തൃശൂര്‍: തൃശ്ശൂര്‍പൂര നഗരിയിലെത്തിയത് ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിനു വയ്യായിരുന്നു, ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ സാധിക്കില്ലായിരുന്നു. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു. 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നത്. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കള്‍ ആയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആരുടേയും അച്ഛനു വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലില്‍ ഇവര്‍ക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാനെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്ഗോപി നേരത്തെ പറഞ്ഞിരുന്നത്. ഇതും വിവാദമായതോടയാണ് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തുവന്നത്.

'(പൂരത്തില്‍) ആ ആംബുലന്‍സ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ അന്വേഷിക്കൂ. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്‌മെന്റാണത്. ഞാന്‍ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാന്‍ പറ്റുന്നില്ല. അതിന് മുമ്പ് ഞാന്‍ കാറില്‍ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയപ്പോള്‍ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാര്‍, ഗുണ്ടകള്‍ എന്റെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യില്‍ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാന്‍ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാന്‍ ആംബുലന്‍സില്‍ കയറിയത്. -സുരേഷ് ഗോപി പറഞ്ഞു.

ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്ഗോപി വിശദീകരിച്ചു. അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും. തൃശ്ശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ്ഗോപി ആരോപിച്ചു.

ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവന. 'പാര്‍ട്ടി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കില്‍ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താന്‍ തയാറുണ്ടോ?' -സുരേഷ് ഗോപി ചോദിച്ചിരുന്നു.

അതേസമയം, ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലന്‍സിലാണെന്ന ബി.ജെ.പി തൃശൂര്‍ ജില്ല അധ്യക്ഷന്‍ അനീഷ് കുമാറിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആംബുലന്‍സിലല്ല വന്നത് എന്ന പ്രസ്താവനയില്‍ നിന്നും സുരേഷ് ഗോപി പിന്‍വാങ്ങിയതും ആംബുലന്‍സില്‍ വന്ന കാര്യം സമ്മതിച്ചതും.