- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വളരെ അപകടകാരിയായ ഒരു മനുഷ്യന്' ഇന്ത്യയിലേക്ക് വരുന്നു; മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയുമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക്; ഇന്നുരാത്രിയോ നാളെ രാവിലെയോ എത്തിക്കും; റാണയുടെ വരവ് യുഎസിലെ നിയമവഴികള്‍ എല്ലാം അടഞ്ഞതോടെ
തഹാവൂര്‍ ഹുസൈന്‍ റാണയുമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചയോ ഇന്ത്യയില്‍ എത്തിക്കും. പ്രത്യേക വിമാനത്തിലാണ് എത്തിക്കുക. അമേരിക്കയില്‍ നിയമവഴികള്‍ എല്ലാം അടഞ്ഞതോടെയാണ് തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
തന്നെ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന റാണയുടെ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. മാര്‍ച്ചിലും സമാന ഹര്‍ജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയില്‍, യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍. തഹാവൂര്‍ റാണ ഇന്ത്യയില്‍ നീതിയെ നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
174 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണം
മുംബൈയില്‍, 2008 നവംബര്‍ 26 ബുധനാഴ്ച മുതല്‍ 29 ശനിയാഴ്ച വരെ, ഏതാണ്ട് 60 മണിക്കുറുകള്‍ നീണ്ട ആക്രമണത്തില്‍ ഭീകരര്‍ അടക്കം 174 പേരാണ് കൊല്ലപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേറ്റു. നിരവധി വിദേശ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. അമേരിക്കന്‍ സ്വദേശികളായ ആറ് പേരും, ഇസ്രായേല്‍ സ്വദേശികളായ നാല് പേരും, ജര്‍മനിയില്‍ നിന്നുള്ള മൂന്ന് പേരും, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പേരും വീതവും ഇറ്റലി, ബ്രിട്ടണ്‍, നെതര്‍ലെന്‍സ്, ജപ്പാന്‍, ജോര്‍ദ്ദാന്‍, മലേഷ്യ, മൗറീഷ്യസ്, മെക്സിക്കോ, സിംഗപ്പൂര്‍, തായ്ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോ ആളുകളും കൊല്ലപ്പെട്ടു. ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്നു ഹേമന്ത് കര്‍കരെയടക്കം, 15 പോലീസുകാരും ജീവത്യാഗംചെയ്തു. മലയാള സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചതും നാടിന്റെ കണ്ണീരോര്‍മ്മയാണ്.
രാജ്യം പേടിക്കുക മാത്രമല്ല നാണിച്ചുപോവുകയും ചെയ്ത ദിനങ്ങളായിരുന്നു അത്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സുരക്ഷ ഇത്രയേ ഉള്ളൂ എന്ന് ലോകരാജ്യങ്ങള്‍ ചോദിച്ച ദിനങ്ങള്‍. അജ്മല്‍ കസബ് എന്ന ഒരു ഭീകരനെ മാത്രമാണ് ജീവനോടെ പിടക്കാനായത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്യിബയാണ് മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞു.
ആക്രമണത്തിന്റെ സ്വഭാവം വെച്ച് ഒരുകാര്യം വ്യക്തമായിരുന്നു. പെട്ടന്ന് നടന്ന ഒരു കാര്യമല്ല അത്. മാസങ്ങളുടെ ആസുത്രണവും പരിശീലനമുള്ള പദ്ധതിയായിരുന്നു അത്. ഒരുപാട് ക്രിമിനല്‍ മസ്തിഷ്‌ക്കങ്ങള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും ഉറപ്പാണ്. അവരെ കണ്ടെത്തനായി പിന്നെ ഇന്ത്യയുടെ നീക്കം. ആഗോളഭീകരതയോട് പൊരുതുന്ന അമേരിക്കടയക്കമുള്ള രാജ്യങ്ങളും ഇവരെ കണ്ടെത്താന്‍ ഇന്ത്യക്ക് ഒപ്പമുണ്ടായിരുന്നു.
'അതീവ അപകടകാരി' ഇന്ത്യയിലേക്ക്
മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യയ്ക്ക് കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയിരിക്കയാണ്. പാക്ക് വംശജനായ ഈ കനേഡിയന്‍ പൗരനാണ് മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളെന്നാണ് ഇന്ത്യ പറയുന്നത്. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് ഹര്‍ജി തള്ളിയത്. ഇതോടെയാണ് ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ കേന്ദ്രം വേഗത്തിലാക്കിയത്. 64 കാരനായ തഹാവൂര്‍ റാണയെ ലോസ്ആഞ്ചല്‍സിലെ മെട്രോപോളിറ്റന്‍ ജയിലില്‍ അടച്ചിരിക്കുകയാണിപ്പോള്‍. പാക് വംശജനും മുസ്ലിം വിശ്വാസിയും ആയതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു 64 കാരനായ റാണയുടെ വാദം. തനിക്ക് വിവിധ അസുഖങ്ങള്‍ ഉണ്ടെന്ന റാണയുടെ വാദമെന്നും കോടതി പരിഗണിച്ചില്ല.
ഇന്ത്യ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യ റാണയുടെ പിറകേയുണ്ട്. റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. 'വളരെ അപകടകാരിയായ ഒരു മനുഷ്യനെ' യുഎസ് ഇന്ത്യയ്ക്ക് കൈമാറുകയാണെന്ന് ട്രംപ് പറഞ്ഞത്. ഈ നിലപാടിനെ അഭിനന്ദിച്ച മോദി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. തന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് നടപടിക്കെതിരെ റാണ തുടര്‍ച്ചയായി യുഎസ് കോടതികളില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കീഴ്ക്കോടതികള്‍ അപ്പീലുകള്‍ തള്ളിയതോടെയാണ് യുഎസ് സുപ്രീം കോടതിയെ റാണ സമീപിച്ചത്. ഇപ്പോള്‍ അതും തള്ളിയിരിക്കയാണ്.
റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതോടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ചോദ്യംചെയ്യലിലേക്കും വിചാരണാ നടപടികളിലേക്കും കടക്കാന്‍ സാധിക്കും. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള വ്യവസായിയും, കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയ്ക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഭീകരരുമായും പാക് നേതാക്കളുമായും ബന്ധിപ്പെട്ടിരുന്നതായും ഇന്ത്യ കണ്ടെത്തിയിരുന്നു. പാക് - യുഎസ് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നു തെളിവുണ്ട്. അമേരിക്കന്‍ സുപ്രീം കോടതി ഹരജി തള്ളിയതോടെ, റാണയുടെ ജീവതകഥയും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.