഡിജിപി യെയും മാറ്റേണ്ടിവരും. എഡിജിപി ക്കെതിരെ വന്ന പരാതികള്‍ ഡിജിപി സര്‍ക്കാരിന് കൈമാറും. എംഎല്‍എ അന്‍വറിനെതിരായ എഡിജിപി യുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല.

പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എഡിജിപിയെ കാണാന്‍ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല. സുജിത്ത് ദാസിനെതിരെ നടപടിക്കാണ് സാധ്യത. പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് ഇന്ന് തന്നെ മാറ്റാനും സാധ്യതയുണ്ട്. സംസ്ഥാന സമിതി യോഗതിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നടപടി ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എയോട് ഗുരുതര ആരോപണങ്ങള്‍ എസ്പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാരിനേയും വെട്ടിലാക്കും. പി ശശിയും അതൃപ്തിയിലാണ്.

എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയ കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ പിവി അന്‍വര്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്ന് എസ്പി സുജിത് ദാസ് സംഭാഷണത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലിസില്‍ സര്‍വശക്തനാണ്. ഒരുകാലത്ത് പൊലിസില്‍ സര്‍വശക്തനായിരുന്ന ഐജി പി വിജയനെ തകര്‍ത്തതും അജിത് കുമാറാണ്. എഡിജിപിയുട ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍യുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നു.

'എംഎല്‍എ ഇട്ട ഫെയ്‌സ്ബുക്ക് കണ്ടിരുന്നു. എനിക്ക് വേണ്ടി ഒന്ന് പരാതി പിന്‍വലിച്ച് താ. ബാക്കിയുള്ള കാലം എംഎല്‍എയ്ക്ക് കടപ്പെട്ടിരിക്കും. 25ാം വയസില്‍ സര്‍വീസില്‍ കയറിയതാണ്. ഡിജിപിയായി റിട്ടയര്‍ ചെയ്യാന്‍ ആരോഗ്യവും ആയസ്സും തന്നാല്‍ താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കും. എംഎല്‍എ ഒരു സഹോദരനെ പോലെ തന്നെ കാണണം'. എംആര്‍ അജിത് കുമാറിന്റ കാര്യങ്ങളാണ് അറിയേണ്ടതെന്ന അന്‍വര്‍ എംഎല്‍എ പയുന്നു.

'അയാള്‍ സര്‍വശക്തനായിരിക്കുന്നതുകൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശി സാറുമായി വലിയ അടുപ്പമുള്ളതുകൊണ്ട് അയാളെക്കുറിച്ച് ആലോചിക്കാന്‍ തന്നെ പേടിയാണ്. ഒരു ഉദാഹരണം പറയാം, ഞങ്ങളെല്ലാം സര്‍വീസില്‍ കയറുമ്പോള്‍ വിജയന്‍ സാറിന്റെ തീവ്ര ആരാധകരായിരുന്നു. എല്ലാവര്‍ക്കും പേടിയായിരുന്നു. പൊലിസിന്റെ കാര്യത്തില്‍ എല്ലാവരെയും ജോലി ചെയ്യിക്കുന്ന ആളായിരുന്നു. അത്ര പ്രശസ്തിയില്‍ നില്‍ക്കുമ്പോളാണ് സര്‍വശക്തനായ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് നശിപ്പിച്ചുകളഞ്ഞത്. അദ്ദേഹം സര്‍ക്കാരിന് അത്രയും വേണ്ടപ്പെട്ട ആളായി നില്‍ക്കയാണ്'

ശശി സാര്‍ പറയുന്ന കാര്യങ്ങളെല്ലാം അജിത് സാര്‍ ചെയ്ത് കൊടുക്കാറുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്മാര്‍ക്ക് എന്താണ് പണിയെന്ന് നോക്കൂ എന്നായിരുന്നു എസ്പിയുടെ മറുപടി. അവരാണ് ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നതെന്നും അത് എന്നോട് പറയാതിരുന്നിട്ട് എന്തിനാണെന്ന് അന്‍വര്‍ ചോദിക്കുന്നു. അയാളുടെ സൂഹൃദ് വലയം അറിയാലോ, എല്ലാ ബിസിനസുകാരും അയാളുടെ സുഹൃത്തുക്കളാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.അതിനാണ് ആ പൊട്ടനെ അവിടെ എസ്പിയായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു എസ്പി പറഞ്ഞത്. ഇതെല്ലാം വിവാദമായി മാറുകയും ചെയ്തു.