തൃശ്ശൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. രാമനിലയത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.

സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്നുവെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. മന്ത്രിക്കും സ്റ്റാഫുകള്‍ക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ച സാഹചര്യത്തിലാണിത്.

അതേസമയം സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സുരേഷ് ഗോപിയുടെ പരാതിയില്‍ കേന്ദ്രം വിശദാംശങ്ങള്‍ തേടി. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകള്‍ക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തില്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര പരാതി നല്‍കിയിരുന്നു. ഇതുപരിഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂര്‍ സിറ്റി എസിപിക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എസിപി വ്യാഴാഴ്ച അനില്‍ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യം നിലനില്‍ക്കേയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുനല്‍കിയത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രാമനിലയത്തില്‍നിന്ന് പോകുമ്പോഴാണ് താരസംഘടന അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം തേടി മാധ്യമ പ്രവര്‍ത്തകരെത്തിയത്. രാവിലെ അദ്ദേഹം പറഞ്ഞ പ്രതികരണങ്ങളില്‍ ചിലത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തള്ളിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പിറകേയെത്തിയതില്‍ കുപിതനായി മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ നീങ്ങി. മൈക്കുകള്‍ തള്ളിമാറ്റി കാറില്‍ക്കയറി. "എന്റെ വഴി എന്റെ അവകാശമാണ് പ്ലീസ്" എന്നും അദ്ദേഹം കൈചൂണ്ടി പറയുന്നുണ്ടായിരുന്നു. വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ ഉത്തരം പറയാന്‍ സൗകര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു.