തിരുവനന്തപുരം: കേരള സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറയരുത്. കുട്ടികളെ നന്‍മ ഉള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് അടിക്കടി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സിനിമക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

സിനിമകള്‍ കുട്ടികളെ സ്വാധീനിക്കുന്നതാണ് വയലന്‍സ് വര്‍ധിക്കാന്‍ കാരണമാകുന്നത് എന്ന ആക്ഷേപവും ശക്തമാണ്. മലയാളത്തിലടക്കം പുറത്തിറങ്ങുന്ന പല സിനിമകളിലും വയലന്‍സിന്റെ ആധിക്യമുണ്ട്. സിനിമകളിലെ വയലന്‍സ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും സംവിധായകന്‍ ആഷിക് അബുവും അഭിപ്രായപ്പെട്ടിരുന്നു. സിനിമകളില്‍ വയലന്‍സ് ചിത്രീകരിക്കുന്നത് ഉത്തരവാദിത്തത്തോടെയായിരിക്കണമെന്നും മറ്റെല്ലാ കാര്യങ്ങളെയും പോലെ സിനിമയും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

സമാനമായ അഭിപ്രായം രമേഷ് പിഷാരടിയും ഉയര്‍ത്തിക്കാട്ടിയിരുന്നു. വലിയ കൊലപാതകം, ആ കൊലപാതകത്തിനുശേഷം രണ്ടു വീട്ടുകാര്‍ തമ്മിലുള്ള ശത്രുത. അതാണ് ഗോഡ്ഫാദര്‍ സിനിമയുടെ യഥാര്‍ഥ കഥ. ഒരു കൊലപാതകവും കാണിക്കാതെ 450 ദിവസം ഓടിയ സിനിമ കൂടിയാണത്. ഒരു സിനിമ എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കണമെന്നത് എഴുത്തുകാരന്‍ വിചാരിക്കുന്നതുപോലെയാണ്. ഞാന്‍ രണ്ട് പടം ചെയ്തിട്ടുണ്ട്. ഒരു തുള്ളിച്ചോര ഈ രണ്ടുപടത്തിലും കാണിച്ചിട്ടില്ല. കാണിക്കുന്നവന് കാണിക്കുകയും ചെയ്യാം.

പക്ഷേ ഞാനുള്‍പ്പടെ, അല്ലെങ്കില്‍ നമുക്ക് മുന്‍പേ നടന്ന തലമുറയെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നൊരു വാക്ക് പഠിപ്പിച്ചു തരികയും അത് നിറം, ജാതി, ശരീരം ഇതൊക്കെ വച്ച് പരിഹസിക്കുന്നതു മാത്രമല്ല മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ് എന്ന് ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസ്‌കാര്‍ വാദിക്കുന്നതോ, അല്ലെങ്കില്‍ കൊലപാതകങ്ങള്‍ റിറെക്കോര്‍ഡ് ചെയ്ത് മ്യൂസിക് ഇട്ട് ഗ്ലോറിഫൈ ചെയ്യുന്നതിനെതിരെ ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വാചകങ്ങളോ എവിടെയും ഞാന്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല.

വളരെ പരിമിതമായ സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ഈ വിഷയം ഇപ്പോഴും സംസാരിക്കുന്നത്. ഇതിനെക്കുറിച്ച് അഞ്ച് മാസം മുമ്പേ സംസാരിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ കഷ്ണങ്ങള്‍ വരും, സര്‍ട്ടിഫിക്കറ്റും സെന്‍സറിങും തിയറ്റില്‍ അല്ലേ ഒള്ളൂ. ക്രൈം ഈ ലെവലില്‍ അവതരിപ്പിക്കുക, വില്ലനായി അഭിനയിച്ച ആളുകള്‍ സ്റ്റാറിനെപ്പോലെ നടക്കുക. നിരന്തരം കൊല്ലുക, വലിയ പടങ്ങളില്‍ ഉള്‍പ്പടെ കഴുത്തുവെട്ടി കളയുക. ഇതൊക്കെ നിരന്തരം കാണുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നും. സാധാരണഗതിയില്‍ അല്ലാത്ത ആളുകള്‍ക്ക് ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നാം. ഇതില്‍ ചെറിയൊരു നിയന്ത്രണം ആവശ്യമാണ്.- ഇതായിരുന്നു പിഷാരടിയുടെ വാക്കുകള്‍.

അടുത്ത സമയത്ത് സിനിമകളില്‍ നിര്‍ദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങള്‍ കാണിക്കുന്നുണ്ടെന്നും അതെല്ലാം ആഘോഷിക്കപ്പെടുകയാണെന്നും സംവിധായകന്‍ ബ്ലെസി അഭിപ്രായപ്പെട്ടിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ജയിലര്‍ എന്ന സിനിമയില്‍ വാഴത്തണ്ട് വെട്ടിമാറ്റുന്നത് പോലെ തല വെട്ടിമാറ്റുന്ന കണ്ടിട്ട് തിയറ്ററില്‍ ഇരുന്ന് ഷോക്ക് ആയി പോയിട്ടുണ്ട്. ഇത്തരം വൈകൃതങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ എങ്ങനെ ഒരു സമൂഹം രൂപപ്പെടുമെന്ന് ചലച്ചിത്രകാരന്‍മാരും നായകന്‍മാരും ആലോചിക്കണമെന്നും ബ്ലെസ്സി പറഞ്ഞു.

കൂട്ടക്കൊലകളടക്കമുള്ള അക്രമസംഭവങ്ങള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നാലെയാണ് താമരശ്ശേരിയില്‍ സഹവിദ്യാര്‍ഥികളുടെ അതിക്രൂര മര്‍ദനമേറ്റ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങിയ സംഭവം. വെഞ്ഞാറമൂടില്‍ ഉറ്റവരും ഉടയവരുമായ അഞ്ചുപേരെയാണ് 23 വയസുള്ള അഫാന്‍ കൊലപ്പെടുത്തിയത്. താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് 10ാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസ് മരണത്തിന് കീഴടങ്ങിയത്.