തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനമെഴുതിയ ഡോ: ശശി തരൂര്‍ എം.പിക്കെതിരേ കോണ്‍ഗ്രസില്‍ പടപ്പുറപ്പാട് ശക്തം. പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തരൂരിനെതിരെ നടപടി വേണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടും. തരൂരിനോട് കാര്യങ്ങള്‍ തിരക്കി തീരുമാനം എടുക്കുകയും ചെയ്യും.

എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തരൂരിന്റേത് അച്ചടക്ക നടപടി എടുക്കേണ്ട വിവാദമല്ലെന്ന നിലപാടിലാണ്. രമേശ് ചെന്നിത്തലയും മയപ്പെടുത്തിയാണ് പ്രതികരിച്ചത്. ഭാവിയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ തകര്‍ക്കുന്നതൊന്നും ഉണ്ടാകരുതെന്ന താക്കീത് തരൂരിന് ഹൈക്കമാണ്ട് നല്‍കിയേക്കും. പ്രവര്‍ത്തക സമിതി അംഗമെന്ന നിലയിലെ പരിഗണന തനിക്ക് കിട്ടുന്നില്ലെന്ന പരാതി തരൂരിനുമുണ്ട്. അതിനിടെ തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം കേരളത്തിലെ ചെറിയൊരു വിഭാഗം ഉയര്‍ത്താനും സാധ്യതയുണ്ട്.

കേരളത്തിലെ വ്യവസായരംഗത്ത് ഇടതുസര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായ വികസനം അക്കമിട്ടുനിരത്തി 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' പത്രത്തില്‍ തരൂര്‍ എഴുതിയ ലേഖനമാണു വിവാദമായത്. കോണ്‍ഗ്രസ് നേതൃത്വം ഇതിനെതിരേ ശക്തമായി രംഗത്തുവന്നെങ്കിലും നിലപാട് തിരുത്തില്ലെന്നാണു തരൂരിന്റെ പ്രതികരണം. വികസനമുരടിപ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നിയമസഭയിലും പുറത്തും സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് പൊരുതുമ്പോഴാണ് എതിരാളിക്കു മുന്‍തൂക്കം നല്‍കി തരൂരിന്റെ രംഗപ്രവേശം. ഈ സാഹചര്യത്തില്‍ തരൂരിനെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടില്‍ സതീശനും കെസിയു എത്തുന്നുണ്ട് താക്കീത് ചെയ്ത് നേര്‍വഴിക്ക് കൊണ്ടു വരണമെന്ന നിലപാടില്‍ സുധാകരനും ചെന്നിത്തലയും ഉറച്ചു നില്‍ക്കുന്നു. യുവ നേതാക്കളും കരുതലോടെ വിഷയത്തില്‍ പ്രതികരിക്കാനാണ് തീരുമാനം.

നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെ, വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം മുന്നേറിയെന്ന അവകാശവാദത്തെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ തരൂരിനെതിരേ ഹൈക്കമാന്‍ഡിനെ സമീപിക്കാനുള്ള നീക്കത്തിലാണു സംസ്ഥാനനേതൃത്വം. മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പാര്‍ട്ടി വക്താവ് ജയ്റാം രമേഷ് എന്നിവരും തരൂരിന്റെ നിലപാട് തള്ളിയിട്ടുണ്ട്.

പലപ്പോഴും സംസ്ഥാനനേതാക്കളുടെ നിലപാടുകളെ തരൂര്‍ പിന്തുണയ്ക്കാറില്ല. മുമ്പ് മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. ഇടയുന്ന കൊമ്പനില്‍നിന്ന് ഇണങ്ങുന്ന കടുവയായി കേരളം മാറുന്നുവെന്ന പ്രശംസയോടെയാണ് തരൂരിന്റെ ലേഖനം ആരംഭിക്കുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം രാജ്യത്ത് ഒന്നാമതെത്തിയതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായരംഗത്തു നേട്ടങ്ങള്‍ കൊയ്യുന്ന കേരളത്തിന്റെ മുന്നേറ്റം ആഘോഷിക്കപ്പെടേണ്ടതാണ്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മാറ്റങ്ങളുണ്ടാക്കുന്നത് അതിശയകരമാണ്. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു കമ്പനി തുടങ്ങാന്‍ മൂന്നുദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 114 ദിവസമായിരുന്നു. കേരളത്തിലാകട്ടെ 236 ദിവസവും.

എന്നാല്‍, കേരളത്തില്‍ രണ്ട് മിനിറ്റ് കൊണ്ട് കമ്പനി തുടങ്ങാനാകുമെന്നു മന്ത്രി പി. രാജീവ് അടുത്തിടെ പ്രഖ്യാപിച്ചു. ഇത് അതിശയകരമായ മാറ്റമാണ്. വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നിലെത്തി. എ.ഐ. ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന പുതിയ നയം നടപ്പാക്കി. ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് ഉദ്യമത്തിലൂടെ 2,90,000 എം.എസ്.എം.ഇകള്‍ സ്ഥാപിച്ചു. ഈ മാറ്റങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതാണ്. 1991-ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായതിനു സമാനമായ മാറ്റങ്ങളാണു കേരളത്തിലുണ്ടാകുന്നതെന്നാണ് തരൂര്‍ പറയുന്നത്.