അരിസോണ: ചാര്‍ളി കിര്‍ക്കിന്റെ ഘാതകന്‍ ടൈലര്‍ റോബിന്‍സണിനോട് ക്ഷമിച്ചതായി കിര്‍ക്കിന്റെ ഭാര്യ എറിക്ക. ഇന്നലെ കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് കണ്ണീര്‍ വാര്‍ത്തു കൊണ്ട് അവര്‍ ഭര്‍ത്താവിന്റെ ഘാതകനോട് ക്ഷച്ചതായി വ്യക്തമാക്കിയത്. ഉട്ടാ വാലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെ കിര്‍ക്കിനെ വെടിവച്ചു കൊന്ന കേസില്‍ കുറ്റാരോപിതനായ ടൈലര്‍ റോബിന്‍സണെ അഭിസംബോധന ചെയ്തുകൊണ്ടാണ് അരിസോണയിലെ ഗ്ലെന്‍ഡേലിലുള്ള തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭര്‍ത്താവ് തന്റെ കൊലയാളിയോട് ക്ഷമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുകയാണ് എന്നാണ് എറിക്ക പറഞ്ഞത്. അറുപതിനായിരത്തോളം പേരാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. തന്റെ ജീവന്‍ അപഹരിച്ച വ്യക്തിയെ പോലെയുള്ള നിരവധി യുവാക്കളെ രക്ഷിക്കാന്‍ കിര്‍ക്ക് ആഗ്രഹിച്ചതായും എറിക്ക പറഞ്ഞു. എറീക്കയുടെ ഈ വാക്കുകള്‍ വന്‍ ഹര്‍ഷാരാവത്തോടെയാണ് സദസ് സ്വീകരിച്ചത്.




ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ വലിയൊരു വിഭാഗവും കണ്ണീരോടെയാണ് അവരുടെ വാക്കുകള്‍ കേട്ടത്. എറിക്ക കിര്‍ക്കിന് വൈകാരിക വിടവാങ്ങല്‍ നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും മന്ത്രിസഭയിലെ അംഗങ്ങളും ഉണ്ടായിരുന്നു. രണ്ടാം തവണയും തനിക്ക് പ്രസിഡന്റാകാന്‍ കഴിഞ്ഞതില്‍ കിര്‍ക്ക് ഏറെ സഹായിച്ചതായി ട്രംപ് പറഞ്ഞു. തോക്ക് അദ്ദേഹത്തിന് നേരെ ചൂണ്ടിയിരുന്നു, എങ്കിലും വെടിയുണ്ട നമ്മളില്‍ ഓരോരുത്തരെയും ലക്ഷ്യം വച്ചായിരുന്നു' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാര്‍ളി തന്റെ രക്ഷകനായ യേശുക്രിസ്തുവിനൊപ്പം പറുദീസയില്‍ ചേര്‍ന്നുവെന്ന് എറിക്ക പറഞ്ഞപ്പോള്‍ സദസ്സ് മുഴുവന്‍ കരഘോഷം മുഴക്കി. കിര്‍ക്കിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തന്നെ ആശ്വസിപ്പിച്ചതിന് സെക്കന്‍ഡ് ലേഡി ഉഷ വാന്‍സിനോട് എറിക്ക നന്ദി പറഞ്ഞു. കിര്‍ക്ക് മരിക്കാന്‍ തയ്യാറായിരുന്നു എന്നും എറിക്ക പറഞ്ഞു. സദസില്‍ നിന്ന് വലിയൊരു ശതമാനം പേരും എറിക്കയെ സ്നേഹിക്കുന്നതായി വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ട് മുമ്പ് എറീക്കയെ വേദിയിലേക്ക് ക്ഷണിച്ച ട്രംപ് അവരെ ആലിംഗനം ചെയ്തു.





ചടങ്ങില്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കും പങ്കെടുത്തിരുന്നു. മാസങ്ങള്‍ നീണ്ട വാക് പോരാട്ടങ്ങള്‍ക്ക്് ശേഷം ഇതാദ്യാമായിട്ടാണ് ട്രംപും മസ്‌ക്കും കണ്ടു മുട്ടുന്നത്. കിര്‍ക്കിനെ വധിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് റോബിന്‍സണെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇയാള്‍ക്ക് വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളായിരിക്കും ചുമത്തുക. കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങ് ആരംഭിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പരിസരമാകെ നിറഞ്ഞു കവിഞ്ഞിരുന്നു. വൈകിയെത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.

63,000 പേര്‍ക്ക് ഇരിക്കാവുന്ന അരിസോണ സ്റ്റേഡിയത്തിന്റെ അരീനയില്‍ ഒരു ലക്ഷത്തിലധികം പേരാണ് എത്തിച്ചേര്‍ന്നത്. ഇതോടെ സീക്രട്ട് സര്‍വീസും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും ഉയര്‍ന്ന സുരക്ഷാ തലത്തിലുള്ള പരിപാടിയായി അനുസ്മരണ ചടങ്ങിനെ പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 'ഞങ്ങള്‍ ചാര്‍ളി കിര്‍ക്ക് ആണ്' എന്നെഴുതിയ ബാനറുകളും ചുവന്ന ബ്രേസ്ലെറ്റുകളും ധരിച്ചാണ് ജനക്കൂട്ടം സ്റ്റേഡിയത്തില്‍ എത്തിയത്.