- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആദ്യ 1000 പേര്‍ക്ക് വാഹനം വീട്ടിലെത്തിക്കും; ടെസ്ലയുടെ ഇന്ത്യയിലെ വില്‍പ്പനയെക്കുറിച്ച് പ്രഖ്യാപനവുമായി കമ്പനി; മുംബൈ, ഡല്‍ഹി നഗരങ്ങളിലെ ഓഫീസ് നിര്‍മ്മാണവും അവസാനഘട്ടത്തില്‍;നിലവിലെ തിരിച്ചടിയില്‍ ടെസ്ലയ്ക്ക് ആശ്വാസമാകുമോ ഇന്ത്യന്‍ വിപണി
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആദ്യ 1000 പേര്‍ക്ക് വാഹനം വീട്ടിലെത്തിക്കും
മുംബൈ: അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഇന്ത്യയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ വഴി സ്വീകരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്.വിപണി കീഴടക്കാന്‍ പുതിയ തന്ത്രങ്ങളാവും ടെസ്ല മെനയുക എന്ന കാര്യവും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ടെസ്ല യുടെ ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചതോടെ മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലായി ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളും അവസാന ഘട്ടത്തിലാണ്.
ഇ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഉയര്‍ത്തിയ പ്രധാന ആശങ്കയായിരുന്നു ഡീലര്‍ഷിപ്പ് സ്ഥാപിക്കുന്ന നഗരങ്ങള്‍ക്ക് പുറമെയുള്ള സ്ഥലങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് ടെസ്ലയുടെ വാഹനങ്ങള്‍ എങ്ങനെ ലഭ്യമാകുമെന്ന കാര്യം.എന്നാല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി വില്‍പ്പനയെക്കുറിച്ചുള്ള തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി അധികൃതര്‍.ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വാഹനം സ്വന്തമാക്കുന്നതാണ് കമ്പനി മുന്നോട്ടു വെക്കുന്ന ആശയം.
ഓണ്‍ലൈനിലൂടെ ആദ്യം ബുക്കുചെയ്യുന്ന 1000 ഉപയോക്താക്കള്‍ക്ക് വാഹനം വീട്ടിലെത്തിച്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
പരമ്പരാഗത ഡീലര്‍ഷിപ്പ് സംവിധാനം ഉപേക്ഷിക്കാനും തടസങ്ങളിലാതെയുള്ള വാങ്ങല്‍ ഉറപ്പാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നതെന്നാണ് വിശദീകരണം.മോഡല്‍ 3,മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും പ്രാഥമിക ഘട്ടത്തില്‍ ടെസ്ല ഇന്ത്യയില്‍ എത്തിക്കുക.കമ്പനിയുടെ ബെര്‍ലിന്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ സിബിയു റൂട്ട് വഴിയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
മോഡല്‍ 3 ആയിരിക്കും ടെസ്ലയുടെ വാഹന നിരയിലെ അടിസ്ഥാന വാഹനം.ഏകദേശം 35 ലക്ഷം രൂപയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.വാഹനങ്ങളുടേത് ഉള്‍പ്പെടെ ഇറക്കുമതി തീരുവയില്‍ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചത് വില കുറയ്ക്കാന്‍ സഹായകമായേക്കും.40000 ഡോളറിന് താഴെ വിലയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ 125 ശതമാനത്തില്‍ നിന്ന് 70 ശതമാനമായാണ് അടുത്തിടെ കുറവ് വരുത്തിയത്. പ്രദേശികമായി നിര്‍മിക്കുന്നില്ലെങ്കിലും ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും താങ്ങാവുന്ന വിലയില്‍ എത്തിക്കുകയാണ് ടെസ്ലയുടെ ലക്ഷ്യം.
രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളില്‍ ഷോറൂമിനുള്ള ഇടംകണ്ടെത്തിയെങ്കിലും സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചിട്ടില്ല.ആഗോള വിപണിയില്‍ ടെസ്ല സ്വീകരിച്ചിട്ടുള്ള പ്രീമിയം ടെക്നോളജി, നേരിട്ട് ഉപയോക്താക്കളിലേക്ക് എന്നീ നയങ്ങളായിരിക്കും ഇന്ത്യയിലും പിന്തുടരുക.ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം വില്‍പ്പന നടപടികളുടെ കാര്യത്തിലും മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തല്‍.
എതിരാളികളുടെ വലിയ നിരയാണ് ഇന്ത്യയില്‍ ടെസ്ലയെ കാത്തിരിക്കുന്നത്.ആഗോളതലത്തില്‍ തന്നെ ടെസ്ലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുള്ള ബിവൈഡി,മെഴ്‌സിഡീസ് ബെന്‍സ്, വോള്‍വോ, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മാതാക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വലിയ നിരയാണുള്ളത്.ഇതില്‍ മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബിഇ എന്ന ബ്രാന്റിന് കീഴിയില്‍ നിരവധി വാഹനങ്ങള്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.എംജി മോട്ടോഴ്‌സില്‍ നിന്നും എം9, സൈബര്‍സ്റ്റര്‍ തുടങ്ങിയ ഇലക്ട്രിക് മോഡലുകളും എത്തുന്നുണ്ട്.
അതേസമയം ആഗോള തലത്തില്‍ വില്‍പനയില്‍ ടെസ്ലയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്.ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടെസ്ലയുടെ വില്‍പ്പന 13 ശതമാനമാണ് ഇടിഞ്ഞത്.2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 3,36,681 യൂണിറ്റുകളുടെ വില്‍പനയാണ് നടന്നതെന്ന് ടെസ്ല അറിയിച്ചു.2024-ലെ ആദ്യ മൂന്ന് മാസങ്ങളിലെ വില്‍പനയെ അപേക്ഷിച്ച് 50,000 വാഹനങ്ങളുടെ കുറവാണുണ്ടായത്.ഏകദേശം മൂന്ന് വര്‍ഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും മോശം വില്‍പ്പനയാണിത്.
ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെതിരായ പ്രതിഷേധവും വിപണിയില്‍ വര്‍ധിച്ചുവരുന്ന മത്സരവും വില്‍പനയിലെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ തലവന്‍ എന്ന നിലയില്‍ മസ്‌കിന്റെ നടപടികളെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ നയങ്ങളെയും എതിര്‍ത്തവര്‍ ടെസ്ലയ്ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.ഇതെല്ലാം ടെസ്ല വാങ്ങുന്നതില്‍നിന്ന് ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തിയിരിക്കാം എന്നാണ് കരുതുന്നത്.
അടുത്തുവരെ എല്ലാ പാദത്തിലും 20 ശതമാനം മുതല്‍ 100 ശതമാനം വരെ വാര്‍ഷിക വില്‍പ്പന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്ന ടെസ്ലയെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇടിവ്.രാഷ്ട്രീയ വിവാദങ്ങളൊന്നും ബാധിച്ചില്ലെങ്കില്‍ പോലും മറ്റു കമ്പനികളില്‍നിന്ന്, പ്രത്യേകിച്ച് ചൈനയില്‍നിന്നുള്ള കടുത്ത മത്സരം ടെസ്ലയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.അമേരിക്കയ്ക്ക് ശേഷം, ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയും ടെസ്ലയുടെ രണ്ടാമത്തെ വലിയ വിപണിയുമാണ് ചൈന.
2025 ആദ്യപാദത്തില്‍ 4,16,000-ത്തിലധികം ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വര്‍ധനവാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വില്‍പ്പനക്കാരായ ടെസ്ലയെ ബിവൈഡി വീണ്ടും മറികടക്കുന്ന കാഴ്ച.ബിവൈഡിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൊതുവേ ടെസ്ലയേക്കാള്‍ വില കുറവാണെന്നതും ഒരു കാരണമാണ്.
ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി വിവിധ പാദങ്ങളില്‍ ടെസ്ലയെക്കാള്‍ ബിവൈഡി മുന്നിലാണ്. എന്നാല്‍, വാര്‍ഷിക വില്‍പ്പനയില്‍ ടെസ്ലയെ മറികടക്കാന്‍ ബിവൈഡിക്ക് സാധിച്ചിട്ടില്ല. പക്ഷെ നിലവിലെ വില്‍പ്പന പ്രവണതകള്‍ കണക്കിലെടുക്കുമ്പോള്‍, 2025-ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ടെസ്ലയ്ക്ക് ഒരുപാട് വിയര്‍ക്കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്.