തായ്‌പേയ്: 100 വയസ് കഴിഞ്ഞാലും മനുഷ്യന്റെ ദാഹവും മോഹവും പലപ്പോഴും ചര്‍ച്ചയാകാറുള്ളതാണ്. തായ്വാനില്‍ ഒരു 102 വയസുകാരനായ കോടീശ്വരന്‍ രഹസ്യ വിവാഹം കഴിക്കാന്‍ നടത്തിയ നീക്കം മക്കള്‍ പൊളിച്ചതിന്റെ രസകരമായ കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇയാള്‍ തന്റെ പരിചാരകയെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും സമ്പത്ത് മുഴുവന്‍ അവര്‍ക്ക് നല്‍കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അയാളെ തട്ടിക്കൊണ്ടുപോകുക ആയിരുന്നു.

ഈ മാസം മൂന്നിന് തായ്വാനിലെ തായ്‌പേയിയിലെ സോങ്ഷാന്‍ ജില്ലയിലെ ഒരു ആശുപത്രിക്ക് പുറത്താണ് സംഭവം നടന്നത്. വാങ് എന്ന കുടുംബപ്പേര് ഉള്ള ഈ വ്യവസായി, തന്റെ പുതിയ ഭാര്യ കൊണ്ടു വന്ന വീല്‍ചെയറില്‍ ഇരുന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു. പ്രവേശന കവാടത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും മൂന്ന് മരുമക്കളും നാല് പേരക്കുട്ടികളും കാത്തുനില്‍ക്കുകയായിരുന്നു. ദമ്പതികള്‍ പുറത്തുവന്നപ്പോള്‍, ബന്ധുക്കള്‍ മുന്നോട്ട് കുതിച്ചു, വൃദ്ധന്റെ പുതിയ ഭാര്യയായ ലായിയെ തള്ളിമാറ്റി വീല്‍ചെയറിന്റെ നിയന്ത്രണം പിടിച്ചെടുത്ത് വൃദ്ധനെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.

പുതിയ ഭാര്യ പെട്ടെന്ന് തന്നെ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിക്കാനും തുടങ്ങിയിരുന്നു. തുടര്‍ന്ന് ലായിയും വൃദ്ധന്റെ കുപടുംബാംഗങ്ങളും തമ്മില്‍ ഉന്തും തള്ളും നടന്നു. അതിനിടയില്‍ ലായിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വൃദ്ധന്‍ അവരുടെ അച്ഛനും അമ്മായിയപ്പനുമാണെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ അവരോടൊപ്പം കൊണ്ടുപോകുകയും ചെയ്തു. ജനുവരി 5 ന് 102 വയസ്സുള്ള വാങ്, 68 വയസ്സുള്ള ലായുമായി രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സംഘര്‍ഷം ഉണ്ടായത്.

ജനുവരി 8 ന് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചപ്പോഴാണ് വിവാഹം നടന്നതായി അറിഞ്ഞതെന്നും തുടര്‍ന്ന് പ്രവേശനം നിഷേധിച്ചതായും വാങ്ങിന്റെ മക്കള്‍ പറയുന്നു. അച്ഛനെ പരിചരിക്കാന്‍ എത്തിയ ലായി മക്കള്‍ അച്ഛനെ കാണുന്നത് തടയുകയും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി മക്കള്‍ കുറ്റപ്പെടുത്തി. തന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി ലായി നടത്തിയ ഗൂഡനീക്കമാണ് ഇതെന്നും അവര്‍ വാദിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാങ് ഏഴ് പ്ലോട്ടുകളും 1.9 മില്യണ്‍ പൗണ്ട് ഇന്‍ഷുറന്‍സ് പോളിസിയും ലായിക്കും അവരുടെ കുട്ടികള്‍ക്കും കൈമാറി. ഇത് ഏകദേശം 4.7 മില്യണ്‍ പൗണ്ട് വരും. അദ്ദേഹത്തിന്റെ ആകെ ആസ്തി 16 മില്യണ്‍ പൗണ്ട് മുതല്‍ 18.7 മില്യണ്‍ പൗണ്ട് വരെയാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ലായി ഇതെല്ലാം നിഷേധിക്കുകയാണ്. തന്നെ പരസ്യമായി അവഹേളിച്ചതിന് എതിരെ അവര്‍ പരാതി നല്‍കിയിരിക്കുകയാണ്.

വിവാഹം രജിസ്റ്റര്‍ ചെയ്തപ്പോള്‍ വാങ്ങിന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞതായും ഔപചാരിക നിയമപരമായ ആവശ്യകതകള്‍ നിറവേറ്റിയതായും രജിസ്ട്രേഷന്‍ അധികാരികള്‍ പറഞ്ഞു. തായ്വാനീസ് നിയമപ്രകാരം, നിയമപരമായ ശേഷിയുള്ള വ്യക്തികള്‍ക്ക് പ്രായം കണക്കിലെടുക്കാതെ വിവാഹം കഴിക്കാം. പരിചാരികയും വൃദ്ധന്റെ കുടുംബവും തമ്മിലുള്ള തര്‍ക്കം നിയമനടപടികളിലേക്ക് നീങ്ങുന്നതിനാല്‍ വിവാഹത്തിന്റെ സാധുതയും സ്വത്ത് കൈമാറ്റവും ഇനി കോടതി തീരുമാനിക്കും.