- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദ ഫോണ്‍ കോളും സ്വര്‍ണം പൊട്ടിക്കല്‍ സംഘ ബന്ധ ആരോപണവും; പത്തനംതിട്ട മുന്‍ എസ്പി നടത്തിയത് ഗുരുതര ചട്ടലംഘനം; സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
സസ്പെന്‍ഷന്‍ പി വി അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്
തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ സര്‍വീസില്‍നിന്ന് സസ്പെന്‍ഷന്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സുജിത് ദാസിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് പി.വി. അന്‍വര്‍ രംഗത്തെത്തി. വിക്കറ്റ് നമ്പര്‍ 1..ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ അന്‍വര്‍ കുറിച്ചത്. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സുജിത് ദാസിന് എതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരം മുറിയെ കുറിച്ചു ആരെങ്കിലും ചോദിച്ചാല്‍ സുജിത്ത് ദാസ് എസ്.പിക്കു മുമ്പ് അബ്ദുള്‍ കരീം എസ്.പിയുടെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്നും പൊലീസ് പറഞ്ഞതായി ഫരീദ പറഞ്ഞു.
അതിനിടെ, സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കോമ്പൗണ്ടില്‍ വെച്ച് സുജിത് ദാസ് സ്വര്‍ണക്കടത്ത് പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്നും പിടിച്ചെടുത്ത സ്വര്‍ണം നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നത് തട്ടിപ്പിന്റെ ഭാഗമായാണെന്നും കെ.എം. ബഷീര്‍ ആരോപിച്ചു.
'സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് നേരിട്ട് ഇടപെടാന്‍ പാടില്ലെന്നും പോലീസ് സ്വര്‍ണം പിടിച്ചാല്‍ അത് കസ്റ്റംസിന് കൈമാറണമെന്നുമാണ് നിയമം. ഈ നിയമത്തിനെതിരായാണ് സുജിത് ദാസിന്റെ പ്രവര്‍ത്തനം. പിടിച്ചെടുക്കുന്ന സ്വര്‍ണം കൊണ്ടോട്ടിയിലുള്ള ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരനെക്കൊണ്ടാണ് ഉരുക്കിക്കുന്നത്. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചതെങ്കില്‍ അത് ഉരുക്കി കോടതിയില്‍ കെട്ടിവെക്കുമ്പോള്‍ 250 ഗ്രാമോളം സ്വര്‍ണത്തിന്റെ കുറവ് ഉണ്ടാകുന്നു എന്ന് വ്യക്തമായിട്ടുണ്ട്.' ഇതില്‍ സുജിത് ദാസിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രവീണ്‍കുമാര്‍ എന്ന കസ്റ്റംസ് സൂപ്രണ്ട് സുജിത്ത് ദാസിന്റെ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം. ബഷീര്‍ ആരോപിച്ചു. ഐ.പി.എസ്. നേടുന്നതിന് മുമ്പ് സുജിത് ദാസ് കസ്റ്റംസില്‍ ഉണ്ടായിരുന്നു. അന്നുമുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ട്. അനീഷ് എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും നേരത്തെ കരിപ്പൂരില്‍ എസ്.എച്ച്.ഒ. ആയിരുന്ന ഇപ്പോഴത്തെ ഡിവൈ.എസ്.പി. ഷിബുവും ഈ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം ബഷീര്‍ ആരോപിച്ചു.
പത്തനംതിട്ടയിലിരുന്നുകൊണ്ട് സുജിത്ത് ദാസാണ് ഇവിടുത്തെ സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം സുജിത്ത് ദാസിന്റെ നിര്‍ദ്ദേശമനുസരിച്ച് പിടികൂടിയിരുന്നത് കൊണ്ടോട്ടി ഡി.വൈ.എസ്.പി. ഷിബുവായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ദുബായില്‍ സ്വര്‍ണക്കള്ളക്കടത്തിന്റെ എ.ബി.സി. വിഭാഗങ്ങളുണ്ട്. നേരത്തെ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഇതിലെ ബി ഗ്രൂപ്പിന് ബന്ധം ഉണ്ട്. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് സുജിത് വാഗ്ദാനം നല്‍കിയതോടെ എ, സി ടീമുകള്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് വിവരങ്ങള്‍ സുജിത്തിന് കൈമാറി തുടങ്ങിയെന്നും കെ. എം ബഷീര്‍ ആരോപിച്ചു. രാത്രി പത്ത് മണിക്ക് ശേഷം കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ കടകള്‍ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്തിന് കൂട്ടുനില്‍ക്കാനാണെന്നും ഇയാള്‍ക്കെതിരെ നേരത്തെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.