- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്‍
ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്?
കൊച്ചി: ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. മാധ്യമങ്ങളില്‍ പലവിധ സിദ്ധാന്തങ്ങളും വരുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല. വ്യോമസേന ആഭ്യന്തരാന്വേഷണം തുടങ്ങി കഴിഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തില്‍ വിംഗ് കമാന്‍ഡര്‍ നമന്‍ സ്യാല്‍ വീരമൃത്യു വരിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, പൈലറ്റ് ഒരു 'സര്‍ക്കുലര്‍ ലൂപ്പ്' അഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് നിമിഷങ്ങള്‍ക്കകം താഴേക്ക് പതിച്ച് തീഗോളമായി മാറുന്നത് കാണാം. ആദ്യ ലൂപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതേ അഭ്യാസം ആവര്‍ത്തിക്കുന്നതിനിടെ പൈലറ്റിന് സ്ഥലപരമായ ദിശാബോധം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കുകയും എയര്‍ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോര്‍ട്ട് തയാറാകും. 115 രാജ്യങ്ങളില്‍ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായില്‍ നടന്ന എയര്‍ ഷോയില്‍ പങ്കെടുത്തത്. ഈ പശ്ചാത്തലത്തില്‍, അപകടം എങ്ങനെ ഉണ്ടായി എന്നുവിശകലനം ചെയ്യുകയാണ് വ്യോമയാന വിദഗ്ധനായ ജേക്കബ് ഫിലിപ്പ്.
പൈലറ്റിന്റെ കുഴപ്പം, അല്ലെങ്കില്‍ പൈലറ്റിനുണ്ടായ കുഴപ്പം, ബാരല്‍ റോള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവ്, വിമാനത്തിന്റെ പറക്കലില്‍ ഉണ്ടായ കുഴപ്പം, വിമാനത്തിന്റെ സാങ്കേതിക തകരാര്‍ എന്നീ കാര്യങ്ങളാണ് ജേക്കബ് ഫിലിപ്പ് ചൂണ്ടിക്കാണിക്കുന്നത്. ബാരല്‍ റോളില്‍ എന്തെങ്കിലും പിഴവ് പൈലറ്റ് സ്വയം വരുത്താന്‍ പരിചയ സമ്പന്നത കണക്കിലെടുക്കുമ്പോള്‍, സാധ്യത കുറവാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
'ശേഷിക്കുന്ന ഏക സാധ്യത, വിമാനം താഴേക്കു പറക്കുമ്പോഴുണ്ടായ ന്യൂന-ഭൂഗുരുത്വാര്‍ഷണ അവസ്ഥയില്‍ പൈലറ്റിന് അല്പനേരത്തേക്ക് ശാരീരികാസ്വസ്ഥത ഉണ്ടായി എന്നതാണ്. താഴേക്കുള്ള കുതിപ്പില്‍ നിന്ന് കരകയറാന്‍ അതിവേഗം ചെയ്യേണ്ടിയ കാര്യങ്ങളില്‍ ഏതാനും സെക്കന്‍ഡ് വ്യത്യാസം വന്നാല്‍ മതി, വിമാനം താഴെ ഇടിച്ചു തകരാന്‍'-ജേക്കബ്.കെ.ഫിലിപ്പ് കുറിച്ചു.
ജേക്കബ് ഫിലിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:-
ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് വിമാനം വീണു തകര്‍ന്ന് നേരത്തോടു നേരം കഴിയുമ്പോള്‍ അപകടമെങ്ങനെയുണ്ടായി എന്ന ചോദ്യം അങ്ങിനെ തന്നെ ശേഷിക്കുകയാണ്.
മാധ്യമങ്ങളില്‍ ഇതിനോടകം വന്ന വിവിധതരം വ്യാഖ്യാനങ്ങളും വിശകലനങ്ങളും അപകടകാരണമായി വിശദീകരിക്കുന്നതിന്റെ ചുരുക്കം ഇതാണ്-
1. പൈലറ്റിന്റെ കുഴപ്പം അല്ലെങ്കില്‍ പൈലറ്റിനുണ്ടായ കുഴപ്പം
*വ്യോമാഭ്യാസ പ്രകടനത്തിന്റെ ഭാഗമായി വിമാനം സ്വയം 360 ഡിഗ്രി തിരിയുന്നതിനിടെ വിമാനം കുതിക്കുമ്പോഴുണ്ടാകുന്ന ന്യൂന-ഭൂഗുരുത്വാകര്‍ഷണത്തില്‍ അഥവാ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി, റെഡ്-ഔട്ട് എന്നു പറയുന്ന ശാരീരികാസ്വാസ്ഥ്യം പൈലറ്റിനുണ്ടായി. ഇതു മൂലം കാഴ്ച മങ്ങാം, തലവേദനയും, തലകറക്കവും ഉണ്ടാകാം. സ്ഥലകാലബോധം നഷ്ടപ്പെടാം. വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വരാം.
* ബാരല്‍ റോള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവ്.
2. വിമാനത്തിന്റെ പറക്കലുണ്ടാക്കിയ കുഴപ്പം
വിമാനം മുകളിലേക്കും പിന്നെ താഴേക്കും വീണ്ടും മുകളിലേക്കും പറക്കുക, അതോടൊപ്പം സ്വയം 360 ഡിഗ്രി തിരിയുകയും ചെയ്യുക- ഇതാണ് ബാരല്‍ റോള്‍. ഒരു വീപ്പയുടെ ഉള്ളില്‍, വിമാനം കയറുകയും ഇറങ്ങുകയും ഒപ്പം കറങ്ങിതിരിയുകയും ചെയ്യുന്നതു പോലെ-
മൂന്നു ഘട്ടമാണ് ഈ റോളില്‍. 1-2 എന്ന മുകളിലേക്കുള്ള കുതിപ്പ്, 2-3 എന്ന താഴേക്കുള്ള പറക്കല്‍, 3-4 എന്ന വീണ്ടും നേരെയാകാനുള്ള നീക്കം. ഇതില്‍ കുഴപ്പമുണ്ടാകാന്‍ ഇടയുള്ളത് 2-3 ഘട്ടത്തിലാണ്. ഇതിനു കാരണം, വിമാനത്തിന്റെ ഡല്‍റ്റ് അഥവാ ത്രികോണാകൃതിയാണ്. ചിറകും വാലും ചേര്‍ന്നുള്ള ഈ ആകൃതി, മുകളിലേക്ക് എത്ര കുത്തനെ അനായാസം പറന്നുകയരാനും വിമാനത്തെ സഹായിക്കുന്നതാണെങ്കിലും, താഴേക്കുള്ള കുതിപ്പ് ലേശം അപകടകരമാക്കുന്നതുമാണ്.
മുകളിലേക്ക് 30-50 ഡിഗ്രിയൊക്കെ ചെരിവില്‍ പറന്നുകയറുമ്പോള്‍ ഈ ത്രികോണച്ചിറക് കീറിമുറിക്കുന്ന വായു, ചിറകിന്റെ ഉപരിതലത്തില്‍ ചുഴികളായി പടരും. ചുഴികളെന്നാല്‍ കുറഞ്ഞ മര്‍ദ്ദം അഥവാ ന്യൂന മര്‍ദ്ദമാണ്. ചിറകിന്റെ മീതേ കുറഞ്ഞ മര്‍ദ്ദവും അടിയില്‍ നിന്ന് മുകളിലേക്ക് കൂടിയ മര്‍ദ്ദവുമെന്നാല്‍, വിമാനത്തെ മുകളിലേക്ക് തള്ളുന്ന, അന്തരീക്ഷത്തില്‍ ഉയര്‍ത്തി നിര്‍ത്തുന്ന ലിഫ്ററ് കൂടുന്നു എന്നാണര്‍ഥം. വിമാനം നല്ല വേഗത്തില്‍ അനായാസം, കുത്തനെ മുകളിലേക്ക് പറക്കും. 1-2 ഘട്ടമാണിത്.
എന്നാല്‍ ബാരല്‍ റോളിന്റെ 2-3 ഘട്ടം അഥവാ താഴേക്കുള്ള പറക്കലില്‍ കഥ മാറും. കാറ്റ് ചിറകിനു മീതേ അനായാസം മുകളിലേക്ക് തെന്നിപ്പറന്നുകയറുമെന്നതിനാല്‍, താഴേക്കു പറക്കുന്ന ത്രികോണ വിമാനച്ചറകില്‍ മേല്‍പ്പറഞ്ഞ ചുഴികളുണ്ടാവുകയില്ല. അതിനാല്‍, മേല്‍പ്പറഞ്ഞ അധിക ലിഫ്റ്റ് കിട്ടുകയില്ല. താഴ്ചയില്‍ നിന്ന് വിമാനത്തിന് വീണ്ടും മുകളിലേക്ക് കുതിക്കണമെങ്കില്‍ പിന്നറ്റത്തുള്ള എലിവോണുകള്‍ മുകളിലേക്കുകയര്‍ത്തി, എന്‍ജിന്റെ ശക്തി പൂര്‍വ്വാധികം കൂട്ടി വേഗം കൂട്ടണം. നേരത്തേ തന്നെ കുറഞ്ഞിരിക്കുന്ന ലിഫ്റ്റ്, വിമാനത്തിന് ഉയരാന്‍ പാകത്തില്‍ കൂടിക്കിട്ടണമെങ്കില്‍ വിമാനം നല്ല വേഗത്തില്‍ നീങ്ങണമെന്നതിനാലാണിത്. കൂടുതല്‍ ദൂരം താഴേക്കു പറക്കണെന്നര്‍ഥം. എന്നാല്‍, വളരെ താഴ്ന്ന നിരപ്പിലായിരുന്ന വിമാനത്തിനും ഭൂമിക്കുമിടയില്‍ ഈ ദൂരം ഇല്ലാതിരുന്നത് അപകടമായി.
3. വിമാനത്തിന്റെ സാങ്കേതിക തകരാര്‍
മുകളിലേക്കും താഴേക്കുമുള്ള അതിദ്രുതമുള്ള പറക്കലും സ്വയം ചുറ്റിത്തിരിയലും സുരക്ഷിതമാകണമെങ്കില്‍ വിമാനം അത്രമേല്‍ ഫിറ്റായിരിക്കണമല്ലോ. ഏതെങ്കിലും ഘടകഭാഗത്തിലോ അതല്ലെങ്കില്‍ വിമാനത്തെ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനത്തിലോ എന്തെങ്കിലും പിഴവു വന്നാല്‍ എല്ലാം പാളിപ്പോകാം. വിമാനത്തിന് നേരത്തേ തന്നെ കുഴപ്പമുണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ പ്രചരിപ്പിക്കപ്പെട്ട ഓയില്‍ ലീക്ക് കഥയില്‍ സത്യമേതുമില്ലായിരുന്നു എന്നു പിന്നീട് തെളിഞ്ഞുവെന്നത് വേറെ കാര്യം. കോക്പിറ്റ് എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഇടക്കിടെ പുറംതള്ളുന്ന വെറും വെള്ളമാണ് ഏതോ മാധ്യമം ഓയില്‍ ലീക്കെന്നു പ്രചരിപ്പിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
4. പക്ഷി ഇടിക്കല്‍.
ഇതൊരു സാധ്യതയാണ്- പക്ഷേ ആയിരക്കണക്കിനാളുകളുടെ മുന്നില്‍ പറന്ന വിമാനത്തിന്റെ സമീപത്തെങ്ങും ഒരു പക്ഷിയെയും ആരും കണ്ടിരുന്നില്ല. ഇനി പക്ഷി ഇടിക്കലല്ലാത്ത കാരണങ്ങള്‍ ഒന്നു കൂടി നോക്കുക-
എയര്‍ഷോയില്‍, ലോകത്തിന്റെ മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശനത്തിനു കൊണ്ടുവന്ന വിമാനത്തിന് എന്തെങ്കിലും തകരാറുണ്ടായിരുന്നിരിക്കാനുള്ള സാധ്യത വളരെ, വളരെ കുറവാണ്. 2001 മുതല്‍ പറന്നു തുടങ്ങിയ ഈ ഇനം വിമാനത്തിന് ഇതിനു മുമ്പ് ഒരേയൊരു അപകടമേ ഉണ്ടായിട്ടുള്ളു (കഴിഞ്ഞ വര്‍ഷം) എന്നതും ഓര്‍ക്കുക- തകര്‍ന്ന വിമാനത്തിന്റെ പഴക്കം വെറും 9 വര്‍ഷവും. അനേകം തവണ പരിശീലിക്കുകയും ആവര്‍ത്തിച്ചു ചെയ്യുകയും ചെയ്ത ബാരല്‍ റോളില്‍ എന്തെങ്കിലും പിഴവ് പൈലറ്റ് സ്വയം വരുത്താനുള്ള സാധ്യതയും കുറവാണ്.
ശേഷിക്കുന്ന ഏക സാധ്യത, വിമാനം താഴേക്കു പറക്കുമ്പോഴുണ്ടായ ന്യൂന-ഭൂഗുരുത്വാര്‍ഷണ അവസ്ഥയില്‍ പൈലറ്റിന് അല്പനേരത്തേക്ക് ശാരീരികാസ്വസ്ഥത ഉണ്ടായി എന്നതാണ്.
താഴേക്കുള്ള കുതിപ്പില്‍ നിന്ന് കരകയറാന്‍ അതിവേഗം ചെയ്യേണ്ടിയ കാര്യങ്ങളില്‍ ഏതാനും സെക്കന്‍ഡ് വ്യത്യാസം വന്നാല്‍ മതി, വിമാനം താഴെ ഇടിച്ചു തകരാന്‍.




