കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ മാത്രമല്ല തലശേരി സബ് ജയിലും ഭരിക്കുന്നത് രാഷ്ട്രീയ ക്രിമിനൽ കേസുകൽലെ ക്വട്ടേഷൻ പ്രതികൾ. ജയിൽ മെനുവിൽ പോലും ഇടപെടുന്ന ഇവർ നിസാര സംഭവങ്ങൾക്കു പോലും പ്രകോപിതരായി പൊലീസുകാരെയും ഇവർ അക്രമിക്കുന്നത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി പാലിശേരി സബ് ജയിലിനു മുൻപിൽ സി.പി. എമ്മിനു വേണ്ടി ക്വട്ടേഷൻ പണിയെടുക്കുന്ന പാനൂർ ചമ്പാട് അരയാക്കൂൽ ജമീന്റെവിട ബിജു(44)മണിക്കൂറുകളോളമാണ് പരാക്രമം നടത്തിയത്.

ജയിലിൽ റിമാൻഡിൽ കഴിയുന്ന കൂട്ടാളികളെ സ്വീകരിക്കാൻ ജയിലിനുമുൻപിലെത്തിയപ്പോഴാണ് ഇയാൾ അക്രമാസ്‌കതനായത്. ജയിലിനുള്ളിൽ കിടക്കുന്ന തന്റെ കൂട്ടാളികൾക്ക് ബിരിയാണി ഉൾപ്പടെ ഭക്ഷണമായി എത്തിച്ചു കൊടുക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശപ്രകാരം ജയിൽ കിച്ചൺ കരാറുകാരനായ പ്രസാദ് ഇതിന് വിസമ്മതിക്കുകയായിരുന്നു.

ജയിലിനകത്ത് പ്രത്യേക ഭക്ഷണവും വി. ഐ.പി സൗകര്യവും വേണമെന്ന് ഭരിക്കുന്ന പാർട്ടിയുടെ ക്വട്ടേഷൻ തലവനായ ബിജു ആവശ്യപ്പെടുകയായിരുന്നു. താൻ ഉത്തരവിട്ടിട്ടും നടപ്പിലാക്കാത്ത വൈരാഗ്യത്തിലാണ് വ്യാാഴ്‌ച്ച ഉച്ചയ്ക്ക് ജയിലിനു മുൻപിലെത്തിയ ഇയാൾ കിച്ചൺകരാറുകാരെ സബ ജയിലിനുള്ളിലേക്ക് കടക്കുന്നതിനിടെ പിടികൂടി തല്ലിച്ചതച്ചത്. പ്രാണരക്ഷാർത്ഥം തൊട്ടടുത്ത തലശേരി ടൗൺ പൊലിസ് സ്റ്റേഷനിലേക്ക് കിച്ചൺ കരാറുകാരൻ ഓടിക്കയറുകയായിരുന്നു. തോളിനും ദേഹത്തുമുഴുവനും ഇയാൾക്ക് പരുക്കുണ്ട്. ഈക്കാര്യം അന്വേഷിക്കാനെത്തിയ തലശേരി ടൗൺ എ. എസ്. ഐ ജയകൃഷ്ണനും കിട്ടി ബിജുവിന്റെ പൊതിരെ തല്ല്.

ജയകൃഷ്ണനെ കഴുത്തിന് പിടിച്ചു ജയിൽ മതിലിനോട് ചേർത്തുനിർത്തി തലങ്ങും വിലങ്ങും കുത്തിപരുക്കേൽപ്പിച്ചു. മുഖത്ത് തുടരെ തുടരെ കൈമുഷ്ടികൊണ്ടു ഇടിച്ചു. താൻ കൊലക്കേസ് പ്രതിയാണെന്നും അധികം കളിച്ചാൽ വീട്ടിൽകയറിവെട്ടിക്കൊല്ലുമെന്നായിരുന്നു ബിജുവിന്റെ ഭീഷണി. അടിയേറ്റു അവശനായ എ. എസ്. ഐയെ തലശേരി ടൗൺ പൊലിസ് സ്റ്റേഷനിൽ നിന്നെത്തിയ മറ്റുപൊലിസുകാരാണ് രക്ഷിച്ചെടുത്തത്. ഒടുവിൽ പത്തോളം പേർ ചേർന്ന് ബിജുവിനെ കീഴടക്കി സ്റ്റേഷനിലേക്കു കൊണ്ടു പോവുകയായിരുന്നു. ഒരു കേസിൽ ബിജു കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലറങ്ങിയത്. പൊലിസിന്റെ ഔദ്യോഗികകൃത്യനിർവഹണം തടസപ്പെടുത്തിയതും ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുംി ജയിൽകിച്ചൺ കരാറുകാരനെ അക്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. തലശേരികോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തിട്ടുണ്ട്.

ബിജെപി. പ്രവർത്തകനായ ചമ്പാട്ടെ വിനയനെയും യേശു എന്ന രാജേഷിനെയും കൊല ചെയ്തതുൾപെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു. കൊലപാതകമുൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സി.പി. എം പ്രവർത്തകൻ കൂടിയാണ്. തലശേരിയിലെ കൊലപാതക രാഷ്ട്രീയത്തിൽ കൊടിസുനിക്ക് ശേഷം നേതൃത്വം നൽകിവരുന്നത് ജമ്മീന്റെവിടെ ബിജുവാണെന്നാണ് വിവരം. ഉന്നത നേതാക്കളുമായുള്ള ബന്ധംകാരണം പലകേസുകളിലും ഇയാൾ പ്രതിയാണെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും പൊലിസ് അറസ്റ്റു ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

സി.പി. എം ഭരിക്കുന്നതിനാൽ ഇയാൾ ജയിലിൽ വളരെ കുറച്ചുകാലം മാത്രമേ കിടക്കാറുള്ളൂ. പാർട്ടി ക്വട്ടേഷനു പുറമേ മറ്റു ചില ക്വട്ടേഷൻ പണികളും ചെയ്യുന്ന വിപുലമായ ഗ്യാങ് ഇയാളുടെ കൂടെയുണ്ട്.കൊലപാതകരാഷ്ട്രീയത്തിൽ നിന്നും സി.പി. എമ്മും ബിജെപിയും പതിയെ പിന്മാറാൻ തുടങ്ങിയതോടെയാണ് വെട്ടുംകുത്തുംകൊണ്ടും ജീവിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങൾ തൊഴിൽരഹിതരായി മാറിയത്. ഇതിൽ പലരും മദ്യക്കടത്തും സ്വർണം, കുഴൽപണം പൊട്ടിക്കലും ബ്ളേഡ് പിരിവും മയക്കുമരുന്ന് കടത്തിലും ഏർപ്പെട്ടതോടെ പാർട്ടിക്ക് തലവേദനയാകാനും തുടങ്ങി.

ഇതോടെയാണ് കാപ്പ ചുമത്തി മറ്റുള്ളവരെ അകത്താക്കുന്നതിനോടൊപ്പം പൊലിസിനെ ഉപയോഗിച്ചു ഇവരെയുംഅകത്താക്കാനും നാടുകടത്താനും തുടങ്ങിയത്. എന്നാൽ ഇതിനൊക്കെ നേതൃത്വം നൽകുന്ന ബിജുവിനെപ്പോലുള്ളവരെ തൊട്ടുകളിക്കാൻ പാർട്ടി നേതൃത്വവും പൊലിസും ഭയക്കുകയായിരുന്നു. തലശേരി താലൂക്കിൽ നടന്ന പല കൊലപാതകങ്ങളുടെയും അണിയറ രഹസ്യങ്ങൾ ഇവർക്ക് അറിയുന്നതിനാൽ വളരെ സൂക്ഷിച്ചുമാത്രമേ ഇത്തരക്കാരെ കൈക്കാര്യം ചെയ്തിരുന്നുള്ളൂ.