ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ഥി അമിത വേഗത്തിലോടിച്ച കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരനായ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ ഭാഷ ഗോപി(38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ഗാജുലരാമരത്തിന് സമീപം ദേവേന്ദര്‍ നഗറിലാണ് വിദ്യാര്‍ഥി ഓടിച്ച എസ്യുവി കാര്‍ ഇടിച്ച് സുരക്ഷാ ജീവനക്കാരന്‍ (38) മരിച്ചത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവ് ഓടിച്ചിരുന്ന എസ്.യു.വി വാഹനം അമിതവേഗത്തിലെത്തി ഭാഷ ഗോപിയെ ഇടിച്ചുതെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശേഷം സമീപത്തെ വൈദ്യുത തൂണിലും മതിലിലും ഇടിച്ചാണ് വാഹനം നിന്നത്.

അപകടത്തിന് ശേഷം, അഞ്ച് യുവാക്കള്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇവരില്‍ ഒരാള്‍ അപകടത്തില്‍ തെറിച്ചുവീണ് കിടക്കുന്നയാളെ കണ്ടെങ്കിലും നിസ്സംഗതയോടെ മതില്‍ ചാടി പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്റെ മറുവശത്തേക്ക് വീണുപോയ വ്യക്തിയെ രക്ഷിക്കാനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.

ഇടിയുടെ ആഘാതത്തില്‍ മതിലിനപ്പുറം ഏകദേശം പത്ത് അടിയോളം മാറിയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. അവിടെ ഒരു മൃതദേഹമുണ്ടെന്ന് അപകടസമയത്ത് റോഡില്‍ തടിച്ചുകൂടിയവര്‍ പോലും അറിഞ്ഞില്ല. പോലീസെത്തി അന്വേഷണം ആരംഭിച്ചതോടെയാണ് ഭാഷ ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍, കാറോടിച്ചിരുന്ന മനീഷിനെ(20) പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ മറ്റ് അഞ്ചുപേരും സ്ഥലംവിട്ടെങ്കിലും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മനീഷ്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോളജ് വിദ്യാര്‍ഥിയായ മനീഷ്, ഖുത്ബുള്ളാപൂര്‍ സ്വദേശിയാണ്. അപകടസമയത്ത് മനീഷിനൊപ്പം മറ്റ് 5 സുഹൃത്തുക്കള്‍ കൂടി കാറിലുണ്ടായിരുന്നു. രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് സംഘം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ മനീഷിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയില്‍ മനീഷ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.