തളിപ്പറമ്പ്: തളിപ്പറമ്പിലെ തീയണക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ അഗ്‌നിശമനസേനക്കോ ഒരു തരത്തിലുള്ള അപര്യാപ്തതയും കാര്യക്ഷമതക്കുറവും അനുഭവപ്പെട്ടിരുന്നില്ലെന്ന് അഗ്‌നിശമനകേന്ദ്രങ്ങള്‍ അറിയിച്ചു. സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയായിട്ടാണ് അധികൃതരുടെ വിശദീകരണം.

തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ല്ക്‌സിലുണ്ടായ തീപിടുത്തത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ അതിവേഗം കഴിഞ്ഞുവെന്ന് കണ്ണൂര്‍ ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു. കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് നേട്ടമായെന്നും അദ്ദേഹം അറിയിച്ചു. ദൗത്യസംഘം കെട്ടിടത്തിനകത്തേക്ക് കടന്ന് പരിശോധന നടത്തി. ക്രെയിന്‍ എത്തിച്ചാണ് ദൌത്യം പൂര്‍ത്തിയാക്കിയത്.

ദേശീയപാത നിര്‍മ്മാണ കമ്പനിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കൂടുതല്‍ വെള്ളം എത്തിച്ചാണ് തീപിടുത്തം നിയന്ത്രണവിധേയനമാക്കിയത്. ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, കണ്ണൂര്‍ റൂറല്‍ എസ് പി അനൂജ് പലിവാല്‍ എന്നിവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കി. 100 ഓളം കടകള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു.

വൈകിട്ട് 5.15 ന് വിവരം ലഭിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീകെടുത്താനുള്ള നടപടിക്രമങ്ങല്‍ ആരംഭിച്ചിരുന്നു.

പിന്നീടാണ് മറ്റ് യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയത്. ജീവന്‍പോലും പണയപ്പെടുത്തിയാണ് ജയ ഫാഷന്‍ ജ്വല്ലറിയില്‍ ഓക്സിജന്‍ മാക്സ് ധരിച്ച് കയറി സ്വത്തുവകകള്‍ പുറത്തെടുക്കാന്‍ സാധിച്ചത്.

തളിപ്പറമ്പ് അഗ്‌നിശമനനിലയത്തിന് കീഴില്‍ കാക്കത്തോട്, നഗരസഭ ഓഫീസിന് സമീപം, നാടുകാണി, പട്ടുവം, ധര്‍മ്മശാല, കൂനം, കാഞ്ഞിരങ്ങാട് എന്നിവിടങ്ങളില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ ചെലവില്‍ വെള്ളം ശേഖരിക്കാനുള്ള ഫയര്‍ഹൈഡ്രന്റുകള്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക്മുമ്പേ തന്നെ വാട്ടര്‍ അതോറിറ്റിക്ക് ഫണ്ട് അനുവദിച്ചിരുന്നു.

എന്നാലിത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ഇതുകൂടാതെ നഗരത്തില്‍ മാര്‍ക്കറ്റ് റോഡിലും മുതുകുട ഓയിില്‍ മില്ലിലും തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ സ്ഥാപനങ്ങളില്‍ ഫയര്‍ എസ്റ്റിംങ്ങ്യൂഷര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരികളോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് അഗ്‌നിശമനസേന കേന്ദ്രങ്ങള്‍ പറഞ്ഞു.

ഇന്നലെ തീ ആദ്യം പടര്‍ന്ന കെട്ടിടത്തില്‍ ഫയര്‍ എസ്റ്റിംങ്യൂഷര്‍ ഉണ്ടായിരുന്നെങ്കില്‍ വളരെ പെട്ടെന്ന് തന്നെ തീയണക്കാന്‍ സാധിക്കുമായിരുന്നു.

മാത്രമല്ല, കെ.വി.കോംപ്ലക്സ് എന്ന വ്യാപാരസമുച്ചത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മിതികാരണം കെട്ടിടത്തിന് പിറകിലൂടെ എത്തി തീയണക്കാനും അഗ്‌നിശമനസേനക്ക് സാധിച്ചില്ലെന്ന വിശദീകരണമുണ്ട്. ഇതിനിടെ തളിപ്പറമ്പ് തീപിടിത്തത്തില്‍ കടകള്‍ കേസെടുത്ത് പൊലിസ് അന്വേഷണമാരംഭിച്ചു.

കെ. വി കോംപ്‌ളക്‌സ് ഉടമ പി.പി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. തീ പടര്‍ന്നത് കെട്ടിടത്തിന്റെ മുന്‍വശമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന സംശയമാണ് പരാതി പറയുന്നത്. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികള്‍ പരാതിയില്‍ പറയുന്നു. അന്‍പത് കടകളാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി കോംപ്കളസില്‍ കത്തി നശിച്ചത്.