പാലക്കാട്: ഡോ ശശി തരൂരിന്റെ ആ ലേഖനം സിപിഎം ഏറ്റെടുക്കും. ലോകം അറിയുന്ന ബുദ്ധിജീവിയാണ് ശശി തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ഥ വസ്തുതയാണെന്നും ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തരൂരിനെതിരെ അതിശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. മുസ്ലീം ലീഗും തരൂരിനെ അംഗീകരിക്കുന്നില്ല. ഇതിനിടെയാണ് സിപിഎം തരൂരിനെ പുകഴ്ത്തുന്നത്.

കേരളത്തിന്റെ വ്യവസായ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന് കണക്കുകളുദ്ധരിച്ച് ലേഖനമെഴുതിയ ശശി തരൂരിനെതിരെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കടന്നാക്രമിച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെങ്കില്‍ തരൂര്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ഒഴിയണം. ഇമേജ് ബില്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയുന്നതെന്നും എംഎം ഹസന്‍ പറഞ്ഞു. കേരളത്തിന്റെ മാറ്റത്തിന് കാരണം യുഡിഎഫ് ആണെന്ന് പറഞ്ഞ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും രംഗത്ത് വന്നിരുന്നു. കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂര്‍ എംപിയുടെ വാദം തള്ളാതെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബാലന്‍ തരൂരിനെ പിന്തുണച്ചു വന്നത്.

വസ്തുതകള്‍ നിരത്തിയാണ് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടത്. ലോകത്തെ പ്രമുഖ അവാര്‍ഡുകള്‍ പിണറായി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്റെ റേറ്റിംഗില്‍ നമ്പര്‍ വണ്‍ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതില്‍ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും ശശി തരൂരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് ദുഷ്ഠലാക്കാണെന്നും ബാലന്‍ വിമര്‍ശിച്ചു. വിവരമുള്ള ആരും കോണ്‍ഗ്രസില്‍ പാടില്ലെന്നാണോ നേതാക്കള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെങ്കില്‍ വസ്തുതവച്ചുകൊണ്ടാണ് അതിനെ എതിര്‍ക്കേണ്ടത്-ബാലന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ 500 സ്ഥാപനങ്ങളില്‍ 200 എണ്ണവും പൂട്ടി. എന്നിട്ട് തന്റെ കാലത്താണ് വികസനമെന്ന് സ്വയം പറയുകയാണ്. കേരളത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞാല്‍ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന ഭയമാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

തരൂരിന്റെ പ്രസ്താവനയെ മുസ്ലീം ലീഗ് തള്ളിയത് ശ്രദ്ധേയമാണ്. കേരളത്തിലുണ്ടായ എന്തുമാറ്റത്തിനും അടിസ്ഥാന കാരണം യുഡിഎഫ് സര്‍ക്കാരുകളാണെന്ന് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം എല്ലാ മേഖലയിലും മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ്. 1991ന് ശേഷമാണ് മാറ്റങ്ങളുണ്ടായത്. കിന്‍ഫ്രയും അക്ഷയ കേന്ദ്രങ്ങളും എന്‍ജിനിയറിങ് കോളേജുകളും ആരംഭിച്ചതാണ് ഇതിന് കാരണം. നോക്കുകൂലിയും ആക്രമസമരവുമായിരുന്നു വ്യവസായ സൗഹൃദത്തിന് തടസമായത്. ഇപ്പോഴത്തെ പ്രതിപക്ഷം ആ നിലയ്ക്ക് പോയിട്ടില്ല. കേരളത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് കാരണം യുഡിഎഫ് സര്‍ക്കാരുകളാണെന്ന് ഞങ്ങള്‍ക്ക് അവകാശപ്പെടാം. തരൂരിന്റെ ലേഖനത്തിലുള്ള ലീഗിന്റെ രാഷ്ട്രീയനിലപാട് സമയമാകുമ്പോള്‍ പറയും. താന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് വലിയമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ദുരന്തബാധിതരെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണ്. അതിനെതിരെ പ്രതികരിക്കണം. ഇന്ത്യക്കാരെ തടവുപുള്ളികളെപ്പോലെ അമേരിക്കയില്‍നിന്നെത്തിക്കുന്നത് അപമാനകരമാണ്. ഇതില്‍ അഭിമാനിക്കാനൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്നും പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു വെന്നും തരൂര്‍ പ്രതികരിച്ചു. തന്റെ നിലപാട് വികസനത്തിനും നിക്ഷേപത്തിനും വേണ്ടിയാണെന്നും വേണമെങ്കില്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാം എന്നും തരൂര്‍ പറഞ്ഞു. എന്നിരുന്നാലും താന്‍ പറഞ്ഞ നിലപാടില്‍ നിന്ന് ഒരു തരി പിന്നോട്ടില്ലെന്നും അഭിപ്രായം ഇനിയും പറയുമെന്നും തരൂര്‍ വ്യക്തമാക്കി.