- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിത്തഭ്രമക്കാരനെന്ന് ഗവര്‍ണ്ണറെ വിളിച്ചത് സിപിഎം ആഗ്രഹിക്കുന്ന 'തിരുത്തലിന്' വിരുദ്ധമായ പരാമര്‍ശം; അതിരുവിട്ട സ്വരാജിനെതിരെ രാജ്ഭവന് നിയമ നടപടിക്ക്
തിരുവനന്തപുരം: തെറ്റ് തിരുത്താനുള്ള സിപിഎം ആഹ്വാനം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പോലും അനുസരിക്കുന്നില്ല. വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി സമ്മാനിച്ചതെന്ന വിലയിരുത്തല്‍ സിപിഎമ്മില്‍ തന്നെ ഉയര്‍ന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ആദ്യമായി ലംഘിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നടത്തിയത് ഏറ്റവും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനയാണ്. ഈ പരിഹാസത്തിനെതിരെ ഗവര്‍ണര്‍ നിയമ നടപടിയും ആലോചിക്കുന്നുണ്ട്.
ചിത്തഭ്രമമുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാന്‍ കഴിയില്ലെന്ന് ഭരണഘടന പറയുമ്പോള്‍ അത്തരക്കാര്‍ക്ക് ഗവര്‍ണറാകാന്‍ കഴിയില്ലെന്ന് ഭരണഘടന പറയുന്നില്ല. ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകുമെന്നു കണ്ട് ഭരണഘടനാ നിര്‍മാണ സമിതിയിലെ ആളുകള്‍ ദീര്‍ഘവീക്ഷണത്തോടെ അത്തരം വ്യവസ്ഥകള്‍ ഒഴിവാക്കിയതാകാമെന്ന് സ്വരാജ് പരിഹസിച്ചു. സ്വരാജിന്റെ ആക്ഷേപം എല്ലാ അതിരുവിടുന്നതാണെന്ന വിലയിരുത്തല്‍ സജീവമാണ്. സ്വരാജിന്റെ പ്രസ്താവന രാജ് ഭവനും പരിശോധിക്കുന്നുണ്ട്. മാനനഷ്ടക്കേസ് കൊടുക്കുന്നതും പരിഗണിക്കുന്നുണ്ട്. നിലവില്‍ സ്വരാജ് ജനപ്രതിനിധിയല്ല. എങ്കിലും ഈ കടന്നാക്രമണം രാഷ്ട്രപതിയുടെ ശ്രദ്ധയിലും കൊണ്ടു വരും.
ഗവര്‍ണ്ണര്‍ക്കെതിരായ കലാപാഹ്വാനമായി ഇതിനെ രാജ് ഭവന്‍ എടുക്കുന്നുണ്ട്. പോലീസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അറിയാം. അതുകൊണ്ട് തന്നെ കോടതിയെ സമീപിച്ച് സ്വരാജിനെ കുടുക്കാനും ആലോചനകളിലുണ്ട്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍, ഭരണഘടനാ വായന- സമകാലീന ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സ്വരാജ് പരിധി വിട്ട വിമര്‍ശനം നടത്തിയത്. ഗവര്‍ണ്ണറെ കേരളത്തില്‍ ആരും ഇത്തരത്തില്‍ തരംതാണ ഭാഷ ഉപയോഗിച്ച് വിമര്‍ശിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
കേരള ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പ്രത്യേകമായ മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. അദ്ദേഹം രണ്ടു കൊല്ലം മുന്‍പ് സിപിഎമ്മിനെതിരെ ഒരു വിമര്‍ശനം ഉന്നയിച്ചു. വൈദേശിക ആശയത്തെ മുറുകെപ്പിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ വിമര്‍ശനമല്ല. ആര്‍എസ്എസിന്റെ വിമര്‍ശനമാണ്. ഗവര്‍ണറാണെങ്കിലും വിവരദോഷം ഉണ്ടാകാന്‍ പാടില്ലെന്നു ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. ഈ വാചകങ്ങള്‍ പരിധി വിടുന്നതല്ല. എന്നാല്‍ ചിത്തഭ്രമത്തിലെ പരാമര്‍ശം കൈവിടുന്നതാണ്. അത് ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായം സിപിഎമ്മിലുള്ളവര്‍ക്കുമുണ്ട്.
സ്വരാജിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ
വെദേശിക ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കേരളത്തിലെ സി.പി.എം. എന്ന ഗവര്‍ണറുടെ മുന്‍കാല പരാമര്‍ശത്തെ വിമര്‍ശിക്കവേ ആയിരുന്നു സ്വരാജിന്റെ വാക്കുകള്‍. വിവരദോഷം, ഇപ്പോള്‍ ഗവര്‍ണര്‍ ആണെങ്കിലും ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു.
എം.എല്‍.എയും എം.പിയും അതുവഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സ്പീക്കറും ഒക്കെ ആയി, ചുമതലകള്‍ നിര്‍വഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ വേണം. അക്കാര്യം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. ആ യോഗ്യതകളില്‍ ഒരു യോഗ്യത, സ്ഥിരബുദ്ധിയുണ്ടായിരിക്കണം. ചിത്തഭ്രമം ഉണ്ടായിരിക്കാന്‍ പാടില്ല, ഭ്രാന്തുണ്ടാവന്‍ പാടില്ല എന്നതാണ്. എന്നാല്‍ ഈ നിബന്ധന ഇല്ലാത്ത ഒരേയൊരു സ്ഥാനം മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ളൂ, അത് ഗവര്‍ണറുടേതാണ്.
ഗവര്‍ണര്‍ ആകണമെങ്കില്‍ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി തോന്നി. ഒരുപക്ഷേ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ ദീര്‍ഘവീക്ഷണം ഉള്ള ആളുകള്‍ ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആകുമെന്ന് കരുതിയിട്ടോ മറ്റോ ഈ വകുപ്പ് ഒഴിവാക്കിയതാണോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഗവര്‍ണര്‍ ആകാന്‍ 35 വയസ്സ് തികയണമെന്നേ പറഞ്ഞിട്ടുള്ളൂ ഗവര്‍ണറുടെ കാര്യത്തില്‍, സ്വരാജ് പറഞ്ഞു.