വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം മൂലം ഏറ്റവും വലിയ പണി കിട്ടിയത് ടെസ്ല കാര്‍ ഉടമ ഇലോണ്‍ മസ്‌ക്കിനാണ്. ട്രംപനൊപ്പം കൂടി മസ്‌ക്കിന് തന്റെ സ്ഥാപനത്തിന്റെ വിപണി നഷ്ടമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ചൈനയുമായി വ്യാപാര യുദ്ധം തുടങ്ങിയതോടെ മസ്‌ക്കിന് തന്റെ കാര്‍വില്‍ക്കാന്‍ മറ്റു വിപണികള്‍ തേടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

വ്യാപായ യുദ്ധം തുടരവേ നിലവിലെ അവസ്ഥയില്‍ ചൈനയില്‍ നിന്നും കാര്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിരസിച്ചിട്ടുണ്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം താരിഫ് ചുമത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടെസ്ലയുടെ നീക്കം. യുഎസ് ഇറക്കുമതികള്‍ക്ക് 84 ശതമാനം പകരം തീരുവ ചൈനയും ചുമത്തിയിരുന്നു.

യുഎസിന് പുറത്ത് ടെസ്ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. തീരുവ യുദ്ധം മസ്‌കിന്റെ ബിസിനസുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം സൂചിപ്പിക്കുന്നതാണ് ടെസ്ലയുടെ തീരുമാനം. ട്രംപിന്റെ വലംകൈയായി നിന്ന് ഭരണനിര്‍വഹണത്തില്‍ അടക്കം സഹായിച്ച മസ്‌കിന് എട്ടിന്റെ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഓഹരി വിപണിയില്‍ അടക്കം മസ്‌ക്കിന് വന്‍ ഇടിവാണ് നേരിടേണ്ടി വന്നത്.

ഡോജി അഥവാ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനെന്ന നിലയ്ക്ക് ട്രംപുമായുള്ള മസ്‌കിന്റെ ബന്ധത്തെ തുടര്‍ന്ന് യുഎസിലും യൂറോപ്പിലും ടെസ്ല ഇതിനകം ബഹിഷ്‌കരണം നേരിടുകയാണ്. ഇതിന് പുറമേയാണ് ആകെയുള്ള മറ്റൊരു വിപണിയിലും മസ്‌ക്കിന് പണി കിട്ടിയത്.

യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോഡല്‍ എസ്, മോഡല്‍ എക്‌സ് കാറുകള്‍ക്കായി ടെസ്ല പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല. മോഡല്‍ എസ്, മോഡല്‍ എക്‌സ് എന്നിവ ചൈനയില്‍ ടെസ്ലയുടെ മൊത്തം വില്‍പ്പനയുടെ 5 ശതമാനം ആണ്. 2024 ല്‍ ചൈന 1,553 മോഡല്‍ എക്‌സ് കാറുകളും 311 മോഡല്‍ എസ് കാറുകളും ഇറക്കുമതി ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഈ വര്‍ഷം മാര്‍ച്ച് വരെ, ചൈനയിലെ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളില്‍ ടെസ്ല മൂന്നാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്ത് 29.3 ശതമാനം വിപണി വിഹിതമുള്ള ചൈനീസ് കമ്പനിയായ ബിവൈഡിയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകമായ ലിഥിയം-അയണ്‍ ബാറ്ററികളുടെ നിര്‍മാണത്തിലുള്ള ആധിപത്യം കാരണം മസ്‌കിന് ചൈനയുമായി നല്ല ബന്ധം നിര്‍ത്തേണ്ടതുണ്ട്.ട്രംപ് തന്റെ കാറുകളുടെ മറ്റൊരു പ്രധാന വിപണിയായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സമാനമായ പരസ്പര താരിഫ് യുദ്ധം നടത്തുന്നതിലും മസ്‌ക് സന്തുഷ്ടനല്ല. താരിഫുകള്‍ ടെസ്ലയെ ബാധിച്ചുവെന്നും ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഓഹരി വില 50 ശതമാനം ഇടിഞ്ഞെന്നും നേരത്തെ മസ്‌ക് പറഞ്ഞു.

അതേസമയം ചൈനയില്‍ മാര്‍ക്കറ്റ് നഷ്ടമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കാണ് മസ്‌ക്ക് കണ്ണുവെക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ച് കഴിഞ്ഞു. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലായി ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഓണ്‍ലൈനിലൂടെ ആദ്യം ബുക്കുചെയ്യുന്ന 1000 ഉപയോക്താക്കള്‍ക്ക് വാഹനം വീട്ടിലെത്തിച്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പരമ്പരാഗത ഡീലര്‍ഷിപ്പ് സംവിധാനം ഉപേക്ഷിക്കാനും തടസങ്ങളിലാതെയുള്ള വാങ്ങല്‍ ഉറപ്പാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നതെന്നാണ് വിവരം.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം വില്‍പ്പന നടപടികളുടെ കാര്യത്തിലും മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തല്‍. മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും പ്രാഥമിക ഘട്ടത്തില്‍ ടെസ്ല ഇന്ത്യയില്‍ എത്തിക്കുക. കമ്പനിയുടെ ബെര്‍ലിന്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ സിബിയു റൂട്ട് വഴിയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളില്‍ ഷോറൂമിനുള്ള ഇടംകണ്ടെത്തിയെങ്കിലും സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചിട്ടില്ല. ആഗോള വിപണിയില്‍ ടെസ്ല സ്വീകരിച്ചിട്ടുള്ള പ്രീമിയം ടെക്‌നോളജി, നേരിട്ട് ഉപയോക്താക്കളിലേക്ക് എന്നീ നയങ്ങളായിരിക്കും ഇന്ത്യയിലും പിന്തുടരുക.

മോഡല്‍ 3 ആയിരിക്കും ടെസ്ലയുടെ വാഹന നിരയിലെ അടിസ്ഥാന വാഹനം, ഏകദേശം 35 ലക്ഷം രൂപയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. വാഹനങ്ങളുടേത് ഉള്‍പ്പെടെ ഇറക്കുമതി തീരുവയില്‍ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചത് വില കുറയ്ക്കാന്‍ സഹായകമായേക്കും. 40000 ഡോളറിന് താഴെ വിലയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ 125 ശതമാനത്തില്‍ നിന്ന് 70 ശതമാനമായാണ് അടുത്തിടെ കുറവ് വരുത്തിയത്. പ്രദേശികമായി നിര്‍മിക്കുന്നില്ലെങ്കിലും ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും താങ്ങാവുന്ന വിലയില്‍ എത്തിക്കുകയാണ് ടെസ്ലയുടെ ലക്ഷ്യം.