ന്യൂഡല്‍ഹി: ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മൃഗസംരക്ഷണ സംഘടനയായ 'പെറ്റ'യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ നോട്ടിസയച്ച സുപ്രീം കോടതി, അദ്ദേഹം ഉള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവു സ്റ്റേ ചെയ്യുകയായിരുന്നു.

ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജസമിതി നല്‍കിയ ഉത്തരവിലാണ് നടപടി. ആനകളുടെ എഴുന്നെള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്‌ന വിമര്‍ശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളില്‍ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.

ഹൈക്കോടതി എടുത്ത കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതിയും നല്‍കി. പിന്നാലെ ദേവസ്വങ്ങള്‍ ഹര്‍ജി പിന്‍വലിച്ചു.

ഇതിന് പിന്നാലെ വിശ്വ ഗജ സമിതി ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പെറ്റ അടക്കമുള്ള മൃഗ സംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും നേരത്തെ അഭിഭാഷകരായ സമയത്ത് ഇത്തരം സംഘടനകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും, ഗൂഢാലോചന ഉണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവേയാണ് ചരിത്രപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് അടക്കമുള്ളവയെന്നും അത് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന തോന്നലുണ്ടെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചത്.

വളര്‍ത്തുനായ ബ്രൂണോ കൊല്ലപ്പെട്ടതില്‍ സ്വമേധയാ എടുത്ത കേസിലാണ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്.

കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിംഗ് ആണ് ഹാജരായത്. ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തോടു ജഡ്ജിമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് യോജിച്ചില്ല. വിഷയം മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നില്‍ ആവശ്യമുന്നയിക്കാമെന്ന് ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് വിശ്വ ഗജ സേവാ സമിതിക്കു വേണ്ടി അഭിഭാഷകനായ വികാസ് സിങ് ആവശ്യമുയര്‍ത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല.

ആനകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇതു കൂടി ചേര്‍ത്ത് പരിഗണിക്കണമെന്ന് ദേവസ്വത്തിനായി ഹാജരായ മുകുള്‍ റോഹത്ഗിയും എം.ആര്‍.അഭിലാഷും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വഴങ്ങിയില്ല. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് കേരളത്തിലെ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. തുടര്‍ന്ന് ദേവസ്വം നല്‍കിയ കോടതിമാറ്റ ഹര്‍ജി ദേവസ്വം പിന്‍വലിച്ചു. നിയമപരമായ മറ്റു വഴികള്‍ തേടാന്‍ ദേവസ്വത്തിന് ബെഞ്ച് അനുമതി നല്‍കി.