ലണ്ടന്‍: മരണമടഞ്ഞ എലിസബത്ത് രാജ്ഞിയെ കുറിച്ച്, അത്യന്തം ആഴത്തില്‍ നടത്തിയ ഗവേഷണത്തിനൊടുവില്‍ ഹ്യൂഗോ വിക്കേഴ്‌സ് എഴുതിയ പുസ്തകം ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഡയാനയുമായി വിവാഹബന്ധം നിലനില്‍ക്കവെ തന്നെ മുന്‍ കാമുകി കാമില പാര്‍ക്കറുമായി ചാള്‍സ് പുലര്‍ത്തി വന്ന ബന്ധമായിരുന്നു വിവാഹം തകരാന്‍ കാരണമെന്ന് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഇത് തെറ്റാണെന്ന് പറയുകയാണ് വിക്കേഴ്‌സ്. 1972 മുതല്‍ തന്നെ ചാള്‍സും കാമിലയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് വിക്കേഴ്‌സ് പറയുന്നത്. പിന്നീട് നേവിയില്‍ സേവനമനുഷ്ഠിക്കുന്നതിനായി ചാള്‍സ് എട്ട് മാസത്തോളം സമുദ്രയാത്രയ്ക്ക് പോയ സമയത്തായിരുന്നു കാമിലയുമായി നേരത്തേ തന്നെ ബന്ധമുണ്ടായിരുന്ന മേജര്‍ ആന്‍ഡ്രു പാര്‍ക്കര്‍ ബോവല്‍സിനെ അവര്‍ വിവാഹം കഴിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.

അതിനിടയിലാണ് ഡയാനയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ വിക്കേഴ്‌സ് നടത്തുന്നത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ ഡയാന ആഗ്രഹിച്ചത് തന്റെ ബാല്യകാല സുഹൃത്തായ ആന്‍ഡ്രു രാജകുമാരനെ വിവാഹം കഴിക്കണം എന്നായിരുന്നത്രെ. അന്ന് ഡയാനയ്ക്ക് ചാള്‍സിനെ വലിയ പരിചയമൊന്നും ഇല്ലായിരുന്നു. മാത്രമല്ല, ഇവരുടെ വിവാഹ നിശ്ചയം കഴിയുന്നത് വരെ ഡയാന ചാള്‍സിനെ സര്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നും അതില്‍ പറയുന്നു. ചാള്‍സുമായുള്ള വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ ഡയാനയെ കുറിച്ച് അറിയാവുന്ന, നോര്‍ഫോക്കിലെ ചിലര്‍ ഈ ബന്ധം തകരുമെന്ന് പറഞ്ഞതായും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഹാരിയുടെ ജനനശേഷം ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നത്രെ. ആരോഗ്യപരമായ അവശതകള്‍ അനുഭവിക്കുന്ന ഡയാനയ്ക്ക് ഏറെ ആവശ്യമായ സഹാനുഭൂതി നല്‍കിയത് അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ ബാരി മന്നക്കീ എന്ന 37 കാരനായിരുന്നു എന്ന് വിക്കേഴ്‌സ് പറയുന്നു. ക്രമേണ അവരുടെ ബന്ധം കൂടുതല്‍ ശക്തമാവുകയായിരുന്നു ബാരിയുടെ സാന്നിദ്ധ്യത്തില്‍ ഡയാനയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ സത്യം അറിയുവാനായി ഡയാനയോട് തന്നെ കാര്യങ്ങള്‍ നേരിട്ടു ചോദിച്ചു. ആദ്യമൊക്കെ നിഷേധിച്ചെങ്കിലും ബാരിയുമായുള്ള അടുപ്പം ഡയാന തുറന്നു സമ്മതിച്ചു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ഇത് കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും എന്ന ആശങ്കയുണ്ടായിരുന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ബാരിയെ റോയല്‍ ഡ്യൂട്ടിയില്‍ നിന്നും സ്ഥലം മാറ്റുകയായിരുന്നു. ഇക്കാര്യം ബാരി തന്നെ ഡയാനയെ ഫോണിലൂടെ അറിയിച്ചപ്പോള്‍ ഡയാന ദുഃഖിതയായി എന്ന് വിക്കേഴ്‌സ് പറയുന്നു. ഡയാനയില്‍ വന്ന ഭാവമാറ്റത്തെ കുറിച്ച് ചാള്‍സ് അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴായിരുന്നു ബാരിയെ സ്ഥലം മാറ്റിയതാണ് അതിന് കാരണമെന്ന് മനസ്സിലാകുന്നത്. അയാളെ തിരികെ വിളിക്കാന്‍ ചാള്‍സ് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ വിഭാഗം മേധാവി അത് നിരാകരിച്ചു.

സ്ഥലം മാറ്റിയെങ്കിലും പിന്നീട് കുറച്ചുകാലം കൂടി അവര്‍ തമ്മിലുള്ള ബന്ധം നിലനിന്നിരുന്നുവെന്ന് വിക്കേഴ്‌സ് എഴുതുന്നു. പിന്നീട് കൂടിക്കാഴ്ച്ചകളിലെ സങ്കീര്‍ണ്ണതകള്‍ മൂലം അത് നിലച്ചു. ഈ വിവരം അറിഞ്ഞതാണ് ചാള്‍സും ഡയാനയുമായുള്ള വിവാഹബന്ധം തകരാന്‍ ഇടവരുത്തിയത്. ഈ സംഭവത്തിനു ശേഷമാണ് ചാള്‍സ് കാമിലയുമായി വീണ്ടും അടുക്കുന്നതെന്നും വിക്കേഴ്‌സ് എഴുതുന്നു. ഈ ബാരിയാണ് രാജദമ്പതികളുടെ വിവാഹം തകരാന്‍ കാരണമായതെന്നും, അല്ലാതെ കാമിലയല്ല അതിനു കാരണമെന്നുമാണ് വിക്കേഴ്‌സ് പറഞ്ഞുവയ്ക്കുന്നത്. പിന്നീട് 1987 മെയ് 15 ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന ബൈക്കിനു പുറകിലിരുന്ന് സഞ്ചരിക്കുമ്പോള്‍, കിഴക്കന്‍ ലണ്ടനിലെ വുഡ്‌ഫോര്‍ഡില്‍ വെച്ച് ഒരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബാരി മരണമടഞ്ഞു.