തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ വാക്‌പോരും നിയമപോരാട്ടവും കടുക്കുന്നു. തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയപ്പോള്‍, സര്‍ക്കാരിനെതിരെ പ്രതിരോധവുമായി കോണ്‍ഗ്രസ് നിലയുറപ്പിച്ചു. അതേസമയം, കീഴ്‌ക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം (SIT).

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം വി ഗോവിന്ദന്‍

തന്ത്രി കണ്ഠര് രാജീവര്‍ പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്നും സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. കേസിലെ മറ്റൊരു പ്രതിയായ പോറ്റിയെ നിയമിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസ് മൗനത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെയായി വരുമ്പോള്‍ എല്ലാം വാര്‍ത്തയാകുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ വന്നാല്‍ വാര്‍ത്തയല്ല. കോണ്‍ഗ്രസുകാര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസിന് മിണ്ടാട്ടമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇ.ഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ശബരിമലയിലെ ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെടാന്‍ പാടില്ല. ആരെയും സംരക്ഷിക്കില്ല. ഞങ്ങളുടെ നിലപാട് എല്ലാവരേയും പിടിക്കണമെന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഞങ്ങള്‍ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയില്‍ പറയുകയാണ് യു.ഡി.എഫും ബി.ജെ.പിയും. യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.

പ്രതിപക്ഷ പ്രതിരോധം: 'മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കം'

എന്നാല്‍, സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാനാണ് തന്ത്രിയെ കരുവാക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കടകംപള്ളി സുരേന്ദ്രനിലേക്കും ദേവസ്വം മന്ത്രി വി.എന്‍. വാസവനിലേക്കും അന്വേഷണം നീളാതിരിക്കാനാണ് തന്ത്രിയെ 41 ദിവസം ജയിലിലടച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നും സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

നിയമപോരാട്ടം: ഹൈക്കോടതിയിലേക്ക്

അതേസമയം, തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കൊല്ലം കോടതിയുടെ ഉത്തരവിനെതിരെ എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കും. കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും വസ്തുതകള്‍ പരിശോധിക്കാതെ ഉള്ളതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആക്ഷേപം. നിര്‍ണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കീഴ്‌ക്കോടതി വിധി കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്.

സര്‍ക്കാര്‍ നിലപാട്: 'ഉത്തരവില്‍ അസാധാരണത്വം'

വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ചു കൊണ്ട് നിയമമന്ത്രി പി. രാജീവ് രംഗത്തെത്തി. തന്ത്രിക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവ് ഒരു സുപ്രീം കോടതി വിധി പോലെ അസാധാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ജാമ്യത്തിനെതിരായ അപ്പീലില്‍ സര്‍ക്കാര്‍ പ്രത്യേകം അഭിപ്രായം പറയേണ്ടതില്ലെന്നും അത് അന്വേഷണ സംഘത്തിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.