- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുല്ലും പൂവും' കിട്ടാത്തത് മുതല്‍ തുടങ്ങിയ തിരിച്ചടി; പി വി അന്‍വറിന്റെ സഹായമില്ലാതെ നിലമ്പൂര്‍ നഗരസഭയും 7 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഒന്നിച്ച് നേടി യു.ഡി.എഫ്; അന്‍വര്‍ നേരിട്ടെത്തി പ്രചാരണം നടത്തിയ നഗരസഭാ വാര്‍ഡില്‍ സ്ഥാനാര്‍ഥിക്ക് 7 വോട്ടുമാത്രം! നിലമ്പൂരില്‍ സമ്മര്‍ദ്ദ തന്ത്രം പാളിയതോടെ ദയനീയ പതനത്തിലേക്ക്; യുഡിഎഫ് പ്രവേശനവും ത്രിശങ്കുവില്‍
പി വി അന്‍വറിന്റെ ദയനീയ പതനം
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലും തദ്ദേശ തെരഞ്ഞെടുപ്പിലും പി വി അന്‍വറിന്റെ സഹായമില്ലാതെ വിജയിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞതോടെ തൃണമൂല്‍ നേതാവിന്റെ യു.ഡി.എഫ് പ്രവേശനം ത്രിശങ്കുവിലായി. അഞ്ച് മാസം മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 19,760 വോട്ടുകള്‍ നേടി ശ്രദ്ധേയനായ പി.വി. അന്‍വര്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ അടവ് പിഴച്ച് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. യു.ഡി.എഫ്. പ്രവേശനത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സമ്മര്‍ദ്ദ തന്ത്രം പയറ്റിയ അന്‍വറിന് നിലമ്പൂര്‍ മേഖലയില്‍ ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം, നിലമ്പൂര്‍ നഗരസഭയും നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ്. തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചു.
അന്‍വറിന്റെ നീക്കം തിരിച്ചടിച്ചു
ഉപതിരഞ്ഞെടുപ്പിലെ കരുത്ത് ഉപയോഗിച്ച് യു.ഡി.എഫ്. നേതൃത്വവുമായി വിലപേശാന്‍ ശ്രമിച്ച അന്‍വറിന്റെ തന്ത്രമാണ് പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിയ അന്‍വറിനെ പിണക്കേണ്ടെന്നായിരുന്നു യു.ഡി.എഫ് സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാല്‍, സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള നിലമ്പൂരിലെ യു.ഡി.എഫ്. നേതൃത്വം അദ്ദേഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന് നിലപാടെടുത്തു.
വഴിക്കടവിലെ കനത്ത പരാജയം
ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന് 4,700 വോട്ടുകള്‍ നല്‍കിയ വഴിക്കടവ് പഞ്ചായത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ഇ.എസ്. സുകു, അദ്ദേഹത്തിന്റെ ഭാര്യ വിചിത്ര സുകു എന്നിവരുള്‍പ്പെടെ മത്സരിച്ച 8 സ്ഥാനാര്‍ത്ഥികള്‍ക്കും വിജയിക്കാനായില്ല. സുകുവിന് കേവലം 68 വോട്ടും, ഭാര്യ വിചിത്ര സുകുവിന് 91 വോട്ടും മാത്രമാണ് ലഭിച്ചത്. മൂന്നാം വാര്‍ഡ് വെണ്ടേക്കുംപൊട്ടിയില്‍ സുകുവിനും, നാലാം വാര്‍ഡ് മരുത വേങ്ങേപ്പാടത്ത് സുകുവിന്റെ ഭാര്യ വിചിത്ര സുകുവും നാലാം സ്ഥാനത്തായി. മത്സരിച്ച 8 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പോലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും കഴിഞ്ഞില്ല.
വഴിക്കടവ് പഞ്ചായത്തില്‍ 16 സീറ്റ് നേടി യു.ഡി.എഫ്. ഭരണം ഉറപ്പിച്ചു. എല്‍.ഡി.എഫിന് 8 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. അന്‍വറിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട പഞ്ചായത്തില്‍ ഒരാളെപ്പോലും വിജയിപ്പിക്കാന്‍ കഴിയാതിരുന്നത് അദ്ദേഹത്തിന് നാണക്കേടായി. വഴിക്കടവ് പഞ്ചായത്ത് പിടിക്കാനായില്ലെങ്കിലും അന്‍വറിന്റെ തട്ടകത്തില്‍ വിജയിക്കാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എം. വഴിക്കടവ് പഞ്ചായത്തില്‍ 4 സീറ്റിലെങ്കിലും വിജയിച്ച് യു.ഡി.എഫുമായി വിലപേശാമെന്ന അന്‍വറിന്റെ കണക്ക്കൂട്ടലും പിഴച്ചു. ഉപതിരഞ്ഞെടുപ്പില്‍ എം. സ്വരാജിനെ മൂന്നാം സ്ഥാനത്താക്കി അന്‍വര്‍ രണ്ടാമതെത്തിയ വഴിക്കടവ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുസ്ലീം ലീഗിനെ അട്ടിമറിച്ച് സി.പി.എം വിജയിച്ചു. ഒന്നാം ബൂത്തില്‍ ആര്യാടന്‍ ഷൗക്കത്ത് 326 വോട്ടുമായി ഒന്നാമതെത്തിയപ്പോള്‍ 153 വോട്ടുമായി രണ്ടാമതെത്തിയത് അന്‍വറായിരുന്നു. എം. സ്വരാജിന് ഇവിടെ 128 വോട്ടുമാത്രമേ നേടാനായിരുന്നുള്ളൂ.
യു.ഡി.എഫ്. തിരിച്ചുപിടിച്ച കോട്ടകള്‍
എല്‍.ഡി.എഫിനും യു.ഡി.എഫും 10 സീറ്റ് വീതമുണ്ടായിരുന്ന ചുങ്കത്തറ പഞ്ചായത്തില്‍ ഒരു സ്വതന്ത്ര അംഗത്തെ കൂറുമാറ്റിച്ചാണ് പി.വി അന്‍വര്‍ യു.ഡി.എഫിന് ഭരണം പിടിച്ചു നല്‍കിയത്. അന്‍വറിന്റെ പിന്തുണയില്ലാതെ ചുങ്കത്തറയില്‍ ഇത്തവണ 17 സീറ്റ് നേടി തകര്‍പ്പന്‍ വിജയമാണ് യു.ഡി.എഫ് നേടിയത്. എല്‍.ഡി.എഫിന് കേവലം 4 സീറ്റ് മാത്രമേ നേടാനായുള്ളൂ.
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ പി.വി. അന്‍വറും തൃണമൂല്‍ കോണ്‍ഗ്രസും ദയനീയമായി പരാജയപ്പെട്ടപ്പോള്‍, യു.ഡി.എഫ്. തകര്‍പ്പന്‍ വിജയം നേടി. നഗരസഭയിലും പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലുമുണ്ടായ യു.ഡി.എഫ്. മുന്നേറ്റം അന്‍വറിന്റെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്യുന്നതാണ്.
നിലമ്പൂര്‍ നഗരസഭ യു.ഡി.എഫ്. തിരിച്ചുപിടിച്ചു
നഗരസഭയില്‍ അന്‍വര്‍ നേരിട്ട് പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും വിജയിക്കാനായില്ല. മുമ്മുള്ളി വാര്‍ഡില്‍ അന്‍വര്‍ വിജയം ഉറപ്പെന്ന് പ്രഖ്യാപിച്ച ഷാജഹാന്‍ പാത്തിപ്പാറക്ക് കേവലം 7 വോട്ട് മാത്രമാണ് ലഭിച്ചത്. നഗരസഭയില്‍ മത്സരിച്ച 5 തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. മുന്‍ ജനതാദള്‍ കൗണ്‍സിലറായിരുന്ന ഇസ്മയില്‍ എരഞ്ഞിക്കല്‍ തൃണമൂലില്‍ ചേര്‍ന്ന് മത്സരിച്ചെങ്കിലും രക്ഷയുണ്ടായില്ല. ആകെയുള്ള 36 സീറ്റില്‍ 28 സീറ്റും നേടിയാണ് യു.ഡി.എഫ്. നഗരസഭ തിരിച്ചുപിടിച്ചത്. എല്‍.ഡി.എഫ്. 7 സീറ്റും ബി.ജെ.പി. ഒരു സീറ്റും നേടിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.
പഞ്ചായത്തുകളിലെ തൂത്തുവാരല്‍
നിലമ്പൂര്‍ നഗരസഭ കൂടാതെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും യു.ഡി.എഫ്. വന്‍ വിജയം നേടി. മൂത്തേടത്ത് മത്സരിച്ച 2 തൃണമൂല്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. യു.ഡി.എഫ്. 18-ല്‍ 17 സീറ്റും നേടി എല്‍.ഡി.എഫിനെ ഒറ്റ സീറ്റിലൊതുക്കി ചരിത്രവിജയം കുറിച്ചു. അമരമ്പലത്ത് യു.ഡി.എഫ്. അംഗത്തെ കൂറുമാറ്റി അന്‍വര്‍ എല്‍.ഡി.എഫിന് വേണ്ടി പിടിച്ചെടുത്ത അമരമ്പലം പഞ്ചായത്ത് ഇത്തവണ യു.ഡി.എഫ്. തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു. 22-ല്‍ 17 സീറ്റും യു.ഡി.എഫ്. നേടിയപ്പോള്‍ എല്‍.ഡി.എഫ്. 5 സീറ്റിലൊതുങ്ങി. (കൊല്ലം സ്വദേശിയായ മുരുഗേഷ് നരേന്ദ്രന്റെ കുടുംബത്തിന്റെ റീഗള്‍ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന പഞ്ചായത്താണിത്. ഈ എസ്റ്റേറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പി.വി. അന്‍വര്‍ പ്രതിയായിരുന്നു.)
നിലമ്പൂര്‍ ബ്ലോക്കില്‍ 15 സീറ്റില്‍ 14 ഇടത്തും വിജയിച്ച് യു.ഡി.എഫ്. ഇടതുപക്ഷത്തെ സംപൂജ്യരാക്കി. ഒരു കോണ്‍ഗ്രസ് വിമതന്‍ മാത്രമാണ് പ്രതിപക്ഷത്ത് വിജയിച്ചത്.
ഒരേയൊരു വിജയം
കരുളായി പഞ്ചായത്തില്‍ യു.ഡി.എഫ്. ധാരണയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ച സാജിത മഴക്കാറത്ത് അട്ടിമറി വിജയം നേടിയത് മാത്രമാണ് അന്‍വറിന് ആശ്വാസമായത്. എന്നാല്‍, ഈ വിജയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് യു.ഡി.എഫ്. വിട്ട് നല്‍കുന്നില്ല. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന ബോര്‍ഡ് പോലും മാറ്റിച്ച് യു.ഡി.എഫ്. സ്വതന്ത്ര എന്ന പേരിലായിരുന്നു മത്സരം. പി.വി. അന്‍വര്‍ ഇവിടെ പ്രചാരണത്തിന് എത്തേണ്ടെന്നും യു.ഡി.എഫ്. നേതൃത്വം നിലപാടെടുത്തിരുന്നു. അന്‍വര്‍ പ്രചാരണത്തിനെത്താത്ത ഇടത്താണ് വിജയമെന്ന പ്രത്യേകതയുമുണ്ട്.
അന്‍വറിനും തൃണമൂലിനും തിരിച്ചടി
തൃണമൂല്‍ കോണ്‍ഗ്രസിന് പാര്‍ട്ടി ചിഹ്നമായ 'പുല്ലും പൂവും' ലഭിക്കാത്തത് തിരിച്ചടിയായി. ചിഹ്നം അനുവദിക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് സി.ജെ. ഉണ്ണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ അനുമതി പത്രം ഹാജരാക്കാന്‍ അന്‍വറിന് കഴിഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടിങ് ശതമാനം നേടി ദേശീയ പാര്‍ട്ടി പദവി നേടാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷയും അന്‍വറിന്റെ അടവ് രാഷ്ട്രീയത്തില്‍ തകര്‍ന്നു. ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ യു.ഡി.എഫ്. പ്രവേശനത്തിന് കത്ത് നല്‍കിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിനോട് അതൃപ്തിയിലാണ്.
നേരത്തെ, നിലമ്പൂരില്‍ എം.എല്‍.എ. ആയിരുന്നപ്പോള്‍ യു.ഡി.എഫ്. അംഗങ്ങളെ കൂറുമാറ്റിച്ചാണ് അന്‍വര്‍ അമരമ്പലം, പോത്തുകല്‍, ചുങ്കത്തറ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന് വേണ്ടി പിടിച്ചെടുത്തത്. എന്നാല്‍, ഇത്തവണ അന്‍വറിന്റെ സഹായമില്ലാതെ നിലമ്പൂര്‍ നഗരസഭയും 7 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഒന്നിച്ച് നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞത് വന്‍നേട്ടം തന്നെയാണ്.




