കണ്ണൂര്‍: സി.പി.എം വേദിയില്‍ സര്‍ക്കാരിനെ അതിരു വിട്ട് പുകഴ്ത്തിയ എം.മുകുന്ദനെതിരെ ആഞ്ഞടിച്ച് മലയാളകഥയുടെ കുലപതി ടി. പത്മനാഭന്‍ 'ഇടതു ചേരിയില്‍ നില്‍ക്കുന്ന നോവലിസ്റ്റ് എം. മുകുന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി. പത്മനാഭന്‍ രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തിന് കല്ലുകടിയായി. എഴുത്തുകാരുടെ സംഗമത്തില്‍ ഉദ്ഘാടകനായി ക്ഷണിച്ചു വരുത്തിയ ടി. പത്മനാഭന്‍ പാര്‍ട്ടി സഹയാത്രികനായ എം. മുകുന്ദനെതിരെ തിരിയുകയായിരുന്നു. എം. മുകുന്ദന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ സദസിലിരിക്കുന്നവര്‍ക്ക് പറഞ്ഞത് എം. മുകുന്ദനെ കുറിച്ചാണെന്ന് വ്യക്തമായി മനസിലാവുകയും ചെയ്തു.

ഭരണക്കാര്‍ക്ക് വേണ്ടിയെഴുതുകയെന്നതാണ് എഴുത്തു കാരന്റെ കടമയെന്ന് ഒരു സാഹിത്യകാരന്‍ പറഞ്ഞതു കേട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയി. സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കുകയാണ് എഴുത്തുകാരന്റെ കടമയെന്നാണ് താന്‍ വിശ്വസിക്കുന്നത്. ജനനന്മയ്ക്കായി സര്‍ക്കാരിന് ഒപ്പം നില്‍ക്കുന്നതാണ് നിയമസഭാസാഹിത്യപുരസ്‌കാരം സ്വീകരിച്ചതുകൊണ്ട് ഈ സാഹിത്യകാരന്‍പറഞ്ഞത്.

എഴുത്തുകാര്‍ക്ക് അങ്ങനെയൊരു കടമയില്ലെന്നും സത്യത്തിന് ഒപ്പം നില്‍ക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പത്മനാഭന്‍ തുറന്നിടിച്ചു.. 'രണ്ടാഴ്ച മുന്‍പ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ അവാര്‍ഡ് സ്വീകരിച്ചു. ഒരു ലക്ഷം രൂപയും സ്വീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറുമുള്ള വേദിയില്‍ പ്രസംഗിച്ചു. എഴുത്തുകാരന്റെ കടമ ഭരണകക്ഷിക്ക് അനുകൂലമായത് പറയുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.

ഞാന്‍ മനസിലാക്കിയത് എഴുത്തുകാരന് അങ്ങനൊരു കടമയില്ലയെന്നതാണ്. എഴുത്തുകാരന്റെ ധര്‍മം സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുക, സത്യം വിളിച്ചു പറയുക എന്നത് മാത്രമാണ്. എന്തെങ്കിലും കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ എഴുതുന്നതെന്നായിരുന്നു' ടി പത്മനാഭന്റെ വാക്കുകള്‍ കഴിഞ്ഞ

ജനുവരി എട്ടിന് എം മുകുന്ദന്‍ നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാര്‍ നില്‍ക്കരുതെന്നത് തെറ്റായ ധാരണയാണെന്നും മുകുന്ദന്‍ പ്രസംഗിച്ചിരുന്നു.

ഇതിനെതിരെയായിരുന്നു ടി പത്മനാഭന്റെ പ്രതികരണം. പള്ളിക്കുന്ന് വി.കെ കൃഷ്ണമേനോന്‍ സ്മാരക കോളേജ് ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച്ച വൈകിട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എഴുത്തുകാരുടെ സംഗമം നടന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ വേദിയിലിരുത്തിയായിരുന്നു പുരോഗമന കലാസാഹിത്യ സംഘം ചേരിയില്‍ നില്‍ ക്കുന്ന എഴുത്തുകാരന്‍എം. മുകുന്ദനെതിരെ ടി. പത്മനാഭന്‍ ആഞ്ഞടിച്ചത്.

വരുന്ന ഫെബ്രുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ലാ സമ്മേളനം തളിപ്പറമ്പില്‍ നടക്കുന്നത്. ഇതിന് മുന്നോടിയായാണ് ടി. പത്മനാഭന്റെ സൗകര്യാര്‍ത്ഥം അദ്ദേഹത്തിന്റെ വീടായ പള്ളിക്കുന്ന് രാജേന്ദ്ര നഗറിന് സമീപമുള്ള പള്ളിക്കുന്ന് വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ എഴുത്തുകാരുടെ സംഗമം നടത്തിയത്.