മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. ഡല്‍ഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ത്യയിലെത്തിയ റാണയെ ദേശീയ അന്വേഷണ ഏജന്‍സി ഉടന്‍ അറസ്റ്റ് ചെയ്യും. തുടര്‍ന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകും. എന്‍ഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും. റാണയെ തിഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

റാണയ്ക്ക് കമാന്‍ഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അകമ്പടിയിലാണ് റാണയെ കൊണ്ടുവരുന്നത്. റാണയെ കൊണ്ടുവരുന്ന വിമാനത്തിന്റെ റൂട്ട് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. തഹാവൂര്‍ റാണയെ കൊണ്ടുവരുന്ന റൂട്ടിലടക്കം അര്‍ധസൈനികരുടെ സുരക്ഷ വിന്യാസവും ഒരുക്കിയിരുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ണായക നീക്കങ്ങളാണ് കൊടുംഭീകരനെ ഇന്ത്യയിലെത്തിക്കാനുളള കൈമാറ്റത്തിനു ഇടയാക്കിയത്. ഡിജി അടക്കം 12 ഉദ്യോഗസ്ഥരാണ് റാണയെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്യുക. റാണയ്‌ക്കെതിരെയുള്ള ദേശിയ അന്വേഷണ ഏജന്‍സിയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നരേന്ദര്‍ മാനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്നു വര്‍ഷത്തെക്കാണ് നിയമനം.

നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസ്സങ്ങള്‍ പൂര്‍ണമായി നീങ്ങിയത്. എന്‍ഐഎയിലെയും സിബിഐയിലെയും ആറംഗസംഘം കഴിഞ്ഞ ഫെബ്രുവരി മുതല്‍ യുഎസിലുണ്ട്. ഭീകരബന്ധക്കേസില്‍ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദര്‍ശിക്കാന്‍ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചുനല്‍കിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെത്തിക്കുന്ന റാണയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യും.

ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് തഹാവൂര്‍ റാണയിലൂടെ തെളിവ് ശേഖരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ പല നീക്കങ്ങളും നേരിട്ടറിയാവുന്ന തഹാവൂര്‍ റാണയില്‍ നിന്ന് ഇക്കാര്യം ശേഖരിക്കാനാകും കേന്ദ്ര ഏജന്‍സികളുടെ നീക്കം. അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണത്തില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുമാറി. തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

ആരാണ് തഹാവൂര്‍ റാണ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2008 നവംബര്‍ 26 നാണ് ഭീകര ആക്രമണത്തില്‍ നടുങ്ങിയത്. 60 മണിക്കൂറുകളോളം നീണ്ട ഈ ആക്രമണം രാജ്യത്തെ നടുക്കി. ആ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ പ്രധാനിയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിട്ടു കിട്ടിയിരിക്കുന്ന തഹാവൂര്‍ റാണ. തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. പാക്ക് വംശജനും കനേഡിയന്‍ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കര്‍ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്.

ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നല്‍കിയതിം റാണയുടെ സ്ഥാപനമാണ്. റാണ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ യുഎസ് 2023 ല്‍ തീരുമാനിച്ചു.ഇതിനെതിരെ യുഎസിലെ വിവിധ കോടതികളില്‍ റാണ നല്‍കിയ അപ്പീലുകള്‍ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ കഴിഞ്ഞ ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.

കടല്‍ വഴി ബോട്ടിലെത്തിയ 10 ലഷ്‌കര്‍ ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, താജ് ഒബ്‌റോയ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.