കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ റോഡിലെ തടസ്സം നീക്കുന്നതിനിടെ ആശങ്കയായി വീണ്ടും മണ്ണിടിച്ചില്‍. നേരത്തെയുള്ള മണ്ണും കല്ലും നീക്കുന്നതിനിടെയാണ് അതേ സ്ഥലത്ത് മണ്ണ് ഇടിഞ്ഞുവീണത്. ഒന്‍പതാം വളവിലെ വ്യൂ പോയിന്റിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ചുരം ഗതാഗത യോഗ്യമാക്കുന്നത് വൈകുമെന്നാണ് വിവരം. ചുരത്തിലൂടെ ആംബുലന്‍സുകള്‍ മാത്രമാണ് കടത്തിവിടുന്നത്.

ഗതാഗതം 21 മണിക്കൂറിലേറെയായി തടസപെട്ട വിഷയത്തില്‍ വിമര്‍ശനം ഉയരുകയാണ്. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തകരാറിലാണ്. മണ്ണു മാറ്റുന്നതിന് വേഗതയില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. വൈത്തിരിയില്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കുന്നത് നിരവധി പേരാണ്. രണ്ടോ മൂന്നോ വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്. തുടര്‍ന്ന് കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി കല്ലും മരവും നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് അടിവാരത്തു നിന്നും ചുരത്തിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് ആദ്യം നിര്‍ത്തി. വയനാട്ടിലേക് പോകേണ്ട വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജില്ലാകളക്ടര്‍ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

ചുരത്തിനു പകരം വാഹനങ്ങള്‍ കടത്തിവിടുന്ന കുറ്റ്യാടി, നാടുകാണി, പെരിയ പാതകളില്‍ വലിയ തിരക്ക് നിലവില്‍ ഇല്ല. രാത്രിയോടെ താമരശ്ശേരി ചുരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. റോഡിലെ തടസ്സം നീക്കുന്നതില്‍ പ്രദേശത്ത് പെയ്യുന്ന മഴ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍ സജീവമായാണ് നടക്കുന്നത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയതില്‍ കുഴപ്പങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏറെ വൈകിയും തടസ്സം നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ചൊവാഴ്ച രാത്രി ഏഴോടെയാണ് ചുരം ഒന്‍പതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ ദേശീയപാത 766ല്‍ പൂര്‍ണമായും ഗതാഗതം തടസപ്പെടുകയായിരുന്നു.

താമരശ്ശേരി ചുരം ഗതാഗത യോഗ്യമാകുന്നത് വരെ യാത്രക്കാര്‍ മറ്റു ചുരങ്ങളിലൂടെയുള്ള പാതകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. വയനാട് എത്തേണ്ട വാഹനങ്ങള്‍ താമരശേരി ചുങ്കത്തുനിന്ന് തിരിഞ്ഞ് ബാലുശ്ശേരി - പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിച്ചുവിട്ടു. അടിവാരത്ത് നിന്നുള്ള വാഹനങ്ങള്‍ കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് തിരിച്ചുവിടുന്നുണ്ട്. വൈത്തിരി ഭാഗത്ത് നിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. കുറ്റ്യാടി വഴിയല്ലെങ്കില്‍ നിലമ്പൂര്‍ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പൊലീസ് അറിയിപ്പ്. അടിവാരത്തും, ലക്കിടിയിലും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വാഹനങ്ങള്‍ തിരിച്ചു വിടുന്നുണ്ട്.