കൊച്ചി: കെട്ടിട പെര്‍മിറ്റ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് തുടരന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കൊണ്ടു പോകും. കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയത് അഴിമതിക്കാരായ സഹായികളെ ലക്ഷ്യമിട്ടാണ്. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ബുധനാഴ്ച് സ്വപ്നയുടെ തൃശ്ശൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. 25000 രൂപയാണ് സ്വപ്ന കൈക്കൂലി ചോദിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാനായിരുന്നു ഇത്. പിന്നീട് 15000 രൂപയായി കുറച്ചു നല്‍കി. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്.

സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ അകത്താക്കിയത്. നിലവില്‍ ജയിലിലാണ് സ്വപ്‌ന. സ്വപ്‌നയുടെ സമ്പാദ്യങ്ങളിലേക്കും അന്വേഷണം നീളും. പരിശോധനയില്‍ കാറില്‍ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്നാണ് സംശയം. ഒരു ദിവസത്തെ കളക്ഷനാണ് ഇതെന്നാണ് വിലയിരുത്തല്‍.

തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി. സ്മാര്‍ട്ടായി നിന്ന സ്വപ്ന എളുപ്പത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ച് പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പദവിയും കിട്ടി. നഗരഹൃദയത്തിന്റെ സാധ്യതയെല്ലാം ഉപയോഗിച്ചു. പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലും എടുത്തു.

കൈക്കൂലി ഏജന്റുമാര്‍ വഴിയും രഹസ്യകേന്ദ്രങ്ങളില്‍ വെച്ച് കൈമാറിയും അഴിമതി സുരക്ഷിതമാക്കി. വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാന്‍ അപ്രൂവ് ചെയ്യാന്‍ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവില്‍ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. സാധാരണ ഏജന്റുമാര്‍ വഴി രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് സ്വപ്‌ന പണം വാങ്ങാറുള്ളത്. അവധിക്ക് മക്കളുമായി നാട്ടില്‍ പോകേണ്ടതിനാല്‍ പൊന്നുരുന്നിയില്‍ വഴിയരികില്‍ അപേക്ഷ നല്‍കിയ വ്യക്തിയോട് പണവുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മക്കളുടെ മുന്നില്‍ വെച്ചായിരുന്നു സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്.

അമ്മയെ കസ്റ്റഡിയിലെടുത്ത സമയം മക്കളും കാറില്‍ തന്നെ കഴിച്ച് കൂട്ടി. ഒടുവില്‍ അച്ഛന്‍ വന്ന് മക്കളെ കൂട്ടി കൊണ്ട് പോയ ശേഷമാണ് വിജിലന്‍സ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.