ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ശക്തമായ തിരിച്ചടി കിട്ടിയിട്ടും പാഠം പഠിക്കതെ പാക്കിസ്ഥാന്‍. വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ്. ഇന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ അതിര്‍ത്തി ജില്ലകളില്‍ ഡ്രോണുകല്‍ എത്തി. ജമ്മുവിലും അമൃത്സറിലും പാക് ഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ജമ്മുവിലെ പൂഞ്ച്, രജൗറി മേഖലകളില്‍ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചു.

ജമ്മുവിലെ സാംബ സെക്ടറിലാണ് ഡ്രോണ്‍ കണ്ടതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, അമൃത്സര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യമുണ്ടെന്നും സ്ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുന്നിരുന്നു.

സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോണ്‍ ആക്രമണ ശ്രമം ചെറുത്തു. പഞ്ചാബില്‍ ചിലയിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നെന്നും അമൃത്സറില്‍ സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ ആക്രമണമൊന്നും നടന്നിട്ടില്ല. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കര്‍ശനമായി തുടരാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ജമ്മുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ അതിര്‍ത്തി മേഖലയാണ് സാംബ. ഇവിടെയാണ് ഇന്ന് രാത്രിയോടെ ഡ്രോണുകള്‍ തകര്‍ത്തത്. ഡ്രോണുകള്‍ നിയന്ത്രണ രേഖ കടന്നോയെന്നും വ്യക്തമല്ല. എന്നാല്‍ പ്രതിരോധ സേനകള്‍ ജാഗ്രതയോടെയാണ് നില്‍ക്കുന്നത്.

പാകിസ്ഥാനോട് കടുത്ത ഭാഷയിലാണ് ഇന്നത്തെ അഭിസംബോധനയില്‍ മോദി മുന്നറിയിപ്പ് നല്‍കിയത്. ആണവായുധ ഭീഷണി എന്ന ബ്ലാക്ക് മെയിലിംഗ് ഇന്ത്യയോട് ചെലവാകില്ല. അണുവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. അണുവായുധത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന തീവ്രവാദ സങ്കേതങ്ങളെയും ഇന്ത്യ ഉന്നമിട്ട് തകര്‍ക്കുമെന്ന് മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് നേരെ വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന തരത്തില്‍ പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന് അടുത്ത് ഇന്ത്യ ബോംബിംഗ് നടത്തിയെന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് മോദിയുടെ ഈ പ്രസ്താവന എന്നതും നിര്‍ണായകം. ആണവായുധമുള്ളത് കൊണ്ട് മാത്രം പാകിസ്ഥാന് ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണം നടത്തി രക്ഷപ്പെടാന്‍ കഴിയില്ലെന്ന നയത്തിലേക്ക് ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നല്‍കിയത്.

ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, അത് വെച്ചു പൊറുപ്പിക്കില്ല. ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരും. പ്രതികരണം എങ്ങനെവേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബുദ്ധപൂര്‍ണിമയാണെന്നും ബുദ്ധന്‍ സമാധാനത്തിന്റെ പാത കാണിച്ചു തന്നുവെന്നും മോദി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

പഹല്‍ഗാമില്‍ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് ഭീകരര്‍ മതം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികള്‍ കാണിച്ച ക്രൂരത ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. കുടുംബങ്ങളുടെ മുന്നില്‍ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നെന്നും മോദി പറഞ്ഞു.

ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ഭീകരവാദികള്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. ഇന്ത്യന്‍ മിസൈലും ഡ്രോണുകളും പാകിസ്താനിലെ സ്ഥലങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരവാദികളുടെ കെട്ടിടങ്ങള്‍ മാത്രമല്ല അവരുടെ ധൈര്യവും തകര്‍ന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകര്‍ത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റിയാണെന്നും മോദി തന്റെ അഭിസംബോധനയില്‍ ചൂണ്ടിക്കാട്ടി.