ആലപ്പുഴ: ലോക്‌സഭാ എംപിയെന്ന നിലയില്‍ താന്‍ ശമ്പളം വാങ്ങാറില്ലെന്ന് തൃശ്ശൂര്‍ എംപി സുരേഷ് ഗോപി. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂര്‍ എം പി ഇക്കാര്യം പറഞ്ഞത്.

താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നതെന്നും തൃശൂര്‍ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താന്‍. ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂര്‍ എം പിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും കൊകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഒരു പുസ്തകം എഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കണം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തണം. വിജയം മാത്രമേ എല്ലാവരും നോക്കൂ. ശതമാന കണക്കൊന്നും നോക്കില്ല. ജയിക്കുമെന്ന് ഉറപ്പുളവരെ നിര്‍ത്തിയാല്‍ 60 ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കില്‍ അധ്വാനം പാഴായി പോകും. ആ നിരാശ വളര്‍ച്ചയ്ക്കല്ല തളര്‍ച്ചക്കാണ് വളം വയ്ക്കുക.

പുതിയ തീരുമാനങ്ങള്‍ എടുക്കണം. നമ്മള്‍ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോള്‍ അതിന്റെ വാലുപിടിച്ച് പറയാനുള്ള ആര്‍ജ്ജവം നമുക്ക് ഉണ്ടാകണം. നമുക്ക് ജയിച്ചേ മതിയാകൂ വിജയം മാത്രമേ ലോകം അംഗീകരിക്കൂ ശതമാനം ഒന്നും ആരും അംഗീകരിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ തത്വത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കുമെന്നാണ് വിവരം. ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള വഴി തെളിഞ്ഞു.

സിനിമാ അഭിനയമാണ് വരുമാനമാര്‍ഗമെന്നും, ഒറ്റക്കൊമ്പന്‍ അടക്കം നിരവധി സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കായി വളര്‍ത്തിയ വെള്ള താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുന്‍പ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്ര സഹമന്ത്രിയായതോടെ അഭിനയം അനിശ്ചിതത്വത്തിലായിരുന്നു. ബിജെപി കേന്ദ്രനേതൃത്വം അനുമതി നല്‍കുമോ ഇല്ലയോ എന്ന കാര്യവും സംശയത്തിലായിരുന്നു.