കൊച്ചി: തൃശൂര്‍ പൂര വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂര്‍പൂരം അലങ്കോലമാക്കിയത് തിരഞ്ഞെടുപ്പില്‍ ജയിക്കാനായിരുന്നെന്ന വിമര്‍ശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എനിക്ക് വേണ്ടി വോട്ട് ചെയ്ത ആദ്യത്തെ മുതല്‍ അവസാനത്തെ വോട്ടറുടെയും ദൃഢനിശ്ചയത്തെ പുച്ഛിക്കലാണത്. പൂരം നടക്കുന്നിടത്ത് ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി പറയുകയാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കളക്ടര്‍ക്കെതിരേയും പരമാര്‍ശം നടത്തി. ഫോണ്‍സംഭാഷണം എല്ലാത്തിനും തെളിവായി കൈയ്യിലുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

''കാക്കിയിട്ടവരുടെ കണ്‍ട്രോളില്‍ നില്‍ക്കുന്ന സ്ഥലത്ത് ഏതൊക്കെ ആംബുലന്‍സ് എവിടൊക്കെ കിടക്കണം? ആംബുലന്‍സിന്റെ പാത ഏതുവഴിയാണ്? ഇന്‍ ഔട്ട് ഉണ്ടോ? അന്നവിടെ ഉണ്ടായിരുന്ന എസ്പിക്കും കളക്ടര്‍ക്കും ആംബുലന്‍സിന് പുറത്തുനിന്ന് വരാന്‍ അനുവാദം കൊടുക്കാന്‍ കഴിയുമായിരുന്നോ എന്നൊക്കെ അന്വേഷിക്കണം. പൂരസ്ഥലത്ത് കിടന്ന ആംബുലന്‍സിലാണ് എന്നെ എത്തിച്ചത്. ഞാന്‍ വന്ന കാറില്‍ അവിടെയുണ്ടായിരുന്ന ഗുണ്ടകള്‍ അടിയ്ക്കുകയായിരുന്നു. പാര്‍ട്ടി അയച്ചുതന്നെ കാറിലാണ് ഞാന്‍ പോയത്. അതില്‍ നിന്ന് എന്നെ ഇറക്കിയത് മലപ്പുറത്ത് നിന്നുവന്ന കുറച്ച് പിള്ളേരാണ്. നടക്കാന്‍ വയ്യാതിരുന്ന എന്നെ തൂക്കിയാണ് കൊണ്ടുപോയത്. അവിടെയാണ് ആംബുലന്‍സ് കിടന്നത്. 100 മീറ്ററേ സഞ്ചരിച്ചുള്ളൂ. അവിടെ മുഴുവന്‍ ജനമായിരുന്നു. അതിനിടയിലൂടെ നടന്ന് പോയിരുന്നെങ്കില്‍ എന്റെ അംശം കിട്ടില്ലായിരുന്നു.ധൈര്യമുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. അവരുടെ മുമ്പില്‍ അന്നത്തെ കളക്ടറെയും എസ്പിയേയും ചോദ്യം ചെയ്യാന്‍ ഞാന്‍ ഇരിക്കും. തയ്യാറാണോ എന്ന് അവര്‍ പറയട്ടെ. ഇതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ നടന്ന ഒരുപാട് ഫോണ്‍ സംഭാഷണങ്ങളുണ്ട്. അതില്‍ ആ കള്കടര്‍ എന്തൊക്കെ അഹമ്മതിയാണ് പറഞ്ഞതെന്ന് എനിക്കറിയാം. അത് ഞാന്‍ സിബിഐയുടെ മുമ്പില്‍ വച്ച് ചോദിക്കും. വെറുതെ വിടാനൊന്നും ഉദ്ദേശിക്കുന്നില്ല''- സുരേഷ് ഗോപിയുടെ വാക്കുകള്‍.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂര്‍ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി പോലീസിന് കിട്ടിയിരുന്നു. കഴിഞ്ഞ പൂരത്തില്‍ മാത്രമാണു പതിവില്ലാതെ വല്‍സന്‍ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധിച്ചത്. വെടിക്കെട്ട് ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കാന്‍ ചേര്‍ന്ന ദേവസ്വം കമ്മിറ്റി യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുത്തെന്നും വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്ന പി.ശശിധരന്‍ മൊഴി നല്‍കിയിരുന്നു. പൂരം അട്ടിമറിയെക്കുറിച്ച് എഡിജിപി എം.ആര്‍.അജിത്കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണു ശശിധരന്റെ മൊഴിയുള്ളത്. ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു സുരേഷ്‌ഗോപിയെ ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ യോഗം നടന്ന സ്ഥലത്ത് എത്തിച്ചതെന്നു സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശന്‍ നല്‍കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ പുതിയ വെളിപ്പെടുത്തല്‍.

രാത്രി മഠത്തില്‍വരവ് എഴുന്നള്ളിപ്പിനൊപ്പമെത്തിയവരെ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണു നടുവിലാലിലും നായ്ക്കനാലിലുമുള്ള പന്തലുകളിലെ വെളിച്ചം കെടുത്തിയതെന്നും മഠത്തില്‍വരവ് ഒരാനപ്പുറത്തു മാത്രമായി ചുരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്റെ മൊഴിയിലുണ്ട്. കലക്ടര്‍ അഭ്യര്‍ഥിച്ച പ്രകാരം ദേവസ്വം ഓഫിസില്‍ ചര്‍ച്ച നടക്കുമ്പോള്‍ ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാറിനെ സുരേഷ്‌ഗോപി ഫോണില്‍ വിളിച്ചു. 10 മിനിറ്റിനകം വല്‍സന്‍ തില്ലങ്കേരിക്കും ഗോപാലകൃഷ്ണനുമൊപ്പം സുരേഷ് ഗോപി ഓഫിസിലെത്തിയെന്നു ശശിധരന്റെ മൊഴിയിലുണ്ട്. പൂരം നടത്തിപ്പിനെ ബാധിക്കുംവിധം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാല്‍ പൂരം നിര്‍ത്തിവയ്ക്കണമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മൊഴി നല്‍കി. എന്നാല്‍, പാറമേക്കാവിന്റെ എഴുന്നള്ളിപ്പും മേളവും തടസ്സവുമില്ലാതെ നടത്തിയെന്നും മൊഴിയുണ്ട്. എഴുന്നള്ളിപ്പ് പന്തലിലെത്തിയശേഷം മാത്രമേ ആളുകളെ പൂരപ്പറമ്പില്‍നിന്നു മാറ്റാവൂ എന്നു മന്ത്രി കെ.രാജന്റെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനുമുന്‍പേ പൊലീസ് തടഞ്ഞതാണ് പ്രശ്‌നമായതെന്നാണ് മറ്റൊരു വാദം.

എഴുന്നള്ളിപ്പ് ബ്രഹ്‌മസ്വം മഠത്തിലേക്കു പോകുന്ന വഴിയില്‍ സ്വരാജ് റൗണ്ടില്‍ ആംബുലന്‍സും വാട്ടര്‍ ടാങ്കും പൊലീസ് ബാരിക്കേഡും വഴി തടസ്സം സൃഷ്ടിച്ചു. ഇക്കാരണത്താല്‍ സമയക്രമം പാലിക്കാനായില്ല. പകല്‍ മഠത്തില്‍ വരവ് വടക്കുന്നാഥക്ഷേത്രത്തില്‍ കടന്ന സമയത്തു കമ്മിറ്റിയംഗങ്ങളെപ്പോലും പൊലീസ് തടഞ്ഞു. കുടമാറ്റത്തിനുള്ള സ്‌പെഷല്‍ കുടകള്‍ എത്തിക്കുമ്പോള്‍ പടിഞ്ഞാറേ നടയില്‍ ഡിവൈഎസ്പി തടഞ്ഞു. കുടമാറ്റത്തിന് ആനകള്‍ നിരന്നിട്ടും കുട എത്തിക്കുന്നത് കമ്മിഷണര്‍ വീണ്ടും തടഞ്ഞു. ആനയ്ക്കുള്ള പട്ട തെക്കേ ഗോപുരനട വഴി കൊണ്ടുവന്നപ്പോള്‍ കമ്മിഷണര്‍ പാപ്പാനു നേരെ ആക്രോശിച്ചുവെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.