- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈനിക്കും മക്കള്‍ക്കും സംഭവിച്ചത് ജിസ്മോളുടെ കാര്യത്തില്‍ ആവര്‍ത്തിച്ചില്ല; ആത്മഹത്യയിലേക്ക് തള്ളിവിട്ട ഭര്‍തൃവീട്ടുകാരുടെ ഇടവകയില്‍ സംസ്ക്കരിക്കാതെ ജിസ്‌മോള്‍ക്കും മക്കള്‍ക്കും അന്ത്യവിശ്രമം സ്വന്തം ഇടവകയില്‍; ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ഒരേ കബറില്‍ അമ്മയ്ക്കൊപ്പം പിഞ്ചുമക്കള്‍ക്കും ഉണരാത്ത ഉറക്കം; കണ്ണീര് തോരാതെ നാട്
ജിസ്‌മോള്‍ക്കും മക്കള്‍ക്കും അന്ത്യവിശ്രമം സ്വന്തം ഇടവകയില്‍
പാലാ: ഏറ്റുമാനൂര്‍ നീറിക്കാട് മീനച്ചിലാറില്‍ ചാടി ജീവനൊടുക്കിയ അമ്മയുടേയും മക്കളുടേയും സംസ്‌കാരം പൂര്‍ത്തിയായി. ദുഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് നാട് അമ്മയെയും രണ്ട് പിഞ്ചുമക്കളെയും അവസാനമായി യാത്രയാക്കിയത്. ഏറ്റുമാനൂരിലെ ഷൈനിക്കും മക്കള്‍ക്കും മരണ ശേഷം പോലും ലഭിക്കാതെ പോയ നീതി ജിസ്‌മോളുടെ കാര്യത്തില്‍ ലഭിച്ചുവെന്ന് പറയേണ്ടി വരും. കാരണം ജീവിതകാലത്ത് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഭര്‍ത്താവിന്റെ ഇടവകയില്‍ അന്ത്യവിശ്രമം കൊള്ളുന്നതിന് പകരം സ്വന്തം ഇടവകയിലെ പള്ളിയിലായിരുന്നു ജിസ്‌മോള്‍ക്കും മക്കള്‍ക്കും അന്ത്യവിശ്രമം. ജിസ്‌മോളുടെ ഇടവക പള്ളിയായ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളിയിലെ ഒരേ കബറിലാണ് മൂന്ന് പേരുടെയും സംസ്‌ക്കാരം നടന്നത്.
പാലായിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 9 മണിയോടെ നീറിക്കാട് ലൂര്‍ദ്മാതാ ക്‌നാനായ പള്ളിയിലെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. ജിസ്‌മോളുടെ ഭര്‍ത്താവിന്റെ ഇടവകയായിരുന്നു നീറിക്കാട്. ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ഭര്‍ത്താവും അടുത്ത കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചത്. ഉച്ചയോടെ മൃതദേഹങ്ങള്‍ ജിസ്‌മോളുടെ ഇടവകയായ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടിടത്തും ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വന്‍ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ അടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലായിരുന്നു ഇടവകാംഗങ്ങള്‍ മുഴുവന്‍. ഷൈനിയും മക്കളും ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നാണ് മൂന്ന് ജീവനുകള്‍ പൊലിഞ്ഞ മറ്റൊരു ദുരന്തവും.
മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായിരുന്നു ജിസ്‌മോള്‍. ജിസ്മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കി ജിസ്മോളുടെ കുടുംബം. വരും ദിവസങ്ങളില്‍ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കും. ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റുതോമസ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു.
അമ്മായിയമ്മയില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നുമാണ് അതിക്രൂരപീഡനങ്ങള്‍ ജിസ്മോള്‍ നേരിടേണ്ടി വന്നത്. പലപ്പോഴും ഇരുണ്ട നിറത്തിന്റെ പേരിലായിരുന്നു കുത്തുവാക്കുകള്‍ ജിസ്മോള്‍ കേള്‍ക്കേണ്ടി വന്നത്. ജിമ്മി ജിസ്മോളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
പലതവണ ജിസ്‌മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. ജിസ്മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്.
എന്നാല്‍ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ വീട്ടില്‍ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഭര്‍തൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ട്.
മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മുന്‍പ് ഒരിക്കല്‍ ജിസ്മോളെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുന്നതായി സഹോദരന്‍ ജിത്തുവും പറഞ്ഞു. ജിസ്‌മോള്‍ക്ക് ആവശ്യമുള്ള പണം ഭര്‍തൃവീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്‌മോളുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അച്ഛന്റേയും സഹോദരന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും കേസിലെ തുടര്‍നീക്കങ്ങള്‍.