പാലക്കാട്: തങ്ങളുടെ സ്‌കൂള്‍ വളപ്പില്‍ പ്രത്യക്ഷപ്പെടുന്ന ഉഗ്രവിഷമുള്ള നാഗങ്ങളെ ഇനി അധ്യാപകര്‍ തന്നെ പിടികൂടി കാട്ടില്‍ കൊണ്ടു വിടേണ്ടി വരും. ഇതിനായി അധ്യാപകര്‍ക്ക് വനംവകുപ്പ് പരിശീലനം നല്‍കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്നേക്ക് റെസ്‌ക്യൂ ആന്‍ഡ് റിലീസ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് പാലക്കാട് ഡിവിഷന്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ്. ഇത് സംബന്ധിച്ച് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്ത് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാസ്ത്രീയമായ സ്നേക്ക് റസ്‌ക്യൂ & റിലീസ് സംബന്ധിച്ച് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 11 ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഒലവക്കോട് ആരണ്യ ഭവന്‍ കോമ്പൗണ്ടില്‍ വെച്ചാണ് പരിശീലന പരിപാടി നിശ്ചയിച്ചിട്ടുള്ളത്.

പരിപാടിയില്‍ പാലക്കാട് ജില്ലയിലെ താല്പര്യമുള്ള സ്‌കൂള്‍ അദ്ധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് താല്പര്യപ്പെടുന്നുവെന്നാണ് കത്തിലുള്ളത്. ഓഗസ്റ്റ് ആറിന് മുന്‍പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പാമ്പു പിടുത്തവും അധ്യാപകര്‍ ചെയ്യേണ്ടി വരുന്നത്. അധ്യാപനത്തിന് പുറമേ നിരവധി ചുമതലകള്‍ അധ്യാപകര്‍ക്ക് ഉണ്ട്. ഇതിനിടെയാണ് പാമ്പു പിടുത്തം പോലുള്ള ജോലികളും ഏല്‍പ്പിക്കുന്നത്. പാമ്പു പിടുത്തം കഴിഞ്ഞാലുടന്‍ പട്ടി പിടുത്തത്തില്‍ പരിശീലനം നല്‍കുമോ? എന്നാണ് അധ്യാപകരുടെ ചോദ്യം.