ചാവക്കാട്: കുവൈത്തിലെ മാംഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി(44)ന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് ഉറപ്പുനൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താത്കാലിക ഷെഡ്ഡിലാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിന് പിന്നാലെയാണ് സുരേഷ്‌ഗോപിയുടെ പ്രതികരണം. വാടകവീട്ടിലായിരുന്ന കുടുംബം അടുത്തിടെയാണ് താത്കാലിക ഷെഡ്ഡ് നിർമ്മിച്ച് അതിലേക്ക് താമസംമാറിയത്.

സ്വന്തമായി വീടെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താൽക്കാലിക ഷെഡ് നിർമ്മിച്ച് അങ്ങോട്ടേക്കു മാറിയത്.

വിമാനത്താവളത്തിൽനിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനുമുമ്പേ ബിനോയിയുടെ വീട്ടിലും സുരേഷ് ഗോപിയെത്തി എത്തിയിരുന്നു. അഞ്ചുവയസ്സുകാരനായ മകൻ ഇയാനെ തലോടിയും വീട്ടുകാരെ ആശ്വസിപ്പിച്ചും മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചുമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.