- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'ആയുഷ്‌മാൻ വയ വന്ദന'യ്ക്ക് സംഭവിക്കുന്നതെന്ത് ?; സംസ്ഥാനത്ത് നാലുലക്ഷത്തിലധികം പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പദ്ധതി അനിശ്ചിതത്വത്തിൽ ?; സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നും അനുമതിയില്ല; കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്നും വിശദീകരണം
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയിൽ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുണ്ടായിരുന്നത്. ഇതിനോടകം നാലുലക്ഷത്തിലധികം പേർ സംസ്ഥാനത്ത് പദ്ധതിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നിൽ. പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്കു ലഭിക്കും. ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണു കേന്ദ്രം എണ്ണം നിശ്ചയിച്ചത്. ഇത്രയും പേരുടെ ചികിത്സച്ചെലവിൽ 60% കേന്ദ്രവും 40% കേരളവും വഹിക്കും.
എന്നാൽ 'ആയുഷ്‌മാൻ വയ വന്ദന കാർഡ്' പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നും ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതിനാലാണ് പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത്. അതേസമയം, വയ വന്ദന വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വ്യക്തത വരുത്തിയിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പുചുമതല സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി(എസ്.എച്ച്.എ.)ക്കാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് മാര്‍ഗനിര്‍ദേശം ലഭിച്ചാലേ പദ്ധതിയെ കുറിച്ച് തീരുമാനമെടുക്കാനാവു എന്നാണ് വിശദീകരണം. എന്നാൽ നിലവിൽ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) കാർഡ് ഉള്ള മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന്ന് ഇ.കെ.വൈ.സി (E-KYC) നടത്തേണ്ടതുണ്ട്.
ഇതോടെ നിലവിലുള്ള കാർഡിൽ നിന്നും ഒഴിവാക്കപ്പെട്ട് 'ആയുഷ്‌മാൻ വയ വന്ദന കാർഡ്' ലേക്ക് മാറുകയാണ് ചെയ്യുന്നത്. വയ വന്ദന കാർഡിലേക്ക് മാറുന്ന പൗരന്മാർക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാവുകയില്ല. നിലവിൽ കാരുണ്യ പദ്ധതിയിൽ എം പാനൽ ചെയ്തിരിക്കുന്ന ആശുപത്രികൾ ആയുഷ്മാൻ ഭാരതിന്റെയും ഭാഗമാകും.
ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കാണ് ഇതുവഴി സൗജന്യ ചികിത്സ നൽകുന്നത്. സംസ്ഥാനത്തെ 588 സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയാണ് 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സാപദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്താണ് വയ വന്ദന കാര്‍ഡ്
വിശ്രമകാലത്ത് മികച്ച ഒരു വരുമാനമാര്‍ഗം കൂടി ലഭിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. പത്ത് വര്‍ഷം മുടങ്ങാതെ പണമടച്ചാല്‍ ഈ പദ്ധതി വഴി 7.40 % വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. 60 വയസ് കഴിഞ്ഞാലാണ് പെന്‍ഷന്‍ തുക ലഭിച്ച് തുടങ്ങുക. 15 ലക്ഷം രൂപ വരെയാണ് നിക്ഷേപ പദ്ധതി. മികച്ച പലിശ വാഗ്ദാനം ചെയ്തിരുന്ന ഒരു റിട്ടയര്‍മെന്റ് പദ്ധതികൂടിയാണിത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയെ ആശ്രയിക്കാം. പദ്ധതിയില്‍ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ, 2020 മാര്‍ച്ച് 31നായിരുന്നു പദ്ധതിയുടെ അവസാന തിയതി. പെന്‍ഷന്‍ തുക വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കില്‍ മാസംതോറുമോ നിക്ഷേപകര്‍ക്ക് ലഭിക്കും.
അടയ്ക്കുന്ന തുക അനുസരിച്ച് 1000 മുതല്‍ 9,250 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. നിക്ഷേപ പദ്ധതിയില്‍ പരമാവധി നിക്ഷേപിയ്ക്കാവുന്ന തുക 7.5 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് പ്രതിമാസ പെന്‍ഷന്‍ തുക ഇരട്ടിയാകാന്‍ സഹായകരമാകും. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഒരാള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.
പത്ത് വര്‍ഷ കാലാവധിയിലുള്ള പദ്ധതിയില്‍ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും. അതേസമയം, നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തുകയുടെ 75 ശതമാനം വായ്പയെടുക്കാന്‍ സാധിക്കും. പലിശ നിരക്ക് ഓരോ വര്‍ഷവും പുതുക്കി നിശ്ചയിക്കും. സമാനമായി പോളിസി ഉടമയ്‌ക്കോ ജീവിത പങ്കാളിയ്‌ക്കോ മാരകമായ രോഗങ്ങള്‍ ഉണ്ടായാല്‍ തുകയുടെ 98 ശതമാനം സറണ്ടര്‍ ചെയ്യാനാകും.