- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും.... അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല; കൂട്ടത്തല്ലില്‍ ഒരുത്തന്‍ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല... പൊലീസ് കേസെടുക്കില്ല; ഇനി പൊരുത്തപ്പെട്ടോളൂ; ഷഹബാസിനെ കൊന്നത് നിയമത്തെ വെല്ലുവിളിച്ച്; ഞെട്ടിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്; എല്ലാം നടന്നത് ഇന്റസ്റ്റയിലെ ആഹ്വാനം അനുസരിച്ച്; താമരശ്ശേരിയില്‍ സംഭവിച്ചത്
കോഴിക്കോട്: താമരശേരി സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്തു വരുമ്പോള്‍ നിറയുന്നതും പ്രതികാരം. ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാല്‍ കൊന്നിരിക്കുമെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ഉള്ളത്. ''ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല'' എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. കൂട്ടത്തല്ലില്‍ ഒരുത്തന്‍ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ല എന്നാണ് മറ്റൊരു വിദ്യാര്‍ഥി പറയുന്നത്. കേസ് ഉണ്ടാവില്ല, കേസ് തള്ളിപ്പോകുമെന്നും വിദ്യാര്‍ഥികള്‍ പരസ്പരം പറയുന്നുണ്ട്. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു മരണം. വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റാണ് പുറത്തു വന്നത്.
മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്ററിന് സമീപം എത്താനായിരുന്നു ആഹ്വാനം. ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചെന്ന് ഉമ്മ കെ പി റംസീന പറയുന്നു. മുതിര്‍ന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞത് മുഹമ്മദ് ഷഹബാസിന്റെ ഉമ്മ കെ പി റംസീന പറഞ്ഞു. ഷഹാബിസിനെ മര്‍ദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിന്റെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതില്‍ പൊരുത്തപ്പെടണമെന്നാണ് ശബ്ദ സന്ദേശം. അക്രണമത്തിന് ശേഷം നടന്ന ചാറ്റുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
കോഴിക്കോട് താമരശ്ശേരിയില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം രാത്രിയോടെ മരിക്കുകയായിരുന്നു. എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘര്‍ഷത്തിലാണ് തലയ്ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കുറ്റാരോപിതരില്‍ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ തുടര്‍നടപടിയുടെ ഭാഗമായി ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കുകയും ശനിയാഴ്ച രാവിലെ 11-ന് ഹാജരാവാന്‍ നിര്‍ദേശിച്ച് രക്ഷിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിടുകയുമായിരുന്നു. ഇവരെ വീണ്ടും ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്റെ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്‌നത്തെത്തുടര്‍ന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ടു സ്‌കൂളിലെയും ട്യൂഷന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മില്‍ വാക്കുകള്‍കൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ദിവസങ്ങള്‍ക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം.
വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ സെന്ററില്‍ പഠിക്കാത്ത വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂര്‍ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘര്‍ഷം തുടങ്ങിയത്. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന് പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് വിദ്യാര്‍ഥികള്‍ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാര്‍ഥികള്‍കൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി.