- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ശോഭാ ജോണിന്റെ ഹണിട്രാപ്പ്; നഗ്നനാക്കി ബ്ലാക്ക് മെയിലിംഗ്! ഗണപതിയുടെ നാള്‍ പോലും അറിയാതെ ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് മുന്നില്‍ പകച്ച 'കണ്ഠരര് മോഹനര്; അമ്മയെ ചതിച്ചും കോടികള്‍ വാഗ്ദാനം ചെയ്തും വിവാദം; ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ രാജീവരും; താഴമണ്‍ മഠത്തെ വേട്ടയാടുന്ന കറുത്ത ചരിത്രം!
താഴമണ്‍ മഠത്തെ വേട്ടയാടുന്ന കറുത്ത ചരിത്രം!
കൊച്ചി: ശബരിമലയില്‍ കണ്ഠരര് മഹേഷ് മോഹരരുടെ കാലാവധി കഴിഞ്ഞാല്‍ അടുത്ത ഊഴം കണ്ഠരര് രാജീവരുടേതായിരുന്നു. അതിനിടെയാണ് അദ്ദേഹം ശബരിമല സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റിലാകുന്നത്. തന്ത്രി കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍, താഴമണ്‍ മഠത്തിനാകെ തീരാത്ത കളങ്കമാകും. മുമ്പ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത 'തന്ത്രി ഹണിട്രാപ് 'കേസാണ് നേരത്തെ കുടുബത്തിന് വലിയ തലവേദനയായത്.
തന്ത്രി ഹണിട്രാപ് കേസ്
2006 ജൂലൈ 23നാണു സംഭവം. തന്റെ പുതിയ ഫ്‌ലാറ്റിലേക്ക് വീട്ടുജോലിക്കാരെ അന്വേഷിച്ചാണ് തന്ത്രി കണ്ഠരര് മോഹനര് ശോഭാ ജോണിന്റെ (വനിതാ ഗൂണ്ട) ഫ്‌ലാറ്റിലെത്തിയത്. ശാന്ത എന്ന സ്ത്രീ ഏര്‍പ്പാടാക്കിയ ജോലിക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ തന്ത്രി വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ ശോഭയും സംഘവും മാരകായുധങ്ങളുമായി അവിടെ കാത്തിരുന്നു.
മുന്‍പ് മൂന്നുതവണ തന്ത്രി ശോഭയുടെ ഫ്ളാറ്റില്‍ എത്തിയിരുന്നു. മോഹനര് വരുമെന്നു മുന്‍കൂട്ടി അറിഞ്ഞ ശോഭാ ജോണ്‍, ബെച്ചു റഹ്‌മാന്‍ എന്ന ഗൂണ്ടയും കൂട്ടാളികളുമായി ചേര്‍ന്ന് പദ്ധതിയിട്ട പ്രകാരം പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. മോഹനര് ഫ്ളാറ്റിലെത്തിയപ്പോള്‍ കത്തിയും കളിത്തോക്കും മറ്റും കാണിച്ച് ഭീഷണിപ്പെടുത്തി ശരീരത്തിലണിഞ്ഞിരുന്ന 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും 20,000 രൂപയും കവര്‍ന്നെടുത്തു. തുടര്‍ന്ന് ശാന്തയെയും മോഹനരെയും ബലംപ്രയോഗിച്ച് നഗ്‌നരാക്കി വിവിധ പോസുകളിലുള്ള ഫോട്ടോയെടുത്തു. ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണു കേസ്.
2012 ഓഗസ്റ്റില്‍ ശോഭ ജോണ്‍ അടക്കം മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. തന്ത്രിയെ കുടുക്കിയതിന്റെ ബുദ്ധി കേന്ദ്രം ശോഭാ ജോണും ബെച്ചു റഹ്‌മാനുമാണെന്ന് കോടതി കണ്ടെത്തി. തന്ത്രി ഇവരുടെ ഫ്ളാറ്റില്‍ എത്തിയത് അനാശാസ്യത്തിന് അല്ലെന്ന് വിലയിരുത്തിയ കോടതി മറിച്ച് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. കോടതി വിധി അനുകൂലമായെങ്കിലും, ഈ കേസ് തന്ത്രി കണ്ഠരര് മോഹരര്‍ക്ക് ഉണ്ടാക്കി വച്ച ചീത്തപ്പേര് ചില്ലറയല്ല.
ഇതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ തന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും സന്നിധാനത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.
വേദവുമറിയില്ല, മന്ത്രവുമറിയില്ല; പരിപൂര്‍ണ്ണന്‍ കമ്മീഷന് മുന്നില്‍ പകച്ചുപോയ തന്ത്രി
തന്ത്രി കണ്ഠരര് മോഹനരരുടെ താന്ത്രിക ജ്ഞാനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ശബരിമലയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ നടത്തിയ വിസ്താരത്തില്‍, തന്ത്രി എന്ന നിലയില്‍ പുലര്‍ത്തേണ്ട പ്രാഥമിക അറിവ് പോലും മോഹനരര്‍ക്കില്ലെന്ന് വ്യക്തമായി.
ദേവസ്വം ബോര്‍ഡിന്റെ പൂജാരിമാരെ തിരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡിലെ പ്രധാന അംഗമായിരുന്നിട്ടും തനിക്ക് സംസ്‌കൃതം അറിയില്ലെന്ന് മോഹനരര്‍ കമ്മീഷന് മുന്നില്‍ സമ്മതിച്ചു. സംസ്‌കൃതം അറിയാതെ എങ്ങനെ മാര്‍ക്കിടും എന്ന ചോദ്യത്തിന്, അവര്‍ ചെയ്യുന്ന പൂജകള്‍ക്ക് മാര്‍ക്കിടുക മാത്രമാണ് തന്റെ ജോലിയെന്നായിരുന്നു വിചിത്രമായ മറുപടി.
വേദങ്ങളോ വേദമന്ത്രങ്ങളോ പഠിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു ഉത്തരം. ഭാഗ്യസൂക്തം പോലും അറിയാത്ത ഒരാള്‍ എങ്ങനെയാണ് ഗണപതി ഹോമം നടത്തുക എന്ന കമ്മീഷന്റെ ചോദ്യത്തിന് മുന്നില്‍ മോഹനരര് നിശബ്ദനായിരുന്നു. ഏവര്‍ക്കും അറിയാവുന്ന പ്രാഥമിക കാര്യമായ 'ഗണപതി ഭഗവാന്റെ നാള്‍' ഏതാണെന്ന ചോദ്യത്തിന് പോലും 'അറിയില്ല' എന്ന ഉത്തരമാണ് ശബരിമല തന്ത്രിയില്‍ നിന്നുണ്ടായത്.
തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിന്, താന്‍ ഒരു പാരമ്പര്യ താന്ത്രിക കുടുംബത്തിലെ അംഗമാണെന്ന മറുപടിയാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇതില്‍ പ്രകോപിതനായ ജസ്റ്റിസ് പരിപൂര്‍ണ്ണന്‍, 'അച്ഛന്‍ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് മകന് കാണണമെന്നില്ല' എന്ന് മോഹനരരെ ഓര്‍മ്മിപ്പിച്ചു.
മറ്റേതോ മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് താന്‍ ശബരിമലയില്‍ പൂജകള്‍ നടത്തുന്നതെന്ന മോഹനരരുടെ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച കമ്മീഷന്‍, കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ലെന്ന് പറഞ്ഞ് വിസ്താരം അവസാനിപ്പിക്കുകയായിരുന്നു.
പണം തട്ടിയെടുത്തെന്ന് അമ്മയുടെ പരാതി
ഇതിനുപുറമേ കണ്ഠരര് മോഹനരര്‍ വീണ്ടും ഗുരുതരമായ ആരോപണങ്ങളില്‍ കുടുങ്ങി. 2019 ഏപ്രിലില്‍, പരാതിയുമായി രംഗത്തെത്തിയത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ സ്വന്തം അമ്മ ദേവകി അന്തര്‍ജനമായിരുന്നു. പണം തട്ടിയെടുത്തു എന്നതിലുപരി, കുടുംബ മര്യാദകള്‍ പോലും ലംഘിച്ച മകനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു ആ വയോധിക.
ശബരിമല മുന്‍ മുഖ്യതന്ത്രി പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തര്‍ജനം. പ്രായമായ തന്നെ മകനും ഭാര്യയും ചേര്‍ന്ന് വഞ്ചിച്ചുവെന്നാണ് ഇവരുടെ ഹര്‍ജിയില്‍ ആരോപിച്ചത്. ബാങ്ക് ഇടപാടുകള്‍ക്കായി മകനെ ചുമതലപ്പെടുത്തിയ അവസരം ദുരുപയോഗം ചെയ്ത് അക്കൗണ്ടില്‍ നിന്ന് 41 ലക്ഷം രൂപ മോഹനരര്‍ തട്ടിയെടുത്തു. അമ്മയുടെ പേരിലുള്ള ഇന്നോവ കാര്‍ അവരുടെ അനുവാദമില്ലാതെ മറ്റൊരാള്‍ക്ക് വിറ്റു. ഏറ്റവും വേദനാജനകമായ ആരോപണം, സ്വന്തം പിതാവായ കണ്ഠരര് മഹേശ്വരരുടെ ശവസംസ്‌കാര ചടങ്ങുകള്‍ ദേവകി അന്തര്‍ജനത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ല എന്നതാണ്.
അഴിമതി ആരോപണങ്ങളും തന്ത്രിപദത്തിനായുള്ള ശ്രമങ്ങളും
തന്ത്രിസ്ഥാനം തിരിച്ചു കിട്ടാന്‍ മോഹനരര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി മുന്‍ ദേവസ്വം പ്രസിഡന്റ് സി.കെ. ഗുപ്തന്‍ ആരോപിച്ചിരുന്നു. കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോള്‍ ദേവസ്വം അംഗങ്ങളെ പണം നല്‍കി സ്വാധീനിക്കാന്‍ മോഹനരരും കുടുംബവും ശ്രമിച്ചുവെന്നാണ് ആരോപണം.
12 വര്‍ഷത്തെ വിലക്കിന് ശേഷം 2018-ല്‍ അഷ്ടമംഗല ദേവപ്രശ്നത്തിന്റെ മറവില്‍ മോഹനരര്‍ തന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറെ തള്ളിപ്പറഞ്ഞും ആചാര സംരക്ഷണത്തിനായി വാദിച്ചും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു.അടുത്തിടെ, പമ്പയില്‍ നടന്ന അയ്യപ്പസംഗമത്തില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.




