പാലക്കാട്: ശബരിമല വിഷയത്തില്‍ അയ്യപ്പന്‍ എന്റെ മൂത്ത സഹോദരനാണെന്നും ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും സുരേഷ് ഗോപി പറഞ്ഞു. 'അയ്യപ്പന്‍ ഒരു മനുഷ്യനാണ്, എന്റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍, ചെമ്പ് സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്'- സുരേഷ് ഗോപി പറഞ്ഞു.

ഇത് പ്രജാരാജ്യമാണെന്നും പ്രജകളാണ് ഇവിടെ രാജാക്കന്മാരെന്നും പ്രജകള്‍ വിരല്‍ചൂണ്ടി സംസാരിക്കണമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. റളിയില്‍ വ്യാഴാഴ്ച രാത്രി നടത്തിയ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. നിവേദനം തന്നയാളെ താന്‍ അവഹേളിച്ചുവെന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനമാണ്. അവഹേളനങ്ങള്‍ക്ക് താന്‍ പുല്ലുവിലയാണ് നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണെന്നും നപുംസകങ്ങള്‍ക്ക് 'അന്നപാത്രം' എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നേരത്തെ, തൃശൂര്‍ ഇരിങ്ങാലക്കുടയിലും പുള്ളിലും നടന്ന കലുങ്ക് സഭകളും വിവാദമായിരുന്നു. ഇരിങ്ങാലക്കുടയില്‍ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയായിരുന്നു വിവാദമായത്. കരുവന്നൂര്‍ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് 'എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. പുള്ളിലെ കലുങ്ക് സഭയില്‍ വയോധികന്റെ അപേക്ഷ വാങ്ങാതെ മടക്കി അയച്ചതും വിവാദമായി.

സുരേഷ് ഗോപി നയിക്കുന്ന 'കലുങ്ക് സൗഹൃദ സംവാദത്തില്‍ വീടിനായി നിവേദനവുമായെത്തിയ പുള്ള് സ്വദേശി കൊച്ചുവേലായുധനെയാണ് കേന്ദ്രമന്ത്രി മടക്കി അയച്ചതും വിവാദമായിരുന്നു. 'പരാതികളൊക്കെ അങ്ങ് പഞ്ചായത്തില്‍ കൊണ്ടുകൊടുത്താല്‍ മതി, ഇത് വാങ്ങല്‍ എം.പിയുടെ പണിയല്ല' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളില്‍ മാത്രമേ എം.പി ഫണ്ട് നല്‍കുകയുള്ളോ എന്ന ചോദ്യത്തിന് 'തല്‍കാലം അതേ പറ്റൂ ചേട്ടാ' എന്നായിരുന്നു പരിഹാസ രൂപത്തിലുള്ള മറുപടി. സംഭവം വിവാദമായതോടെ വിഷയം സി.പി.എം ഏറ്റെടുക്കുകയും വീട് നിര്‍മിച്ച് നല്‍കാമെന്ന് സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. വേലായുധന്‍ ചേട്ടന് വീട് കിട്ടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ഇനിയും വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് വിടാമെന്നും സ്വീകരിക്കാന്‍ പാര്‍ട്ടി തയാറായി ഇരുന്നോളൂ, അതിനുള്ള ചങ്കൂറ്റം കാണിക്കണമെന്നും മന്ത്രി മറുപടി പറഞ്ഞിരുന്നു.