- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ പരിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം; പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു എംപി; കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തനെന്ന് സഹോദരന്‍ ബൈജു
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി
കൊച്ചി: മനുഷ്യക്കടത്തും നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ തൃപ്തരാണെന്ന് സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന്‍ ബൈജു മാധ്യമങ്ങളോട് പ്രതികരിച്ചു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നല്‍കിയതെന്നും ബൈജു പറഞ്ഞു.
തുടര്‍നടപടികളില്‍ സുരേഷ് ഗോപി പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തതായി കുടുംബം വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നും അന്യായമായ കേസാണെന്നും സുരേഷ് ഗോപിയോട് വ്യക്തമാക്കിയതായും പറഞ്ഞു.
പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടില്‍ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടില്‍ തുടര്‍ന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്.
നേരത്തെ സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തടക്കം രംഗത്തെത്തിയിരുന്നു. തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസില്‍ അറിയിക്കണമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍നിന്നടക്കം വലിയ വിമര്‍ശനമുണ്ടായിരുന്നു.
വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ഇന്ന് സുരേഷ് ഗോപി തൃശ്ശൂരില്‍ എത്തുകയായിരുന്നു. വന്ദേഭാരതില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മന്ത്രിയെ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. അപ്രതീക്ഷിതമായാണ് സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സുരേഷ്‌ഗോപി സന്ദര്‍ശിച്ചത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.
ഇന്നലെ നടത്തിയ മാര്‍ച്ചിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി സുരേഷ് ഗോപി കണ്ടു. ക്യാംപ് ഓഫീസിലെത്തിയ സുരേഷ് ഗോപി, പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് അങ്കമാലിയിലെത്തിയത്.