തൃശൂര്‍: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടിസ് നല്‍കാന്‍ വനംവകുപ്പ്. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നോട്ടിസ് നല്‍കുക. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് നടപടി. നേരത്തേ, റാപ്പര്‍ വേടന്‍ ധരിച്ച മാലയില്‍ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് ഗോപിക്കെതിരെയുള്ള നടപടികള്‍ ഭാവയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു.

തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതി. ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി പരിശോധിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. താന്‍ പുലിപല്ല് ഉപയോഗിക്കുന്നില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. വേടന്റെ വിവാദ പശ്ചാത്തലത്തിലാണ് ഈ വിവാദവും ഉയര്‍ന്നു വന്നത്.

മാലയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും. തുടക്കത്തില്‍ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നല്‍കുന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയ ശേഷമാകും ഹാജരാകുന്ന കാര്യത്തില്‍ അന്തിമമായി തീരുമാനിക്കുക.

നേരത്തെ റാപ്പര്‍ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. പുലിപ്പല്ല് മാല കണ്ടെത്തിയതിനെ തുടര്‍ന്ന് റാപ്പര്‍ വേടനെതിരെ കേസെടുത്തതിനു പിന്നാലെ സുരേഷ് ഗോപിക്കെതിരെ പരാതി വരികയായിരുന്നു. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് എന്നുകാണിച്ചാണ് പരാതി നല്‍കിയത്. വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് പരാതിക്കാരന്‍. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയത്.

സുരേഷ് ഗോപി ചെയ്തത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഈ പരാതി വനം വകുപ്പിന് കൈമാറുകയായിരുന്നു. പുലിപ്പല്ല് മാല കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്.

കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.