- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കാലങ്ങളായി നിലനിന്ന ജാതി സമ്പ്രദായമാണ് സംവരണം എന്ന സങ്കൽപ്പത്തിലേക്കു നയിച്ചത്; സ്വതന്ത്ര്യം കിട്ടി 75 വർഷത്തിനിപ്പുറം ഭരണഘടനാ തത്വങ്ങളിലെ പരിവർത്തനങ്ങൾ അനുസരിച്ച് സംവരണത്തിൽ പുനപ്പരിശോധന ആവശ്യം; സംവരണം അനന്തമായി തുടരാനാവില്ല; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. കേസിലെ വിധി പ്രസ്താവത്തിൽ സംവരണം സംവിധാനം അവസാനിപ്പിക്കേണ്ട ആവശ്യകതയിലേക്ക് പോലും കോടതി വിരൽചൂണ്ടിയട്ടുണ്ട്. സ്വതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ഭരണഘടനാ തത്വങ്ങളിലെ പരിവർത്തനങ്ങൾക്കനുസരിച്ച് സംവരണത്തിൽ പുനപ്പരിശോധന വേണ്ടതുണ്ടെന്ന്, സാമ്പത്തിക സംവരണം ശരിവച്ചുകൊണ്ടുള്ള വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.
സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും വ്യത്യസ്ത വിധിന്യായങ്ങളിലൂടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് കാലങ്ങളായി നിലനിന്ന ജാതി സമ്പ്രദായമാണ് സംവരണം എന്ന സങ്കൽപ്പത്തിലേക്കു നയിച്ചതെന്ന് ജസ്റ്റ്സി ബേല എം ത്രിവേദി വിധിന്യായത്തിൽ പറഞ്ഞു. പട്ടിക ജാതി, വർഗ വിഭാഗത്തിൽ പെട്ടവർക്ക് തുല്യാവസരം സൃഷ്ടിക്കലായിരുന്നു അതിലൂുടെ ലക്ഷ്യമിട്ടത്. എഴുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം, ഭരണഘടനാ തത്വങ്ങളുടെ പരിവർത്തനത്തിന് അനുസരിച്ച് സംവരണത്തിൽ പുനപ്പരിശോധന വേണ്ടതുണ്ടെന്ന് ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു.
സാമ്പത്തികാടിസ്ഥാനത്തിൽ സംവരണത്തിന് അർഹരായ പ്രത്യേക വിഭാഗത്തെ കണ്ടെത്തിയത് യുക്തിഭദ്രമാണെന്ന് ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ജനങ്ങളുടെ ആവശ്യം അറിഞ്ഞാണ് നിയമ നിർമ്മാതാക്കൾ ഇത്തരമൊരു നടപടിയെടുത്തതെന്നും ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു. സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് ജസ്റ്റിസ് ജെബി പർദിവാല പറഞ്ഞു. സംവരണാനുകൂല്യങ്ങൾ നേടി മൂന്നിലെത്തിയവരെ പിന്നാക്ക വിഭാഗത്തിൽനിന്നു മാറ്റേണ്ടതുണ്ട്. അതുവഴി സഹായം ആവശ്യമുള്ള ഒരാളെക്കൂടി കൈപിടിച്ചുയർത്താനാവും. പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനുള്ള രീതിയിൽ കാലത്തിന് അനുസരിച്ചുള്ള പുനപ്പരിശോധന വേണം. സംവരണം അനന്തമായി തുടർന്നുപോവാനാവില്ല, അങ്ങനെയാവുമ്പോൾ അതിൽ നിക്ഷിപ്ത താത്പര്യങ്ങൾ വന്നുചേരുമെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു.
മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. എല്ലാവർക്കും തുല്യാവകാശമുള്ള ഒരു സമൂഹത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു ഉപകരണമാണ് സംവരണം. അവശരെക്കൂടി ചേർത്തുപിടിക്കുക എന്നതാണ് അതിലൂടെ ലക്ഷ്യമിടുന്നത്. അത് സാമ്പത്തിക അടിസ്ഥാനത്തിൽ ആവുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാവില്ല. മണ്ഡൽ കേസിൽ സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി, ഭരണഘടനയുടെ 16 -4 പ്രകാരമുള്ള സാമൂഹ്യ സംവരണത്തിനു മാത്രമാണ് ബാധകമെന്ന് ജസ്റ്റിസ് മഹേശ്വരി ചൂണ്ടിക്കാട്ടി.
3-2 ഭൂരിപക്ഷ വിധിയിലൂടെയാണ്, മുന്നാക്ക സംവരണം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും മുന്നാക്ക സംവരണത്തിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കി ഉത്തരവു പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ വിധി ഇങ്ങനെ
''സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും തുടരുന്ന സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്. ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തതും 1985-ൽ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചതുമായ സംവരണത്തിന്റെ ലക്ഷ്യങ്ങൾ ഈ ഘട്ടത്തിലും കൈവരിക്കാനായിട്ടില്ല. ഇന്ത്യയിൽ പുരാതന ജാതിവ്യവസ്ഥയാണ് സംവരണത്തിന് ഉത്തരവാദിയെന്ന് പറയാനാകില്ല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾ നേരിട്ട ചരിത്രപരമായ വിവേചനത്തെ അഭിസംബോധന ചെയ്യാനും അവസരങ്ങൾ നൽകാനുമാണ് സംവരണം. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ സമൂഹത്തിന്റെ വലിയ താൽപര്യം കൂടി മുൻനിർത്തി, ചലനാത്മക ഭരണഘടനയുടെ ഭാഗമായി, സംവരണ വ്യവസ്ഥയെ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം നൽകുന്ന ആർട്ടിക്കിൾ 334 പ്രകാരം സമയപരിധിയുണ്ടെങ്കിലും അത് കാലാകാലങ്ങളിൽ നീട്ടുകയാണ്. ഇപ്പോൾ അത് 2030 വരെ നീട്ടിയിരിക്കുകയാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്ക് സംവരണമുണ്ടായിരുന്നത് 104ാം ഭരണഘടന ഭേദഗതിയോടെ അവസാനിപ്പിച്ചിരിക്കുന്നു. ഇതേപോലെ, ആർട്ടിക്കിൾ 15ഉം 16ഉം പ്രകാരം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന സംവരണത്തിനും സമാനമായ സമയക്രമം നൽകിയാൽ അത് 'സമത്വപൂർണവും വർഗ്ഗരഹിതവും ജാതിരഹിതവുമായ ഒരു സമൂഹത്തിലേക്ക്' നയിക്കും.''
ജസ്റ്റിസ് ജെ.ബി. പാർദിവാലയുടെ വിധി
''സംവരണം സാമൂഹിക സാമ്പത്തിക നീതി ഉറപ്പാക്കാനുള്ള ഒരു മാർഗമാണ്. അത് അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ല. അങ്ങനെ ചെയ്യുന്നത് നിക്ഷിപ്ത താൽപര്യമാണ്. ദുർബല വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലേക്ക് നയിച്ച കാരണങ്ങൾ ഇല്ലാതാക്കുക എന്നതാണ് യഥാർഥ പരിഹാരം. സ്വാതന്ത്ര്യത്തിന് ശേഷം ഉടനടി ആരംഭിച്ച ആ പ്രവൃത്തി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും തുടരുന്നു. കാലങ്ങളായുള്ള വികസനവും വിദ്യാഭ്യാസത്തിന്റെ വ്യാപനവും വർഗങ്ങൾ തമ്മിലുള്ള അന്തരം ഒരു പരിധിവരെ കുറച്ചിട്ടുണ്ട്. സംവരണാനുകൂല്യങ്ങൾ നേടി മുന്നിലെത്തിയവരെ പിന്നാക്ക വിഭാഗത്തിൽനിന്നു മാറ്റേണ്ടതുണ്ട്. അതുവഴി സഹായം ആവശ്യമുള്ള ഒരാളെക്കൂടി കൈപിടിച്ചുയർത്താനാവും. അതിനാൽ പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയുന്ന രീതിയും നിർണയ രീതികളും അവലോകനം ചെയ്യേണ്ടതുണ്ട്. പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡം വർത്തമാനകാലത്ത് പ്രസക്തമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. പത്തുവർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തി സാമൂഹിക സമത്വം കൊണ്ടുവരികയെന്ന ആശയമായിരുന്നു ഡോ. ബി.ആർ. അംബേദ്കറിന്റേത്. എന്നാൽ, അത് കഴിഞ്ഞ ഏഴ് ദശാബ്ദമായി തുടരുന്നു.''
ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും രണ്ടാമത് വിധി പറഞ്ഞ ജസ്റ്റിസ് ബേല ത്രിവേദിയും പിന്നീട് വിധി പറഞ്ഞ ജെ.ബി. പാർദിവാലയും മുന്നാക്ക സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജികൾ. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലായിരുന്നു ഹരജികൾ വിധി പറയാൻ മാറ്റിയത്.
ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹരജികളിലുന്നയിച്ച നാല് ചോദ്യങ്ങളാണ് ഡ്രാഫ്റ്റ് ചെയ്തത്. ഇതിൽ മൂന്ന് ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം ഉൾപ്പെടെയുള്ള പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ എന്നതായിരുന്നു ഒന്നാമത്തേ്. സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ എന്നു രണ്ടാമതും. എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ)/ ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) / പട്ടികജാതി-പട്ടികവർഗങ്ങൾ എന്നിവയെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടനാപരമായി ശരിയാണോ എന്നാതായിരുന്നു കോടതി പരിശോധിച്ച മൂന്നാമത്തെ കാര്യം.
മറുനാടന് മലയാളി ബ്യൂറോ