- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഷോര്‍ട്ട്സ് ധരിച്ചതിന് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു; ആണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിര്‍ത്തു; പിതാവിന്റെ ഭീഷണി കാരണം ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തി'; കൊല്ലപ്പെട്ട ടെന്നീസ് താരം രാധികയുടെ വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നുവെന്ന് സഹതാരം ഹിമാന്‍ഷിക; പ്രണയബന്ധമെന്ന അഭ്യൂഹം തള്ളി കുടുംബം
ടെന്നീസ് താരം രാധികയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സഹതാരം
ന്യൂഡല്‍ഹി: ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സഹതാരം. കൊലപാതകത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് രാധികയുടെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹതാരമായ ഹിമാന്‍ഷിക സിംഗ് രജ്പുത് രംഗത്തെത്തിയിരിക്കുന്നത്. ടെന്നീസ് താരത്തെ കൊലപ്പെടുത്തിയത് പ്രണയബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍. രാധികയുടെ വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചുമാണ് ഹിമാന്‍ഷിക സിംഗ് രജ്പുത് പറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
വ്യാഴാഴ്ചയാണ് രാധികയെ ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 57ലെ വീട്ടില്‍ വച്ച് പിതാവ് ദീപക് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ദീപക്കിനെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ദീപക് മകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. വീട്ടിലെ മുകള്‍നിലയിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുകയായിരുന്ന രാധികയ്ക്ക് നേരേ പിറകില്‍നിന്നാണ് പിതാവ് വെടിവെച്ചത്. അഞ്ചുതവണ വെടിയുതിര്‍ത്തപ്പോള്‍ ഇതില്‍ മൂന്നെണ്ണം യുവതിയുടെ ശരീരത്തിലൂടെ തുളച്ചുകയറി. ദീപക്കിന്റെ സഹോദരന്‍ വിജയ് യാദവും ഇദ്ദേഹത്തിന്റെ മകന്‍ പീയുഷും ചേര്‍ന്നാണ് വെടിയേറ്റ രാധികയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. അതേസമയം, വീട്ടില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിജയ് യാദവ് പോലീസിന് നല്‍കിയ മൊഴി.
രാധികയുടെ പിതാവ് ദീപക് യാദവാണ് അവളുടെ ജീവിതം നിയന്ത്രിച്ചിരുന്നതെന്നാണ് ഹിമാന്‍ഷിക പറയുന്നത്. 'എന്റെ ഉറ്റ സുഹൃത്താണ് രാധിക. അവളെ അവളുടെ പിതാവ് കൊലപ്പെടുത്തി. വര്‍ഷങ്ങളായി അവളുടെ ജീവിതം അയാള്‍ ദുരിതപൂര്‍ണമാക്കുകയായിരുന്നു. വീട്ടിലെ അന്തരീക്ഷം വളരെ കര്‍ശനമായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവള്‍ ഈ നിലയില്‍ എത്തിയത്. അവള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിര്‍ത്തിരുന്നു. 2012-2013 മുതല്‍ ഒരുമിച്ച് മത്സരിക്കാന്‍ തുടങ്ങിയവരാണ് ഞങ്ങള്‍. ഒരുമിച്ച് യാത്ര ചെയ്തിട്ടുമുണ്ട്. മത്സരങ്ങളില്‍ ഒരുമിച്ചെത്തി. എന്നാല്‍ അവള്‍ കുടുംബത്തിന് പുറത്തുള്ള ആരോടും അധികം സംസാരിച്ചരുന്നില്ല. വീട്ടിലെ നിയന്ത്രണങ്ങള്‍ കാരണം വളരെ ഒതുങ്ങി നില്‍ക്കുന്നവളായിരുന്നു രാധിക. അവള്‍ക്ക് വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ഇഷ്ടമായിരുന്നു. പക്ഷേ പിതാവിന്റെ ഭീഷണി കാരണം അതെല്ലാം അവള്‍ നിര്‍ത്തി'- ഹിമാന്‍ഷിക വ്യക്തമാക്കി.
സംഭവത്തില്‍ ദീപക് യാദവിന് പശ്ചാത്തപമുണ്ടെന്നായിരുന്നു സഹോദരന്‍ വിജയ് യാദവ് പറഞ്ഞത്. ''സംഭവിച്ചത് എന്തായാലും അത് തെറ്റായിരുന്നു. പക്ഷേ, ദീപക്കിനൊപ്പം ഞാനും സ്റ്റേഷനിലുണ്ടായിരുന്നു. തന്നെ തൂക്കിലേറ്റാനുള്ള രീതിയില്‍ മൊഴി രേഖപ്പെടുത്തണമെന്നും എഫ്ഐആര്‍ ഇടണമെന്നുമാണ് ദീപക് പോലീസിനോട് പറഞ്ഞത്'', സഹോദരന്‍ വിജയ് യാദവ് കൂട്ടിച്ചേര്‍ത്തു. ഇതരജാതിയിലെ യുവാവിനെ രാധിക വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായെന്ന ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. ''ഇതരജാതിയിലെ ആളെ വിവാഹം കഴിക്കുന്നത് എതിര്‍ക്കാന്‍ മാത്രം ഞങ്ങളുടെ കുടുംബം നിരക്ഷരരല്ല. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ അത് തീര്‍പ്പാക്കുമായിരുന്നു'', അദ്ദേഹം പറഞ്ഞു.
രാധികയുടെ ടെന്നീസ് കരിയറിന് വേണ്ടി ദീപക് എല്ലാ പിന്തുണയും നല്‍കി. പണം ചെലവഴിച്ചു. പക്ഷേ, ഇത് എങ്ങനെ സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയില്ല. ഒരുപക്ഷേ, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ നടന്നതാകാമെന്നും വിജയ് യാദവ് പറഞ്ഞു. വിധി വിധിയാണ്. ഒരാളുടെ എഴുതിവെച്ച വിധി ആര്‍ക്കും മാറ്റാനാകില്ല. ദീപകിന് ഒരിക്കലും അവളുടെ മുന്നില്‍നിന്ന് അവളുടെ കണ്ണില്‍നോക്കി വെടിയുതിര്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ൃ
അതേസമയം, ടെന്നീസ് മേഖലയിലെ രാധികയുടെ വളര്‍ച്ചയും വരുമാനവുമെല്ലാമാണ് പിതാവിനെ ചൊടിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രാധിക ടെന്നീസില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി. ഇതിനൊപ്പം ടെന്നീസ് പരിശീലകയായും തിളങ്ങിയതോടെ വരുമാനവും വര്‍ധിച്ചു. അതേസമയം, മകളുടെ ചെലവിലാണ് ദീപക് ജീവിക്കുന്നതെന്ന് നാട്ടുകാര്‍ പ്രതിയെ പരിഹസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.