അങ്കാറ: തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്താണ് വന്‍സ്‌ഫോടനം ഉണ്ടായത്. തുര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിര്‍ഭാഗ്യവശാല്‍, പലരും മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് മന്ത്രി അലി യെര്‍ലികായ എക്സില്‍ കുറിച്ചത്.

ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിര്‍വീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച യുക്രൈനിലെ ഉന്നത നയതന്ത്രജ്ഞന്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തുര്‍ക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.

ദൃശ്യങ്ങളില്‍ ആയുധ നിര്‍മാണ കമ്പനിയിലേക്ക് ഒരാണും പെണ്ണും തോക്കേന്തി ഇരച്ചു കയറി വരുന്നതായിട്ടാണ് കാണുന്നത്. പൊടുന്നനെ ബോംബ് സ്ഫോടനവും നടക്കുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഇപ്പോള്‍ റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ്. ആക്രമണത്തെ ഹീനമായ സംഭവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലേക്ക് ഒരു ചാവേര്‍ ആക്രമണം നടത്തിയാണ് അക്രമികള്‍ അകത്തേക്ക് കടന്ന് കയറിയതെന്നാണ് പ്രാഥമിക നിമഗമനം. കമ്പനിക്കുള്ളില്‍ വന്‍തോതില്‍ വെടിയൊച്ചകള്‍ കേട്ടതായും വലിയ തീഗോളങ്ങള്‍ കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം ഉണ്ടായതിന് തൊട്ട് പിന്നാലെ തന്നെ സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ജീവനക്കാര്‍ പലരും കമ്പനിക്കുള്ളിലെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെങ്ങും ചോരപ്പാടുകള്‍ കാണാം. ജീവനക്കാരെ സൈന്യം സുരക്ഷിത സ്ഥ്ാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമികള്‍ ഒരു ടാക്സിയിലാണ് കമ്പനിയിലേക്ക് വന്നതെന്നാണ് റി്പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമികള്‍ ജീവനക്കാരെ ആരെയെങ്കിലും തട്ടിക്കൊണ്ട് പോയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. സംഭവം അറിഞ്ഞ് ജീവനക്കാരുടെ കുടുംബാംഗങ്ങളായ നിരവധി പേര്‍ സ്ഥാപനത്തിന് മുന്നില്‍ തിങ്ങിക്കൂടിയിരുന്നു.

ആക്രമണത്തിന് പിന്നില്‍ കുര്‍ദ്ദ് കലാപകാരികളോ ഐ.എസ് തീവ്രവാദികളാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തെ ലോകനേതാക്കള്‍ അപലപിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിന്റ് വ്ളാഡിമിര്‍ പുട്ടിന്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനെ നേരിട്ട് കണ്ട് ദുരന്തത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് പേര് കേട്ട രാജ്യമാണ് തുര്‍ക്കി.