ബ്യൂനസ് ഐറിസ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെയും പ്രത്യേകിച്ച് അര്‍ജന്റീനക്കാരുടെയും അഭിമാനമായ ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 12 വര്‍ഷമായിട്ടും തന്റെ ജന്മദേശമായ അര്‍ജന്റീനയെ സന്ദര്‍ശിക്കാത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

2013-ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അര്‍ജന്റീനയില്‍ ആഘോഷം ലോകകപ്പ് ഫുട്‌ബോളിന് സമാനമായിരുന്നു. പക്ഷേ, ആ ആവേശം അധിക നാള്‍ നീണ്ട് നിന്നില്ല. കാലങ്ങള്‍ കഴിഞ്ഞ് പോകവേ, ജനങ്ങള്‍ക്കിടയില്‍ പാപ്പയുടെ ജനപ്രീതി കുറയുകയും ചെയ്തു. പ്യൂ റിസര്‍ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2014-ല്‍ അദ്ദേഹത്തെ ആരാധിച്ച 91% അര്‍ജന്റീനക്കാര്‍ 2024-ല്‍ 64% ആയും കുറഞ്ഞു.

വിഭാഗീയ രാഷ്ട്രീയവും അതോടുള്ള പാപ്പയുടെ വിമുഖതയും ആണ് അദ്ദേഹത്തെ നാട്ടില്‍നിന്ന് അകറ്റിയതെന്നു പലരും വിശ്വസിക്കുന്നു. ബ്യൂനസ് ഐറിസില്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കാലത്ത് തന്നെ രാഷ്ട്രീയനേതാക്കളുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. നെസ്റ്റ് കിര്‍ച്ചനറും ക്രിസ്റ്റീനയും കാണിച്ച ഏകാധിപത്യസ്വഭാവങ്ങള്‍ക്കെതിരെ അദ്ദേഹം തുറന്ന നിലപാട് എടുത്തിരുന്നു. മാര്‍പാപ്പ അര്‍ജന്റീനയിലെത്താത്തതില്‍ പലരും അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.

2016-ല്‍ അന്നത്തെ പ്രസിഡന്റ് മൊറീഷ്യോ മക്രിയുമായി പാപ്പ എടുത്തൊരു ഫോട്ടോയില്‍ പോലും അദ്ദേഹത്തിന്റെ മുഖത്ത് അതൃപ്തി തെളിഞ്ഞതായും അഭിപ്രായങ്ങളുണ്ട്. ഫുട്ബോളിനെയും ടാംഗോയിനെയും സ്‌നേഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജന്മദേശത്തെ ഇങ്ങനെ ദൂരെയാക്കിയതില്‍ ഇന്നും അര്‍ജന്റീനക്കാര്‍ ആലോചനയിലാണ് 'എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത്?'