ച=ന്നെ: മലയാള സിനിമയില്‍ സ്ത്രീകള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ വെളിവാക്കിയ ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ പ്രകമ്പനങ്ങള്‍ തമിഴ്നാട്ടിലേക്കും. അതുപോലെ ഒന്നും ഇവിടെ നടക്കുന്നില്ലെന്ന് പറഞ്ഞ ജീവ അടക്കമുള്ള പ്രമുഖ നടന്‍മ്മാര്‍ തടിയൂരാന്‍ ശ്രമം നടത്തിയെങ്കിലും, ഹേമ കമ്മറ്റിപോലെ ഒരു സമിതി തമിഴ്നാട്ടിലും വേണമെന്ന അഭിപ്രായത്തിലാണ് ബിജെപി നേതാവ് കൂടിയായ നടി ഖുഷ്ബു അടക്കമുള്ളവര്‍. തമിഴകത്തെ പ്രമുഖ നടിയായ രാധികാ ശരത്കുമാര്‍ മലയാള സിനിമയില്‍ താന്‍ കണ്ട ചിലകാര്യങ്ങള്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. രാധികയുടെ അഭിപ്രായം തമിഴ് മാധ്യമങ്ങളും ഏറ്റുപിടിച്ചു. അതോടെയാണ് ടോളിവുഡിലും ഇത്തരം ഒരു കമ്മറ്റിവേണമെന്ന അഭിപ്രായം ശക്തമായത്. എന്നാല്‍ രജനീകാന്ത് അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ ഈ വിഷയത്തില്‍ ഒന്നുമറിയില്ല എന്ന നിലപാടാണ് എടുത്തത്.

എന്നാല്‍ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ഇതിനിടയില്‍ ഉണ്ടായി. ഹേമ കമ്മിറ്റിയെ അനുകൂലിച്ച് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ രംഗത്ത് എത്തിയിരുന്നു. തമിഴകത്തും ഇത്തരം സമിതി ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ മീ ടുവന്നത് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്.

വിശാല്‍ സ്ത്രീലമ്പടനെന്ന്

നേരത്തെ, വിശാലിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഡിയാണ് വീണ്ടും രംഗത്ത് എത്തിയത്. പക്ഷേ അന്ന് അത് വലിയ ചര്‍ച്ചയായിരുന്നില്ല. "സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ, സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നു. നീ സ്ത്രീകളെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷ, നല്ല ആളുകള്‍ക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നിവയെല്ലാം എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എക്കാലവും ഫ്രോഡാണ്. ലോകത്തിന് നീ എത്ര വലിയ ഫ്രോഡാണെന്ന് അറിയാം.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങള്‍ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നില്ല. ജീവിതത്തില്‍ എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?, വിവാഹം നിശ്ചയം മുടങ്ങി, എന്തുകൊണ്ട്?, അടുത്ത തവണ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. ഒരു സംഘടനയില്‍ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂയെന്ന് ശ്രീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ കൈയില്‍ ചെരുപ്പുകളുടെ വലിയൊരു കലക്ഷനുണ്ട്. വേണമെങ്കില്‍ അറിയിക്കൂ"- ഇങ്ങനെയാണ് ശ്രീ റെഡ്ഡി
ഫേസ്ബുക്കില്‍ കുറിപ്പച്ചത്.

വിശാല്‍ തന്നെയുള്‍പ്പെടെ നിരവധി സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നേരത്ത ശ്രീ റെഡ്ഡി ആരോപിച്ചത്. അവസരത്തിന് വേണ്ടി നിരവധി സ്ത്രീകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നെന്നും വിശാല്‍ മോശം വ്യക്തിയാണെന്നുമാണ് ശ്രീ റെഡ്ഡി ആരോപണങ്ങള്‍. ഈ ആരോപണത്തില്‍ വിശാല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കവിയും ഗാനരചയിതാവുമായ വൈരമുത്തു അടക്കമുള്ളവര്‍ക്കുനേരെ, നേരത്തെയും മീ ടു ആരോപണം ഉണ്ടായിരുന്നു.

തട്ടിക്കയറി ജീവ

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തകരും തമിഴ് നടന്‍ ജീവയും തമ്മില്‍ വാക്കേറ്റമുണ്ടായി. തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു.

എന്നാല്‍ നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മറുപടി നല്‍കിയത്. വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് ജീവ ക്ഷുഭിതാനായി ഇറങ്ങിപ്പോവുകയായിരുന്നു.

മലയാള സിനിമാ സെറ്റില്‍ കാരവനില്‍ ഒളിക്യാമറ വെച്ചതായും നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തത് താന്‍ കണ്ടെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് തമിഴ്‌നാട്ടില്‍ തുടക്കമിട്ടിരിക്കുന്നത്. ദേശീയ തലത്തിലും ഇത് വാര്‍ത്തയായി. ഇതോടെ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

തമിഴിലും കമ്മറ്റി വേണമെന്ന് ഖുഷ്ബു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകിയതെന്ന ചോദ്യവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതിക്കായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു. മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്നും ഖുശ്ബു പ്രതികരിച്ചു.

സ്ത്രീകള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പുരുഷന്‍മാര്‍ തയാറാകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. സിനിമ ഇന്‍ഡസ്ട്രിയിലെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നതിന് മീടു മൂവ്‌മെന്റ് തുടക്കമിട്ടു. പോരാട്ടഭൂമിയില്‍ ഉറച്ചു നിന്ന് വിജയം കൊയ്‌തെടുത്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍. ലൈംഗികാതിക്രമങ്ങള്‍ തുറന്നു കാട്ടാന്‍ ഹേമ കമ്മിറ്റി അനിവാര്യമായിരുന്നു. കരിയറിന്റെ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദവും എല്ലായിടത്തും ഉള്ളതാണ്. സ്ത്രീകളെ പോലെ പുരുഷന്‍മാരും അത് അനുഭവിക്കുന്നുണ്ട്. എന്നാല്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് മാത്രം.

അതിജീവിതകള്‍ നിങ്ങള്‍ക്കും എനിക്കും അപരിചിതരായിരിക്കാം. എന്നാല്‍ നമ്മുടെ പിന്തുണ അവര്‍ക്ക് ആവശ്യമുണ്ട്. അവരെ കേള്‍ക്കാന്‍ തയാറാകണം. അവര്‍ക്ക് നമ്മളില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കണം. എന്തുകൊണ്ട് നേരത്തേ പരാതി നല്‍കാന്‍ തയാറായില്ല എന്ന് ചോദിക്കുന്നതിന് പകരം അവരുടെ അന്നത്തെ സാഹചര്യം കൂടി നമ്മള്‍ പരിഗണിക്കണം. എല്ലാം തുറന്നു പറയാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിജീവിതകള്‍ക്കൊപ്പം നില്‍ക്കണം. അവര്‍ക്ക് നിരുപാധിക പിന്തുണ നല്‍കണം. ഇതാണ് പുരുഷന്‍മാരോട് എനിക്ക് പറയാനുള്ളതെന്നും ഖുശ്ബു പറഞ്ഞു.

നിങ്ങളുടെ തുറന്നുപറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും ഖുശ്ബു പറഞ്ഞു.

ഒന്നുമറിയില്ലെന്ന് രജനീകാന്ത്

അതിനിടെ, മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് സൂപ്പര്‍താരം രജനീകാന്ത് പ്രതികരിച്ചതും വലിയ വാര്‍ത്തയായി. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി രൂപീകരിച്ച് അന്വേഷണം വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല, തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം.

അതുപോലെ കമലഹാസനും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. നേരത്തെ കമലിന്റെ പല ചിത്രങ്ങളിലും നടികളെ ഉപയോഗിക്കാനായി റീ ടേക്കുകള്‍ നടന്നു എന്നത് അടക്കം ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ ആരും പരാതി പറയാന്‍ തയ്യാറായിട്ടില്ല. മലയാളത്തിലെതുപോലെ സംഘടിതമായ രീതിയില്‍ അല്ലെങ്കിലും തമിഴിലും ലൈംഗിക അതിക്രമങ്ങളും, കാസ്റ്റിച്ച് കൗച്ചും ഉണ്ടെന്ന പരാതി നേരത്തെയുണ്ട്. നടമ്മാരായ വടിവേലൂ, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവരൊക്കെ ഇക്കാര്യത്തില്‍ ആരോപണ വിധേയരായിട്ടുമുണ്ട്.