- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തെലങ്കാനയില്‍ തുരങ്ക നിര്‍മാണത്തിനിടെ അപകടം; രക്ഷാദൗത്യം ദുഷ്കരമെന്ന് സൈന്യം; ഇടിഞ്ഞ് താഴ്ന ഭാഗം പൂര്‍ണമായും അടഞ്ഞു; നാലടിയോളം വെള്ളം, മുട്ടറ്റം ചെളി; മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്ന് പ്രാഥമിക നിഗമനം; കുടുങ്ങിക്കിടക്കുന്നത് എട്ട് പേരെന്ന് സ്ഥീരികരിച്ച് ജില്ലാ ഭരണകൂടം
ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ കുടുങ്ങിപ്പോയ എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം അവരുടെ എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്സിനെ (ഇടിഎഫ്) രംഗത്തിറക്കി. ആധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ചിട്ടുള്ള ഇടിഎഫ് അപകടസ്ഥലത്ത് കാര്യമായ പ്രവത്തനമാണ് നടത്തുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
ഇടിഞ്ഞ് താഴ്ന്ന ഭാഗം പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരുടെ കാല്‍ മുട്ടറ്റം ചെളിയില്‍ താഴ്ന്നുപോകുന്ന സ്ഥിതിയാണ്. ഒരു ഭാഗത്ത് നാലടിയോളം വെള്ളം കെട്ടിക്കിടക്കുകയാണ് എന്ന് സൈന്യം പറഞ്ഞു. മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം ടണലില്‍ എട്ട് പേരാണ് കുടുങ്ങി കിടക്കുന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊജക്ട് എന്‍ജിനീയറും സൈറ്റ് എന്‍ജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്.
കുറച്ചുകാലം മുന്‍പ് നിര്‍ത്തിവച്ച ടണലിന്റെ നിര്‍മാണം നാലു ദിവസം മുന്‍പാണ് തുടങ്ങിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. 50 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നെന്നും 42 പേര്‍ രക്ഷപ്പെട്ടെന്നും നാഗര്‍കുര്‍ണൂല്‍ എസ്പി വൈഭവ് ഗെയ്ക്വാദ് പറഞ്ഞു. ജലസേചന മന്ത്രി എന്‍. ഉത്തം കുമാറും സംഘവും പ്രത്യേക ഹെലികോപ്ടറില്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. എസ്എല്‍ബിസി തുരങ്കത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന സ്‌ട്രെച്ചില്‍ 14 കിലോമീറ്റര്‍ ഉള്‍ഭാഗത്താണ് അപകടമുണ്ടായത്. ഇടത് തുരങ്കത്തിന്റെ മുകള്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മീറ്ററോളം നീളമുള്ള ഭാഗമാണ് നിലംപതിച്ചത്. ഈ സമയം തൊഴിലാളികള്‍ പ്രവൃത്തിയിലായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.