- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ മൂലം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍; രക്തം കട്ട പിടിച്ചാല്‍ പ്രശ്നമെന്ന് ജോസ് ചാക്കോ പെരിയപ്പുറം; ശ്രീ ചിത്രയുടെ തലയില്‍ വച്ച് ഒഴിയാന്‍ ആരോഗ്യവകുപ്പ്; ജനറല്‍ ആശുപത്രിയിലെ യുവതിയുടെ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച: ഒടുവില്‍ ഡോക്ടര്‍ക്കെതിരെ കേസ്
ശ്രീ ചിത്ര എന്തിന് ക്ലീന്‍ ചിറ്റ് നല്‍കി?
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മാത്രമാണ് പ്രതി.
കാട്ടാക്കട കിള്ളി സ്വദേശിനിയായ സുമയ്യ (26) ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 2023 മാര്‍ച്ചില്‍ നടന്ന ശസ്ത്രക്രിയയുടെ ഭാഗമായി സെന്‍ട്രല്‍ ലൈന്‍ ഇടുന്നതിനിടെയാണ് ഗൈഡ് വയര്‍ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയത്. അനസ്‌തേഷ്യ ഡോക്ടര്‍ക്ക് പകരം പരിശീലനത്തിനെത്തിയ പി.ജി. ട്രെയിനി ഡോക്ടറാണ് അന്ന് സെന്‍ട്രല്‍ ലൈന്‍ ഇട്ടത്. 2025 ഏപ്രിലിലാണ് ഈ വിവരം പുറത്തറിയുന്നത്.
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സുമയ്യ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കൂടാതെ, ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടര്‍ പണം വാങ്ങിയതായും യുവതിയുടെ ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയതെന്നും മറ്റൊരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് രാജീവ് കുമാറിനെ കണ്ടതെന്നും പരാതിയില്‍ പറയുന്നു. ഡോക്ടര്‍ വീഴ്ച സമ്മതിക്കുന്ന ശബ്ദരേഖയും പണം കൈമാറിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു.
ഗൈഡ് വയര്‍ മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍
അതേസമയം, കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യുന്നതിനുള്ള തുടര്‍ ചികിത്സ നല്‍കുമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെയും നിയോഗിച്ചു. ശ്രീചിത്രയിലെ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ ഗൈഡ് വയര്‍ കാരണം യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി യുവതിയുടെയും ബന്ധുക്കളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
സുമയ്യയുടെ ശരീരത്തില്‍ ഗൈഡ് വയര്‍ കിടക്കുന്നത് കൊണ്ട് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ ഡയറക്ടര്‍ ഡോ.കെ.ജെ.റീന പറഞ്ഞത്. ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടിയിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ ട്യൂബ് ധമനികളോട് ചേര്‍ന്നു പോയതായി കണ്ടെത്തുകയുണ്ടായി. ഇത് നീക്കം ചെയ്യാന്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരും. എന്നാല്‍, വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നിലവിലെ അവസ്ഥയില്‍ ശസ്ത്രക്രിയ നടത്തുന്നത് അതീവ സങ്കീര്‍ണ്ണമാണെന്നും അവര്‍ അറിയിച്ചു.
ജോസ് ചാക്കോ പെരിയപ്പുറം പറയുന്നത്...
അതേസമയം, നിഷ്‌ക്രിയവും അണുവിമുക്തവുമായ ഗൈഡ് വയര്‍ അവിടെ ഇരിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, വയറിന് ചുറ്റും രക്തം കട്ടപിടിച്ച്, രക്തപ്രവാഹത്തെ ബാധിക്കുകയോ, വയര്‍ അവിടെ നിന്ന് നീങ്ങി ഹൃദയ വാല്‍വിന്റെയോ, രക്തധമനിയുടെ പ്രവര്‍ത്തനത്തെയോ ബാധിച്ചാല്‍ പ്രശ്‌നമാകുമെന്ന് കാര്‍ഡിയാക്ക് സര്‍ജന്‍ ജോസ് ചാക്കോ പെരിയപ്പുറം അഭിപ്രായപ്പെട്ടു. വയര്‍ നീക്കം ചെയ്യാന്‍ പ്രയാസമാണെന്നും നെഞ്ച് തുറന്നുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഗൈഡ് വയര്‍ ശരീരത്തില്‍ കിടന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലയെന്ന് ശ്രീചിത്രയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പൂര്‍ണമായി പ്രശ്‌നരഹിതമെന്ന് പറയാനാവില്ലെന്ന് ജോസ് ചാക്കോ പെരിയപ്പുറം വ്യക്തമാക്കിയ സാഹചര്യത്തില്‍, ശ്രീചിത്ര എന്തിന് ക്ലീന്‍ ചിറ്റ്് നല്‍കി എന്ന ചോദ്യവും പ്രസക്തമാണ്.
2023 മാര്‍ച്ച് 22-ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കാണ് സുമയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ. രാജീവ് കുമാറാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രക്തവും മരുന്നുകളും നല്‍കാനായി ഇട്ട സെന്‍ട്രല്‍ ലൈനിന്റെ ഗൈഡ് വയര്‍ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുകയാണ്. ശസ്ത്രക്രിയക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് യുവതിയുടെ ഇപ്പോഴത്തെ ദുരിതങ്ങള്‍ക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു.
തങ്ങള്‍ക്ക് നീതി ലഭിക്കും വരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സുമയ്യയുടെ സഹോദരീ ഭര്‍ത്താവ് സബീര്‍ അറിയിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവില്‍ ആരോഗ്യവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നുമാണ് യുവതിയുടെയും കുടുംബത്തിന്റെയും ആവശ്യം.