പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍, തന്ത്രി കണ്ഠരര് രാജീവരെ കുരുക്കിലാക്കിയത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പ്രതിപ്പട്ടികയിലുള്ളവര്‍ പരസ്പരം പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്ന കാഴ്ചയായിരുന്നു ആദ്യം. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. വ്യക്തമായ മൊഴികളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തില്‍, എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പോറ്റിയുടെ ശക്തി തന്ത്രി

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്നിധാനത്ത് അതിശക്തനായത് തന്ത്രിയുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയത് തന്ത്രി രാജീവരാണെന്നും, തന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് പോറ്റിയുമായി അടുത്തതെന്നും പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

20 വര്‍ഷത്തോളമായി തന്ത്രിക്ക് പോറ്റിയുമായി ഉറ്റ ബന്ധമുണ്ട്. ഈ ബന്ധമാണ് സ്വര്‍ണ്ണക്കൊള്ളയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളിലേക്ക് വഴിമാറിയതെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി. പുറത്തേക്ക് കൊണ്ടുപോയ സ്വര്‍ണ്ണം സന്നിധാനത്ത് വെച്ച് ചെയ്യാവുന്ന അറ്റകുറ്റപ്പണികള്‍ എന്തിനാണ് പുറത്തേക്ക് കൊണ്ടുപോയതെന്ന ചോദ്യത്തിന് പത്മകുമാറിന്റെ മറുപടി ഇപ്രകാരമായിരുന്നു:സന്നിധാനത്ത് ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ ചെയ്യാന്‍ സൗകര്യമില്ലാത്തതിനാലാണ് മാനുവല്‍ ലംഘിച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് പത്മകുമാറിന്റെ വാദം. എന്നാല്‍ ഈ പഴുതുപയോഗിച്ചാണ് സ്വര്‍ണ്ണം കടത്തിയതെന്ന് എസ്‌ഐടി കണ്ടെത്തി.

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് എസ് ഐ ടിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ എ പത്മകുമാറിന്റെ അടക്കം മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് തന്ത്രിയെ വിളിച്ചുവരുത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലും തന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് അപേക്ഷിച്ചപ്പോള്‍ അനുമതിയും ദേവന്റെ അനുജ്ഞയും നല്‍കുകയാണു ചെയ്തിരുന്നുവെന്നും ദ്വാരപാലക ശില്‍പത്തിലെ 'സ്വര്‍ണ അങ്കി'യുടെ നിറം മങ്ങിയതിനാല്‍ നവീകരിക്കാം എന്നാണ് അനുമതിയില്‍ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവരര് പറഞ്ഞിരുന്നു.

രാഷ്ട്രീയ ബന്ധങ്ങളും സംശയനിഴലില്‍

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് മുന്‍ മന്ത്രിമാരുമായി ഉള്‍പ്പെടെ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതായി പത്മകുമാറിന്റെ മൊഴിയിലുണ്ട്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്ന് പോറ്റി അവകാശപ്പെട്ടിരുന്നതായി പത്മകുമാര്‍ എസ്‌ഐടിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് ആചാരപരമായ അനുമതി മാത്രമാണ് നല്‍കിയതെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവരുടെ ആദ്യ മൊഴി. എന്നാല്‍ തന്ത്രിയാണ് പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തന്ത്രിയുടെ വാദങ്ങളെ ദുര്‍ബലമാക്കി.