തിരുവനന്തപുരം: മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവിനെ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നാല് വര്‍ഷമാണ് കാലാവധി.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എം എ വിദ്യാര്‍ഥി എസ്. കെ. ആദര്‍ശിനെയാണ് സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. വിദ്യാര്‍ഥി പ്രതിനിധി ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ടി സി വാങ്ങി ഓപ്പണ്‍ സര്‍വകലാശാലയുടെ തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററില്‍ വിദ്യാര്‍ഥിയായി അടുത്ത ദിവസം രജിസ്റ്റര്‍ ചെയ്യിച്ച ശേഷമാണ് നാമനിര്‍ദ്ദേശം നടത്തിയത്.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തെ ആക്രമിച്ചതിന്റെ പേരില്‍ ആദര്‍ശിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എസ്എഫ്‌ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ആദര്‍ശ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളില്‍ ഒന്നെന്ന് ആരോപണമുള്ള, വിദേശരാജ്യങ്ങളിലേയ്ക്ക് ഉന്നത വിദ്യാഭ്യാസ പഠനത്തിനായി സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കയറ്റി അയക്കുന്ന പ്രമുഖ ഏജന്‍സിയുടെ ഡയറക്ടറായ ഡോ:റെനി സെബാസ്റ്റ്യനാണ് സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ വീണ്ടും നാലു വര്‍ഷത്തേക്ക് നാമ നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കിമാറ്റുന്നതിനും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ വിദേശത്തേയ്ക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടി സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ നിയമം പാസ്സാക്കിയ സംസ്ഥാന സര്‍ക്കാരാണ്, ഇവിടെ നിന്നുംവിദ്യാര്‍ത്ഥികളെ വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന ഏജന്‍സിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് സിന്‍ഡിക്കേറ്റ് അംഗത്വം വീണ്ടും നല്‍കിയിരിക്കുന്നത്.

സര്‍വ്വകലാശാലയില്‍ എന്റോള്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിക്കുക വഴി, ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയെ സ്വന്തം ഏജന്‍സിയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുത്താനാവും. ഗവര്‍ണറെ ആക്രമിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ ഒരു വിദ്യാര്‍ത്ഥിയെയും, വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെയും സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തെറ്റായ സന്ദേശങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും,ഈ നാമ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)