തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ലെന്ന് അഭിപ്രായം സഭാ നേതാക്കന്‍മാര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വോട്ടര്‍പട്ടിക വിവാദവും പുറത്തുവന്നത്. തൃശ്ശൂരില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന തെളിവുകള്‍ പുറത്തുവന്നതോടെ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നു. എന്നാല്‍, സിപിഎമ്മിന്റെ അക്രമ സമരം ബിജെപിക്ക് വിഷയത്തില്‍ ഇടപെടാന്‍ വീണ്ടും അവസരം നല്‍കുന്നതായി. സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത് ബിജെപി പരമാവധി ആയുധമാക്കുകയാണ് ഉണ്ടായത്. ഇതോടെ അക്രമ വിഷയം മറ്റു വിഷയങ്ങളേക്കാള്‍ പ്രാധാന്യമുള്ള വിഷയമായി മാറി. ഇതോടെ 'ആക്ഷന്‍ ഹീറോയ്ക്ക്' റീ എന്‍ട്രിക്ക് വഴിയൊരുക്കി സിപിഎം എന്ന നിലയിലണ് കാര്യങ്ങള്‍.

ഇന്നലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹഗം രാവിലെ 5.15 ന് വന്ദേ ഭാരതില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 9.30 ന് തൃശ്ശൂരിലെത്തും. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി അദ്ദേഹം കാണും.

സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴുംസുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും. ക്രമക്കോട് ആരോപണം പാര്‍ട്ടി തള്ളിയിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

മാര്‍ച്ചില്‍ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ നടുവില്‍ പൊലീസ് നിലയുറപ്പിച്ചു. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ ചോരക്കളി തൃശൂരിലും തുടങ്ങാനാണ് തീരുമാനമെങ്കില്‍ അതിന്റെതായ പ്രതിരോധം തീര്‍ക്കുമെന്നും രാഷ്ട്രീയക്കൊലയില്‍ തിരിച്ചടിച്ചതിന്റെ കണക്ക് നോക്കിയാല്‍ സംഘ്പരിവാറിന്റെ പ്രതിരോധത്തിന്റെ ശക്തി അറിയുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

ജനാധിപത്യപരമായ വോട്ടവകാശം അട്ടിമറിച്ചതിലും കന്യാസ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പുലര്‍ത്തുന്ന മൗനത്തിലും പ്രതിഷേധിച്ചാണ് സി.പി.എം തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയുടെ ഓഫിസ് ബോര്‍ഡിലേക്ക് കരി ഓയില്‍ ഒഴിച്ചു. കരി ഓയില്‍ ഒഴിച്ചശേഷം ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സി.പി.എം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.

ചേറൂര്‍ പള്ളിമൂല സെന്ററില്‍നിന്ന് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ ഓഫിസ് പരിസരത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ രംഗം വഷളായി. ഇതിനിടെയാണ് ചില പ്രവര്‍ത്തകര്‍ ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത്. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനൂപ് ഡേവീസ് കാട അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം പി.കെ. ഷാജന്‍, ജില്ല കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, വില്‍വട്ടം ലോക്കല്‍ സെക്രട്ടറി ടി.ആര്‍. ഹിരണ്‍ എന്നിവര്‍ സംസാരിച്ചു.

അതിനിടെ, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസ് അക്രമിച്ച സി.പി.എം നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ അനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായിരിക്കും. രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല. പ്രതിഷേധ നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിക്കും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടുകൊള്ള വിവാദത്തില്‍ ബി.ജെ.പിയേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും കൂടുതല്‍ കുരുക്കിലാക്കുന്ന തെളിവുകളാണ് തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് പുറത്തുവരുന്നത്. തൃശൂരില്‍ വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും ഉള്‍പ്പെട്ടുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തി.

തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയിലാണ് സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് ഉണ്ടെന്ന് കണ്ടെത്തിയത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട്. ഇരവിപുരത്ത് വോട്ടര്‍പട്ടികയില്‍ പേരുള്ളപ്പോള്‍ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലും വോട്ട് ചേര്‍ത്തത്.

ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റിലാണ് പേര് ചേര്‍ക്കപ്പെട്ടത്. മലപ്പുറം സ്വദേശിയായ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യറും രംഗത്തെത്തി.