- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ടൂറിസത്തിന് നാണക്കേടായി മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി പങ്കുവെച്ച ദുരനുഭവ വീഡിയോ; ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു; കേസെടുത്തതോടെ ജാന്‍വിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന്റെ ശ്രമം
കേരളാ ടൂറിസത്തിന് നാണക്കേടായി മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി പങ്കുവെച്ച ദുരനുഭവ വീഡിയോ
ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരിയായ യുവതിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ പൊലീസ് ഗ്രേഡ് എസ്ഐ ജോര്‍ജ് കുര്യന്‍ എഎസ്ഐ സാജു പൗലോസ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരുന്നത്. കൃത്യവിലോപം കണ്ടെത്തിയതിനെതുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.
മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശിയും അസിസ്റ്റന്റ് പ്രഫസറുമായ ജാന്‍വി മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ സന്ദര്‍ശിക്കാനായി എത്തിയിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറില്‍ സഞ്ചരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ടാക്സി യൂനിയന്‍ നേതാക്കള്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന്, പൊലീസിനെ വിളിച്ചെങ്കിലും വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ നിലപാടല്ല പൊലീസ് സ്വീകരിച്ചത്. മൂന്നാറില്‍ നിന്ന് ടാക്സി വിളിച്ച് സഞ്ചരിക്കാനാണ് പൊലീസ് നിര്‍ദേശിച്ചത്.
മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ഇനി കേരളത്തിലേക്ക് താന്‍ പോവില്ല, ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായി എന്നു പറഞ്ഞ് ജാന്‍വി വീഡിയോ ഇട്ടതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്. ഇതിന് പിന്നാലെയാണ് ജില്ല പൊലീസ് മേധാവി നടപടി എടുത്തിരിക്കുന്നത്. സംഭവം പുറത്തെത്തിയതിന് പിന്നാലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സംഭവം പങ്കുവെച്ച ജാന്‍വിയെൂ നേരിട്ട് ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നത്.
ഒക്ടോബര്‍ 31-ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമുള്ള യാത്ര എങ്ങനെ സുഗമമായിരുന്നുവെന്നും ജാന്‍വി വീഡിയോയില്‍ വിവരിച്ചു.
എന്നാല്‍, മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്രചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറയുന്നു.
'ഉപഭോക്താക്കള്‍ക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി നിരക്കിനെക്കാള്‍ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി വ്യക്തമാക്കി മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകള്‍ പിന്തുടര്‍ന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വം തോന്നാത്ത സ്ഥലം സന്ദര്‍ശിക്കാന്‍ ഇനി എനിക്ക് കഴിയില്ല', യുവതി വീഡിയോയില്‍ പറഞ്ഞു.
ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. യൂബര്‍ വിരുദ്ധ ടാക്സി ഡ്രൈവര്‍മാരാണ് പ്രതികള്‍. എഫ് ഐ ആറില്‍ ആരുടേയും പേരുകളില്ല. യൂബര്‍ ടാക്സിയില്‍ കയറിയതാണ് പ്രകോപനമെന്ന് എഫ് ഐ ആറിലുണ്ട്.
മൂന്നാര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് വച്ച് ടാക്സി ഡ്രൈവേഴ്സ് എന്ന് പറഞ്ഞ് കുറച്ചു പേര്‍ തടഞ്ഞു. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മിനിറ്റുള്ള വീഡിയോ കണ്ട സാഹചര്യത്തിലാണ് കേസെടുക്കുന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു. രണ്ടാം തീയതി ആറു മണിക്കാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 351(2), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ ആദ്യ രണ്ടു വകുപ്പുകള്‍ ജാമ്യമുള്ളതാണ്. പെറ്റി കേസിന് സമാനം. അതുകൊണ്ട് മൂന്നാമത്തെ വകുപ്പും ജാമ്യമുള്ളതായി മാറും.
ഫലത്തില്‍ ഈ കേസ് കൊണ്ട് ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. ഗൗരവമുള്ള വകുപ്പുകളില്‍ കേസെടുക്കേണ്ട സാഹചര്യമുണ്ട്. സ്ത്രീയെ തടഞ്ഞു വയ്ക്കുന്നതും ഭീഷണിപ്പെടുത്തുന്നതിനുമുള്ള വകുപ്പുകള്‍ ഈ കേസില്‍ വരേണ്ടതുണ്ട്.




