ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി. ഇതു കൊലപാതകക്കേസാണെന്നും, പെട്ടെന്ന് ജാമ്യം നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസിന്റെ മെറിറ്റ് അടക്കം അറിയാതെ ജാമ്യം അനുവദിക്കാനാകില്ല. വിചാരണക്കോടതിയിലെ മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ അടക്കം വിശദാംശങ്ങള്‍ കോടതിക്ക് കാണണം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അനുവദിക്കണമെന്ന് ജ്യോതിബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കാന്‍ കോടതി തയ്യാറായില്ല. കേസിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി സൂചിപ്പിച്ചു.

കേസില്‍ കനത്ത വാദങ്ങളാണ് അഭിഭാഷകര്‍ തമ്മിലുണ്ടായത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. രമ അനാവശ്യമായി സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യംചെയ്യുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകനും കെ കെ രമയുടെ സീനിയര്‍ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായി.

ടി.പി. കേസില്‍ ശിക്ഷിക്കപെട്ട ജ്യോതി ബാബുവിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകനും കെ.കെ. രമയുടെ സീനിയര്‍ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായത്. കേസില്‍ സര്‍ക്കാരും കുറ്റവാളികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് രമയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആരോപിച്ചു. ഇതില്‍ പ്രകോപിതായാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ് ശക്തമായ എതിര്‍പ്പ് കോടതിയെ അറിയിച്ചത്.

കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ താന്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. താന്‍ നിലപാട് പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ കുറ്റവാളികളുമായി ഒത്തുകളിക്കുന്നു എന്ന് പറയാന്‍ കഴിയുകയെന്ന് ദിനേശ് ചോദിച്ചു. രമയുടെ അഭിഭാഷകന്‍ ഗാലറിക്കുവേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. പരാതിക്കാരിയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ് കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയില്‍ ഹാജരായിരുന്നു. കെ.കെ. രമയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവരാണ് ഹാജരായത്.

ഒത്തുകളിക്കുന്നു എന്ന വാദത്തെ ജ്യോതി ബാബുവിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു എതിര്‍ത്തു. ടിപി കേസിലെ പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെ കെ രമ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു . പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കുമെന്നും, ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കെ കെ രമ വ്യക്തമാക്കിയിരുന്നു.