- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍ വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത് കേന്ദ്രമന്ത്രിസഭയില്‍ ഇരുന്ന് ഒന്നും പറയുന്നില്ല'; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതികളിലെ ഇഡി റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതികളിലെ ഇഡി റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
പാലക്കാട്: മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനായാണ് സിനിമക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴച്ചതെന്ന് സംശയമുണ്ടെന്ന് സുരേഷ് ഗോപിയുടെ ആരോപണം. പാലക്കാട് നടത്തിയ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
'സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതിനെ കുറിച്ച് എന്‍.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഇരുന്ന് ഒന്നും പറയുന്നില്ല.
ഈ സര്‍ക്കാറിനെ (പിണറായി സര്‍ക്കാര്‍) ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന് പറയുന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നു കൊണ്ടിരിക്കുന്നത്. ഇനിയും വരും കഥകള്‍' -സുരേഷ് ഗോപി വ്യക്തമാക്കി.
മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് എത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.
ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പ് സംഘമാണെന്നും പരിവാഹന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ഇവര്‍ തിരിമറി നടത്തുന്നുണ്ടെന്നുമാണ് കസ്റ്റംസ് കമീഷണര്‍ ടി.ജു. തോമസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെയും യു.എസ് എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്.
അനധികൃതമായി കടത്തിയ 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നികുതി വെട്ടിപ്പും കണ്ടെത്തിയെന്നാണ് കമീഷണര്‍ മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നല്‍കുന്നതില്‍ കസ്റ്റംസ് തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചത്.
വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ് കമീഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈകോടതിയെ സമീപിച്ചത്.